Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു കൈക്കരുത്തിൽ നിവിൻ പോളി

nivin-pauly-batting

ഇന്ന് ഇടതു കയ്യന്മാരുടെ ദിനം. ഇടതു കൈക്കരുത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടൻ നിവിൻ പോളി.

ഇടതു കയ്യനാവുക എന്നത് ഒരു പ്രിവിലിജ് ആണ്. ഞാൻ ഇടതു കയ്യനാണ് എന്നു തിരിച്ചറിഞ്ഞത് എപ്പോഴാണെന്ന് ഒരു പിടിയുമില്ല. കാരണം ഇടതായാലും വലതായാലും നമ്മൾ കൈ ഉപയോഗിക്കുന്നത് വളരെ സ്വാഭാവികമായാണല്ലോ. സ്കൂളിൽ പഠിക്കുമ്പോഴാവും മറ്റു കുട്ടികളിൽനിന്നുള്ള ആ ‘വ്യത്യാസം’ ശ്രദ്ധിച്ചിട്ടുണ്ടാവുക. വീട്ടുകാർ ഒരുപക്ഷേ അതിനു മുൻപേ അറിഞ്ഞിരിക്കണം. അത്യാവശ്യം ചില കളിയാക്കലുകളൊക്കെ അന്നു കേൾക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഓർമ.

കോളജിലെത്തിയപ്പോൾ ഇടതു കൈ ഗ്ലാമർ അടയാളമായി. സിനിമയിൽ ‘മലർവാടി ആർട്സ് ക്ലബി’ൽ ആ കൂട്ടുകാരനെ തല്ലുന്ന സീനിലാവണം എന്റെ ഇടതു കൈ പ്രയോഗം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നെ ‘1983’–ൽ ബാറ്റിങ് മുഴുവൻ ഇടതുകൈ കൊണ്ടാണല്ലോ. ‘പ്രേമ’ത്തിന്റെ ആദ്യസീനിൽ മേരിക്ക് ജോർജ് പ്രേമലേഖനമെഴുതുന്നത് ഇടതുകൈ കൊണ്ടാണ്. കോളജിലെ ആ പ്യൂണിനെ തല്ലുന്നതും. ഒടുവിൽ അൽഫോൻസ് പുത്രൻ അഭിനയിച്ച കഥാപാത്രത്തിനെ തല്ലുമ്പോഴും ‘പ്രതി’ ഇടതു കൈ തന്നെ! സിനിമയിൽ ഇടതുകയ്യനാകുന്നതു കൊണ്ട് അതു വച്ചു ചെയ്യുന്ന കാര്യങ്ങൾക്കു പെട്ടെന്നു ശ്രദ്ധ കിട്ടുമെന്നു തോന്നിയിട്ടുണ്ട്.

പലപ്പോഴും ഇടതു കൈകൊണ്ട് എഴുതുകയും മറ്റും ചെയ്യുന്ന കുട്ടികളെ വഴക്കുപറഞ്ഞും തല്ലിയുമൊക്കെ വലതു കൈക്കാരാക്കി മാറ്റുന്ന പ്രവണതയുണ്ട്. അത് ഒട്ടും ശരിയല്ല, നിങ്ങളുടെ കുട്ടികൾ ഇടതന്മാരാണെങ്കിൽ അത് അങ്ങനെത്തന്നെ തുടരട്ടെ. അവരുടെ സ്വാഭാവികമായ രീതിയാണത്. സച്ചിൻ തെൻഡുൽക്കറുടെ കാര്യം നോക്കൂ. വലതു കൈ കൊണ്ടാണു ബാറ്റിങ്ങെങ്കിലും എഴുത്തുൾപ്പെടെ എല്ലാത്തിനും ഇടതു കൈയാണു സച്ചിൻ ഉപയോഗിക്കുന്നത്. സോ, ഇടതു കയ്യന്മാർ ഇടതുകയ്യന്മാരായിരിക്കട്ടെ, മിടുക്കരാകട്ടെ!

നിങ്ങളും ഇടതുകയ്യനാണോ? എങ്കിൽ അതുമൂലം ഉണ്ടായ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കൂ..