Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യമായി ആഘോഷിക്കാം

thrissur-SHOPPING-

നമുക്ക് ഒരു ഓണമുണ്ടെന്നും എല്ലാം മറന്ന് അത് ആഘോഷിക്കേണ്ടതുണ്ടെന്നും നമ്മളോട് പറയുന്നത് ആരാണ്...?മാവേലി, ഊഞ്ഞാൽ, പൂക്കളം, ചുണ്ടൻവള്ളം, ഓണത്തപ്പൻ തുടങ്ങിയ നാട്ടുനന്മയുടെ സ്‌മൃതിചിത്രങ്ങൾ ഇന്നും പൊടിപിടിക്കാതെ പൊന്നുപോലെ കൊണ്ടുനടക്കുന്നതാരാണ്....? പിന്നിലുള്ള താൽപര്യങ്ങൾ എന്തുതന്നെയായാലും ഓണം ഒരു വൈകാരിക താളമായി മലയാളിയിൽ യഥാസമയം നിറച്ചുവയ്‌ക്കുന്നു വിപണി. തിരക്കുകളും മൊബൈൽഫോണും മാത്രമുള്ള പ്രഫഷനൽ ജീവിതങ്ങളെ ഒത്തുചേരലിന്റെയും ആഘോഷങ്ങളുടെയും സ്‌നേഹക്കളങ്ങളിൽ കോർത്തുവയ്‌ക്കുന്നു. സത്യത്തിൽ ഓണമായെന്ന്, കേരളം ഓർത്തുതുടങ്ങുന്നതു തന്നെ ജൂലൈ അവസാനം വന്നുതുടങ്ങുന്ന പരസ്യങ്ങളിലൂടെയാണ്.

തിരക്കിന്റെ പുതിയ കാലത്ത് ഓരോ ഓണപ്പരസ്യവും പലർക്കും ചില ഓർമപ്പെടുത്തൽ കൂടിയാകുന്നു. ലക്ഷ്യം വയ്‌ക്കുന്ന പ്രേക്ഷകന്റെ ജീവിത നിലവാരത്തിന് അനുസരിച്ച് മറ്റു സീസണുകളിൽ ഡിസൈനുകൾ തീരുമാനിക്കുന്ന പരസ്യക്കാർ ഓണമാകുമ്പോൾ ഒരേ കുടക്കീഴിൽ അണിനിരക്കുന്നു. കോടികൾ വിലയുള്ള ആഡംബരക്കാറിനും ഒന്നോ രണ്ടോ രൂപയുടെ ചോക്ലേറ്റിനും പൂക്കളും പൂത്തുമ്പിയും നിറയുന്ന പരസ്യങ്ങൾ മാത്രം. ഗൃഹാതുരത്വം ഏറെയുള്ള മലയാളിക്ക് ഇത് അവഗണിക്കാനാവില്ല. അതിലെ ഓരോരോ പൂവും ബാല്യത്തിന്റെ തൊടിയിൽനിന്നു നമ്മൾ ഇറുത്തെടുത്തിട്ടുള്ളതാണ്, ഓരോ പൂത്തുമ്പിക്കു പിന്നാലെയും നമ്മൾ അലഞ്ഞിട്ടുള്ളതാണ്.

പരസ്യമായി അടിക്കുന്ന അലാം

ബെംഗളൂരുവിൽ ഒരു രാജ്യാന്തര കെമിക്കൽ ലാബിന്റെ ബ്രാഞ്ചിൽ ശാസ്ത്രജ്ഞനാണ് അഖിൽ വിശ്വനാഥ്. എല്ലാ വർഷവും കുടുംബത്തോടൊപ്പം നാട്ടിൽ ഓണം ഉണ്ണണമെന്ന് ആഗ്രഹിക്കുന്ന ശരാശരി മലയാളി. ഓണം അടുക്കുമ്പോൾ ബെംഗളൂരുവിൽ നിന്ന് യാത്രാപ്രശ്‌നം രൂക്ഷമാകുന്നതിനാൽ മിക്കവാറും യാത്ര കുളമാകാറാണ് പതിവ്. എന്നാൽ ഈ വർഷം തികച്ചും യാദൃശ്ചികമായി അഖിൽ ഒരു കാര്യം ചെയ്‌തു. ജൂലൈ രണ്ടാമത്തെ ആഴ്‌ചയോ മറ്റോ ആയിരുന്നു അത്. മുടിവെട്ടാൻ പോയ ബാർബർ ഷോപ്പിൽ പത്രം മറിച്ചിരിക്കുമ്പോൾ ഒരു വൻകിട ഗൃഹോപകരണ ബ്രാൻഡ് ഓണം ഓഫറുകൾ തുടങ്ങി എന്ന പരസ്യം കണ്ടു. ഓണം ഓഗസ്‌റ്റിൽ ആണെന്ന് അറിയാമെങ്കിലും ഇത്ര അടുത്തെത്തിയെന്ന് അഖിൽ തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ മൊബൈലിൽ തനിക്കും ഭാര്യക്കും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌തു. പരസ്യങ്ങൾ ഒരു അലാം കൂടിയാണെന്ന് അഖിൽ അതുവരെ ചിന്തിച്ചിട്ടില്ല.

വാർത്തകൾക്കിടയിലെ രസംകൊല്ലിയെന്ന് ഇനി പരസ്യങ്ങളെക്കുറിച്ച് പറയില്ലെന്നു മനസ്സിലുറപ്പിച്ചാണ് അഖിൽ ബാർബർ ഷോപ്പിൽ നിന്നിറങ്ങിയത്. കൊലപാതകം, അഴിമതി, മാനഭംഗം തുടങ്ങിയ മനംമടുപ്പിക്കുന്ന വാർത്തകൾക്കിടയിൽ പരസ്യങ്ങൾ തന്നെയാണ് മനസ്സിന് സന്തോഷമെന്നും തമാശയായി ഒരു ആധികാരിക നിരൂപണം നടത്തുകയും ചെയ്‌തു അഖിലിന്റെ ഭാര്യ ഷെമി അഗസ്റ്റിൻ. മുംബൈയിൽ ഒരു ഷിപ്പിങ് കമ്പനിയിൽ ഉദ്യോഗസ്ഥയാണ് സൈന ഫാത്തിമ. ഭർത്താവ് ജർമൻ പൗരനാണ്. അതേ കമ്പനിയിലെ തന്നെ ഉദ്യോഗസ്ഥൻ. സൈന നാട്ടിലേക്ക് പതിവായിട്ടൊന്നും വരാറില്ല. പ്രേമ വിവാഹമായതിനാൽ വീട്ടുകാരുടെ എതിർപ്പു തന്നെ കാരണം. എന്നാൽ ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ സൈനയും ഭർത്താവും ആലപ്പുഴയിൽ എത്തിയിരുന്നു. ഭർത്താവിന്റെ നിർബന്ധമായിരുന്നു അതിനു പിന്നിൽ.

വീട്ടിൽ സൈന വരുത്തുന്ന മലയാളം മാഗസിനുകൾ ഭാഷ അറിയില്ലെങ്കിലും ഭർത്താവ് മറിച്ചുനോക്കുക പതിവാണ്. അങ്ങനെ ഓണത്തിന് മുന്നോടിയായുള്ള, ഒരു ടാൽകം പൗഡർ ബ്രാൻഡിന്റെ പരസ്യത്തിലാണ് കൗതുകകരമായ ചുണ്ടൻവള്ളം അദ്ദേഹം കണ്ടെടുക്കുന്നത്. അതേപ്പറ്റി ചോദിച്ചപ്പോൾ ഓണക്കാലത്തെ വള്ളംകളികളെ പറ്റി സൈന വിവരിച്ചു. ഗൃഹാതുരത്വം തുളുമ്പിപ്പോയതിനാൽ ഗംഭീര പ്രഭാഷണം തന്നെയാണ് അന്നു നടത്തിയതെന്നു പറയുന്നു സൈന. അതോടെ ഭർത്താവിന് വള്ളംകളി കണ്ടേപറ്റൂ എന്നായി. വർഷങ്ങൾ കൂടി ഒരു ഓണക്കാലത്ത് നാട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് സൈന വള്ളംകളി കണ്ട് മുംബൈക്കു മടങ്ങിയത്. പൗഡർ ഉപയോഗിക്കാറില്ലെങ്കിലും വള്ളംകളി കാണാൻ കാരണമായ ആ ബ്രാൻഡിനോട് തനിക്ക് ഇപ്പോൾ കുറച്ച് ഇഷ്ടം കൂടുതലാണെന്ന് ഓർമകൾ നിറയുന്ന കണ്ണുകളോടെ സൈന പറഞ്ഞു നിർത്തുന്നു.

മാവേലി മോഡൽ പരസ്യങ്ങൾ

മാവേലി, ചുണ്ടൻവള്ളം, പൂക്കളം, ഊഞ്ഞാൽ, ഓണത്തപ്പൻ തുടങ്ങിയ നമ്മുടെ സ്വന്തം ഓർമബിംബങ്ങളെ നിറം മങ്ങാതെയും പരിഷ്‌കരിച്ചും കൊണ്ടുനടക്കുന്നതിൽ പരസ്യങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ആഗോളഗ്രാമമെന്ന സങ്കൽപത്തിൽ നമ്മുടെ തനത് വ്യക്തിത്വത്തെ വേറിട്ടുനിർത്തുന്നത് ഇവയൊക്കെയാണല്ലോ.

ഓണക്കാലം ഉപയോഗിക്കുന്നത് മാവേലിയുടെ ചിത്രമാണ്. കുടവയറനും കൊമ്പൻ മീശക്കാരനുമായ ഓലക്കുട ചൂടിയ മാവേലിയെ ഐതിഹ്യങ്ങളിൽ നിന്നു തെല്ലു വ്യത്യസ്‌തമായാണ് പരസ്യങ്ങൾ അവതരിപ്പിക്കാറ്. മാവേലിക്ക് ഒരു മോഡലിന്റേതു പോലെയുള്ള അംഗവിക്ഷേപങ്ങൾ കൽപിച്ചുനൽകുന്നു. പരസ്യങ്ങളിൽ മാവേലി ഏതു രൂപത്തിൽ പ്രത്യക്ഷപ്പെട്ടാലും ഒരു മൗലികവാദിയും പ്രശ്‌നങ്ങളുമായി വരാറില്ലെന്നത് അദ്ദേഹത്തിന്റെ ജാതിമതഭേദമന്യേയുള്ള ജനകീയത ഊട്ടിയുറപ്പിക്കുകയാണ്.

വാഹനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ പരസ്യത്തിലാണ് മാവേലി കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. ഉൽപന്നത്തിലേക്ക് കൈ ചൂണ്ടിയ നിലയിലായിരിക്കും മാവേലിയുടെ നിൽപ്. ഒരേ രൂപമല്ല പലതിലും മാവേലിക്ക്. ഓലക്കുട ഇടതു തോളിലും വലതു തോളിലും മാറിമാറിക്കാണാം. ഉൽപന്നങ്ങളുടെ ഓഫറുകളിൽ അൽഭുതപ്പെട്ടുനിൽക്കുന്ന മുഖഭാവമാണ് പലതിലും അദ്ദേഹത്തിന്. തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ മാവേലിയെ വീട്ടിലേക്കു കൊണ്ടുപോകൂ എന്നാണ് പരസ്യക്കാർ പറയുന്നത്. വില തീരെയില്ലാത്ത തീപ്പെട്ടിയായാലും വില ഏറെയുള്ള സ്വർണമായാലും കിട്ടുന്നത് ഒരേ മാവേലിയുടെ സമൃദ്ധി തന്നെ.

ഭക്ഷ്യസാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയുടെ പരസ്യങ്ങളിൽ മാവേലിയേക്കാളേറെ പൂക്കളങ്ങളാണ് പ്രത്യക്ഷപ്പെടാറ്. ദൃശ്യസമ്പന്നമായ പൂക്കളമായിരിക്കും ഇവയിൽ. കഴിഞ്ഞ രണ്ടു വർഷമായി കോളജിലെ പൂക്കള മൽസരത്തിന് പരസ്യങ്ങൾ നോക്കിയാണ് മാതൃക വരയ്ക്കാറെന്നു പറയുന്നു ചെന്നൈയിൽ വിദ്യാർഥിയായ ആഷ്‌ലിൻ തോമസ്. ഉന്നതനിലവാരത്തിൽ ചിത്രീകരിക്കുന്നവയാണ് പരസ്യങ്ങൾ എന്നതിനാൽ പൂക്കളങ്ങൾക്കും ആ മേന്മയുണ്ടാകുമെന്ന് ഉറപ്പാണ്.

എല്ലാ ഓണപ്പരസ്യങ്ങളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്ന മറ്റു ബിംബങ്ങളാണ് ചുണ്ടൻവള്ളവും പുലികളിയും. രൗദ്രഭാവം അൽപം കൂടുതലായതിനാൽ പുലികളിയുടെ സാന്നിധ്യം പരസ്യങ്ങൾ കുറച്ചുമാത്രമാണ് ഉപയോഗപ്പെടുത്താറ്. കഥകളിയുടെ പച്ചകുത്തിയ മുഖം, നൃത്തമുദ്രകൾ തുടങ്ങി ഓണവുമായി അങ്ങനെ നേരിട്ട് ബന്ധമില്ലാത്ത ബിംബങ്ങളും ഓണപ്പരസ്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ഓണവുമായി അഭേദ്യമായ ബന്ധമുണ്ടെങ്കിലും ഓണപ്പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാത്ത ഒരാൾ വാമനൻ മാത്രമായിരിക്കും. അതു മലയാളിയുടെ മനഃശാസ്‌ത്രവുമായി ചേർത്തുവച്ചു പഠിക്കേണ്ട വസ്‌തുതയാണ്.

ആനന്ദവും ആമോദവും മാത്രം

ഓണം ഏറ്റവും ആദ്യം ആഘോഷിക്കാൻ തുടങ്ങുന്നത് പരസ്യ കലാകാരന്മാരാണ്. ഏപ്രിൽ മുതൽ ഓണപ്പരസ്യങ്ങളുടെ ജോലി അവർ തുടങ്ങിയിരിക്കും. സാധാരണ സമയത്തേക്കാൾ 75 ശതമാനം അധിക പ്രവർത്തനമാണ് ഓണക്കാലത്ത് പരസ്യ ഏജൻസികൾ ചെയ്യുന്നത്. ടെലിവിഷനിലേക്കുള്ള സാധാരണ പരസ്യങ്ങൾ വർഷത്തിൽ ഏതു സമയത്ത് ചിത്രീകരിച്ചാലും, ഒപ്പം ഓണത്തിന് പ്രത്യേകമായി ഒരു ഭാഗം ചിത്രീകരിക്കുന്നതാണ് പതിവ്. അതിനാൽ ഓണക്കാലത്ത് അവർക്ക് അത്ര തിരക്ക് അനുഭവപ്പെടാറില്ല. പത്ര പരസ്യങ്ങളാണ് ഈ സീസണിൽ ഏറ്റവും അധികം സൃഷ്ടിക്കപ്പെടുന്നത്.സിനിമയും നാടകവും അടക്കം മറ്റ് ഏതു കലാരൂപത്തിലും സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങൾ മാറിമാറിവരുന്നുണ്ട്. എന്നാൽ പരസ്യങ്ങളിൽ ആഹ്ലാദങ്ങളുടെ ഉൽസവം മാത്രമേയുള്ളൂവെന്നു പറയുന്നു ചെന്നൈയിൽ കോപ്പിറൈറ്ററായ സി.ആർ.വിവേക്. ഓണമാകുമ്പോൾ അത് ഇരട്ടിയാകുമെന്നു മാത്രം.

കേരളത്തിൽ ബ്രാഞ്ചുകളില്ലാത്ത തുണിക്കടകളും ജ്വല്ലറികളും വരെ മലയാളികൾ അധികമുള്ള നഗരങ്ങളിൽ ഓണക്കാല പരസ്യങ്ങൾ ചെയ്യുന്നതും പതിവായിട്ടുണ്ട്. കേരളത്തിന്റെ ഓണക്കാല പരസ്യ വിപണിയിൽ 70ശതമാനവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തുണിത്തരങ്ങളും പകുത്തെടുത്തിരിക്കുന്നു. ബാക്കി 30 ശതമാനമാണ് മറ്റുള്ളവയുടെ വിഹിതം. മാരുതി പോലൊരു കാർനിർമാണ ഭീമൻ കേരളം ലക്ഷ്യമിട്ട് ഈ വർഷം ഓണം സ്‌പെഷൽ ആൾട്ടോ കാർ ഇറക്കി വിസ്‌മയം തീർക്കുമ്പോൾ, ഓണം ഇനിയുള്ള വർഷവും ജ്വലിക്കും എന്നുതന്നെയാണ് സാരം. കൂടുതൽ രാജ്യാന്തര, ദേശീയ വ്യവസായ ഭീമന്മാർ ഇതിനോടു മൽസരിക്കാനെത്തുമെന്നും ഉറപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.