Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കണ്ണടയ്ക്കുണ്ടല്ലോ, ഭയങ്കര അർഥാ...!!!

Glass സാൻഫ്രാൻസിസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർടില്‍ ടിജെ ഖേയാഥൻ വച്ച കണ്ണട

‘ഈയുരുണ്ട ഭൂഗോളത്തിന്റെ ആകെത്തുകയിൽ പരന്നുകിടക്കുന്ന കാഴ്ചാസംവിധാനങ്ങളുടെ നേരെ തുറന്നുവച്ച രണ്ട് ചില്ലുപാളികൾ..’
ദൈവമേ, അതെന്തു സാധനം?
‘അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ അവർ നടന്നകന്നു’ എന്നു കേൾക്കുന്ന പോലുണ്ട്. സംഗതി അവർ രണ്ടു പേരും കൂടെ ചുമ്മാ ജോളിയടിച്ച് നടന്നു പോയി എന്നേയുള്ളൂ. പക്ഷേ ‘ബോയിങ് ബോയിങ്ങി’ൽ ഒ.പി.ഒളശ്ശ തന്റെ ബോംബ് കഥയൊന്നു മാറ്റിപ്പിടിച്ചപ്പോൾ അതിന്റെ അർഥതലങ്ങു മാറിമറഞ്ഞു പോവുകയായിരുന്നു. കഥ കേട്ട ശങ്കരാടിക്കൊന്നും മനസിലായതുമില്ല.
ഇതേപോലൊരു സംഭവം അടുത്തിടെ സാൻഫ്രാൻസിസ്കോയിലും നടന്നു. സംഗതി വെറുമൊരു കണ്ണടയാണ്. അതുപക്ഷേ മേശപ്പുറത്തിരിക്കുമ്പോൾ കണ്ണടയാണെന്നു തോന്നും, എന്നാൽ ഒരു ആർട് മ്യൂസിയത്തിലാണെങ്കിലോ? കാണാനെത്തുന്നവർ ആ പാവം കണ്ണടയ്ക്ക് പുതിയ അർഥതലങ്ങൾ സൃഷ്ടിക്കും. അതിനെ ഒരു ‘പോസ്റ്റ് മോഡേൺ’ ആർടായി സങ്കൽപിച്ച് ‘മാസ്റ്റർ പീസ്’ ആക്കും. ശിൽപ-ചിത്രകലാ രംഗത്തെ എല്ലാ ‘മാസ്റ്റേഴ്സി’നോടുമുള്ള ബഹുമാനം മനസ്സിൽ വച്ചുകൊണ്ടു തന്നെ സാൻഫ്രാൻസിസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർടിലാണ് ഒരു വിദ്യാർഥി ഇങ്ങനെയൊരു പറ്റിക്കൽ നടത്തിയത്.

Glass സാൻഫ്രാൻസിസ്കോ മ്യൂസിയം ഓഫ് മോഡേൺ ആർടില്‍ ടിജെ ഖേയാഥൻ വച്ച കണ്ണട

ഒരു പതിനേഴുകാരനും കൂട്ടുകാരും മ്യൂസിയമാകെ നടന്നു കാണുകയായിരുന്നു. പ്രദർശനത്തിനുള്ളവയിൽ ഏറെയും ഉന്നത നിലവാരം പുലർത്തുന്ന കലാസൃഷ്ടികൾ. പക്ഷേ ഇടയ്ക്ക് ചിലത് ഒന്നും മനസിലാകുന്നില്ല. വെറും തട്ടിപ്പ് സംഗതികളെപ്പോലെയുണ്ട്. അവിടെ വന്നവരോടും ഇതിനെപ്പറ്റി ചോദിച്ചു-പലർക്കും അതേ അഭിപ്രായം തന്നെ. അതോടെ പയ്യൻസ് ഒരു പണിയൊപ്പിച്ചു. കയ്യിലുണ്ടായിരുന്ന കണ്ണടയെടുത്ത് മ്യൂസിയത്തിന്റെ ഒരു മൂലയ്ക്ക് കൊണ്ടു പോയി വച്ചു. പിന്നെയതിനെ കൈയ്യും കെട്ടി നോക്കി നിന്നു. തൊട്ടുപിറകെ ഒരാളെത്തി, കക്ഷി കണ്ണടയെ ആകെ മൊത്തമൊന്നു നോക്കി. തൊട്ടുപിറകെ വന്നയാൾ അതിന്റെ ഫോട്ടോയെടുത്തു. പിന്നെയെത്തിയവർ ‘കണ്ണട’യുടെ ‘അർഥാന്തരങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി. സംഗതി ചർച്ചയായി, ബഹളമായി ആകെ രസമയം.

ഇതെല്ലാം ഒപ്പിച്ച ആ പയ്യനാകട്ടെ ടിജെ ഖേയാഥൻ (TJ Khayatan) എന്ന പേരിലുള്ള തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. തൊട്ടുപിറകെ സംഗതി വൈറലായി. അരലക്ഷത്തോളം പേരാണ് ഒരു ദിവസം കൊണ്ട് അത് റീട്വീറ്റ് ചെയ്തത്. ‘ട്വിറ്റർ മൊമെന്റി’ലും സംഗതി ലിസ്റ്റ് ചെയ്യപ്പെട്ടു. തമാശയ്ക്കായി ചെയ്തതാണെങ്കിലും ഇത് വാർത്തയും ചർച്ചയുമായി. മ്യൂസിയത്തിലാണെങ്കിലും അല്ലെങ്കിലും കാണുന്ന എല്ലാറ്റിലും ‘ആർട്’ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു ഒരു വിഭാഗത്തിന്റെ തർക്കം. മ്യൂസിയത്തിലേക്കു പോകുന്നവർക്ക് ആർട് എന്താ ആളെപ്പറ്റിക്കലെന്താ എന്നു മനസിലാക്കാനുള്ള മിനിമം ബുദ്ധിയെങ്കിലും വേണമെന്ന് ശാഠ്യം പിടിച്ച് വേറൊരു വിഭാഗം. എന്തായാലും ഇതെല്ലാം വരുത്തിവച്ച പയ്യനും കൂട്ടുകാരും കണ്ണടയുമെടുത്ത് ‘അപരാഹ്നത്തിന്റെ അനന്തപദങ്ങളിലേക്ക്’ നടന്നങ്ങു പോയെന്നു മാത്രം. 

Your Rating: