Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലിങ്ങോട് പ്ലിങ്

emojis

കണ്ണുകളും ചുവപ്പിച്ച് മീശയും വിറപ്പിച്ച് സ്ലോമോഷനിൽ നടന്നു വന്നു ഭരത്ചന്ദ്രൻ ഐപിഎസ് അച്ചാമ്മ വർഗീസിനോട് ഒരൊറ്റച്ചോദ്യമാണ്: ‘ഓർമയുണ്ടോ ഈ മുഖം...?’ അച്ചാമ്മ ഒരു നിമിഷം ഒന്നാലോചിച്ചു നിന്നു. എന്നിട്ട് മറുപടി: ‘ഉണ്ടല്ലോ, ശിക്കാരി ശംഭുവല്ലേ...’ ഈ നിമിഷം ഭരത്ചന്ദ്രൻ പൊലീസിന്റെ മുഖഭാവം എങ്ങനെയായിരിക്കും? പണ്ടായിരുന്നെങ്കിൽ ‘അയ്യേ ചമ്മിപ്പോയേ...’ എന്നു കളിയാക്കാമായിരുന്നു. പക്ഷേ, ഇന്നാണെങ്കിൽഒരൊറ്റ വാക്കു മതി—പ്ലിങ്. ഒരൽപം പഞ്ച് കൂടുതൽ കിട്ടണമെങ്കിൽ ഇങ്ങനെയും പറയാം—പൊലീസ് മാമൻ പ്ലിങ്ങോട് പ്ലിങ്ങേയ്... ഈ പ്ലിങ് ഭാവത്തെ ഒരു ഐക്കണിലൂടെ അവതരിപ്പിക്കാൻ സാധിച്ചാലോ? ഇത്തരത്തിൽ നമ്മുടെ ഭാവങ്ങളെ (emotion) വിവിധ ചിഹ്നങ്ങളാക്കി (icon) അവതരിപ്പിക്കുന്ന രീതിക്കൊരു പേരുണ്ട്, അതാണ് ഇമോട്ടിക്കോൺ. സ്മൈലി എന്നു നമ്മൾ വിളിക്കുന്ന ചിരിക്കും ചിഹ്നമാണ് ഇമോട്ടിക്കോണിന്റെ പരിചിതമായഉദാഹരണം. ചിരിയും കരച്ചിലും ഞെട്ടലും അന്തംവിടലുമൊക്കെയായി ഇന്നു ലോകമെങ്ങും പതിനായിരക്കണക്കിന് ഇമോട്ടിക്കോണുകളുണ്ട്. ഫോണിലൂടെ മെസേജ് അയയ്ക്കുമ്പോഴും ഇന്റർനെറ്റ് വഴി ചാറ്റു ചെയ്യുമ്പോഴും ഇ—മെയിൽ അയയ്ക്കുമ്പോഴുമെല്ലാം ഒരിക്കലെങ്കിലും ഇമോട്ടിക്കോണുകൾ ഉപയോഗിക്കാത്തവർ ഉണ്ടാകില്ല.

ഇമോട്ടിക്കുട്ടന്റെ അച്ഛൻ

കാലൊടിഞ്ഞു കിടക്കുമ്പോൾ ‘എങ്ങനെയുണ്ടിഷ്ടാ, നല്ലവേദനയുണ്ടോ...?’ എന്നു കൂട്ടുകാരന്റെ മെസേജ് വന്നാൽ കളിയാക്കിയതാണോ ശരിക്കും സുഖവിവരം അന്വേഷിച്ചതാണോ എന്നറിയാൻ ഒരു വഴിയുമില്ല. ഇങ്ങനെ തമാശയ്ക്ക് അയക്കുന്ന മെസേജുകൾ പലരും ഗൗരവമായെടുത്തതോടെ പിറ്റ്സ്ബർഗിലെ കാർണെഗി മെലൻ സർവകലാശാലാ അധ്യാപകൻ പ്രഫ. സ്കോട്ട് ഫാൽമാൻ ഒരു തന്ത്രം പ്രയോഗിച്ചു. തമാശമെസേജുകളാണ് അയയ്ക്കുന്നതെന്നറിയിക്കാൻ അതുവരെ, ഒരു സ്റ്റാറിട്ടു വിടുന്നതായിരുന്നു രീതി. സ്കോട്ടാകട്ടെ ഒരു അപൂർണ വിരാമചിഹ്നവും വരയും ബ്രാക്കറ്റ് ചിഹ്നവും ഉപയോഗിച്ച് :-) എന്ന ചിരിക്കുന്ന ചിഹ്നമൊന്നുണ്ടാക്കി. അങ്ങനെ 1982ൽ ആദ്യത്തെ സ്മൈലി പിറന്നു. പക്ഷേ, താൻ കണ്ടെത്തിയ പോലുള്ള ടെക്സ്റ്റ് സ്മൈലികളാണ് ഇപ്പോഴും സ്കോട്ടിനിഷ്ടം, പുതിയകാലത്തെ സ്മൈലികളൊക്കെ കാണാൻ ഒരു ലുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അത് സ്മൈലിയാണല്ലേ!!

സ്കോട്ട് തയാറാക്കുന്നതിനും 120 വർഷം മുൻപേ തന്നെ സ്മൈലി പ്രചാരത്തിലിരുന്നെന്നാണ് ഒരു കൂട്ടം വിദഗ്ധർ പറയുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ, ടൈപ്പ് ചെയ്തെടുക്കപ്പെട്ട പ്രസംഗത്തിന്റെ കോപ്പി പരിശോധിക്കുകയായിരുന്നു ഒരു സംഘം. വായിച്ചുപോകുമ്പോഴുണ്ട് ദാ കിടക്കുന്നു ഒരു അർധവിരാമവും ബ്രായ്ക്കറ്റ് ചിഹ്നവും ചേർന്ന സ്മൈലി ചിഹ്നം, ;) അതോടെ ചർച്ചയായി. ഒരു കൂട്ടർ പറയുന്നു ലിങ്കന്റെ പ്രസംഗത്തിൽ കണ്ടത് ഒരു അച്ചടിപ്പിശകു മാത്രമാണെന്ന്, മറ്റൊരു കൂട്ടർ പറയുന്നു, പ്രസംഗം നടന്ന 1862ൽ തന്നെ സ്മൈലി തയാറാക്കപ്പെട്ടിരുന്നുവെന്ന്. ഏതു വിശ്വസിക്കും

ആരാണുജീ ഈ ഇമോജി?

ഇമോട്ടിക്കോൺ എന്നു നീട്ടിപ്പറയാതെ പലരും അവയെ ഇമോജിയെന്നാണു വിളിക്കുക. പേരു ലളിതമെങ്കിലും ഇമോജി ആളൊരു ഇന്റർനാഷനൽ സംഭവമാണ്. അമേരിക്കയിലെ സ്മൈലി :) ഇങ്ങനെയാണെങ്കിൽ ജപ്പാനിൽ (ൎ-ൎ) അതിങ്ങനെയാണ്. ഇമോട്ടിക്കോണുകളെ കാവോമോജി എന്നാണ് ജപ്പാനിൽ വിളിക്കുക. ‘കാവോ’ എന്നാൽ മുഖമെന്നർഥം. ‘മോജി’ എന്നാൽ ഭാവമെന്നും. ഇന്ന് ഇന്റർനെറ്റിൽ ലഭിക്കുന്നത് പാശ്ചാത്യ—പൗരസ്ത്യ രീതികൾ കൂടിച്ചേർന്ന രൂപങ്ങളാണ്. ജപ്പാൻകാരനായ ഷിഗേടാക കുരിത്ത എന്ന ഡിസൈനറാണ് ഇന്നു നമ്മൾ മൊബൈലിൽ കാണുന്ന വിധത്തിലുള്ള മഞ്ഞക്കുട്ടന്മാരായ ഇമോജികളെ ആദ്യമായി സൃഷ്ടിച്ചത്, 1999ൽ. ഐഫോണിൽ പുതിയ ഓപറേറ്റിങ് സിസ്റ്റമായ ഐഒഎസ് 6 വന്ന് അതു വഴി മെസേജിങ് ഉഷാറായതോ ടെ ഇമോജി ഹിറ്റായി.

ചില ഇമോജി കൗതുകങ്ങൾ

∙ കഴിഞ്ഞ വർഷം മാത്രം മൂവായിരത്തോളം പുതിയതരം ഇമോജികളാണു പുറത്തിറങ്ങിയത്. ഇമോജികളെല്ലാം വെളുത്തിരിക്കുന്നുവെന്ന ആരോപണം ശക്തമായപ്പോൾ കറുത്ത ‘വർഗ’ക്കാരായ ഇമോജികളെയും ഫെബ്രുവരിയിൽ ആപ്പിൾ കമ്പനി പുറത്തിറക്കി.

∙ ലോകത്തിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഇമോജികൾ ഏതെല്ലാമാണെന്ന് ഒരിക്കൽ കണക്കെടുത്തു—ഹൃദയചിഹ്നങ്ങൾ ഉൾപ്പെട്ട ഇമോജികളായിരുന്നത്രേ അതിൽ ഏറ്റവും മുന്നിൽ.

∙ 2013ൽ ഇമോജി എന്ന വാക്കിനെ ഓക്സ്ഫഡ് ഡിക്ഷനറിയിലുമെടുത്തു. ഇലക്ട്രോണിക് ആശയവിനിമയത്തിനിടെ ഒരു ആശയമോ വികാരമോ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇമേജ് അല്ലെങ്കിൽ ഐക്കൺ എന്നാണ് ഇമോജിയുടെ അർഥം. സെൽഫി എന്നവാക്കും ഇമോജിക്കൊപ്പമാണ് ഡിക്ഷ്നറിയിൽ കയറിപ്പറ്റിയത്.

∙ ഇന്റർനെറ്റിൽ ഐമോജി Imoji എന്നൊരു ആപ്ലിക്കേഷനുണ്ട്. നിങ്ങളുടെയോ വളർത്തുമൃഗങ്ങളുടെയോ ഫോട്ടോ ഈ ആപ്പിൽ അപ്ലോഡ് ചെയ്താൽമതി, അതൊരു ഇമോജിയായി തിരികെ കിട്ടും

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.