വൈറലായ ഈ ചിത്രത്തിലെ കുട്ടിക്കുറുമ്പൻ ഇന്ന് ലോകമറിയുന്ന താരം !

സച്ചിൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം

നൊസ്റ്റാള്‍ജിയ, അതൊരു സുഖമുള്ള അനുഭൂതി തന്നെയാണ്, ഭൂതകാലത്തിലേക്കുള്ള ഒരു എത്തിനോട്ടം. അതിൽതന്നെയും എന്നെന്നും ഓർക്കാൻ ആഗ്രഹിക്കുന്നത് കുട്ടിക്കാലം തന്നെയാണ്. ഒരിക്കൽക്കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ ഓരോരുത്തരും ഓര്‍ക്കുന്ന കാലം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിനും തന്റെ കുട്ടിക്കാലത്തെ അത്രമേൽ പ്രിയത്തോടെയാണ് ഓർക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു ഫോട്ടോ.

കമ്പികൾക്കിടയിൽ തലകീഴായി തൂങ്ങിക്കി‌ടക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ആരാധകരെ അമ്പരപ്പിച്ചത്. അതിനായി താരം നല്‍കിയ ക്യാപ്ഷനാണ് ഏറ്റവും രസകരം. ഹാങ്ങിങ് ഔട്ട് എന്ന പദത്തിന് അന്നു വ്യത്യസ്ത അർഥമായിരുന്നുവെന്നു പറഞ്ഞാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. കുട്ടിക്കാലത്ത് ഹാങ്ങിങ് ഔട്ട് എന്നു പറഞ്ഞാൽ അതിനിത്രയൊക്കെയെ അർഥമുണ്ടായിരുന്നുള്ളുവെന്നു വ്യക്തമാക്കുകയാണ് സച്ചിൻ.

തലകീഴായി തൂങ്ങിക്കിടക്കുന്ന ചിത്രത്തിന് ഇതിലും രസകരമായ ക്യാപ്ഷൻ നൽകുന്നതെങ്ങനെ? സമൂഹമാധ്യമത്തിൽ പങ്കുവച്ച് വെറും ഒരുമണിക്കൂറിനുള്ളിൽ തന്നെ സച്ചിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് ലൈക്കുകളടെയും കമന്റുകളുടെയും പ്രവാഹമാണ്.