Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയ്ക്ക് വീണ്ടും കത്ത്; ഇത്തവണ അജ്ഞാതനല്ല

Modi

പ്രധാനമന്ത്രിക്ക് അജ്ഞാതനെഴുതിയതെന്ന പേരിൽ പ്രചരിച്ച കത്ത് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിട്ട് അധികനാൾ കഴിഞ്ഞില്ല. അതിനു പിന്നാലെയിതാ പ്രധാനമന്ത്രിക്ക് എഴുതിയ മറ്റൊരു കത്തുകൂടി സോഷ്യൽമാധ്യമങ്ങളിൽ വൈറലാകുന്നു. ഇത്തവണ പക്ഷേ കത്തെഴുതിയത് അജ്ഞാതനല്ല രഞ്ജിത് കുമാർ എന്ന പ്രവാസി മലയാളിയുടെ പേരിലാണ് കത്തു പ്രചരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ കത്ത് ഫ്രം അഡ്രസ് വെക്കാതെ ആരോ നാടു മുഴുവൻ പരസ്യമാക്കിയെങ്കിലും ഈ കത്തിന് ആ ഗതി വരില്ലെന്ന പ്രത്യാശയോടെയാണ് കത്ത് അവസാനിക്കുന്നത്. കത്തു വായിക്കാം..

പ്രിയപ്പെട്ട മോഡിയണ്ണന്,

ഇതെന്‍റെ രണ്ടാമത്തെ കത്താണ് ! അണ്ണനിനിയൊരു കത്ത് അയക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു ! അപ്പോളാണ് അണ്ണനിങ്ങോട്ടു വരുന്ന വിവരം പത്രത്തില്‍ കണ്ടത് ! ഇവിടെ വന്നാല്‍ അണ്ണനെ കാണാന്‍ കൂടി കിട്ടില്ലല്ലോ അതുകൊണ്ടാണെഴുതുന്നത് !

അണ്ണന്‍ വരുന്നത് ആരും ക്ഷണിച്ചിട്ടല്ലെന്ന് ഇവിടെ ആരൊക്കെയോ പറയുന്നത് കേട്ടു . എനിക്കത് കേട്ട് ചിരിയാണ് വന്നത് ! അണ്ണനീക്കണ്ട ലോകമൊക്കെ കറങ്ങീത് ആരെങ്കിലും ക്ഷണിച്ചിട്ടാണോ? പോവാന്‍ പറ അവറ്റകളോട് !

അണ്ണന് ഞങ്ങളോട് സ്നേഹമുണ്ടായിട്ടൊന്നുമല്ല ഇങ്ങോട്ട് വരുന്നതെന്നറിയാം ! അണ്ണന്‍ പോകാനിരുന്ന സ്ഥലത്തൊക്കെ ഇപ്പോള്‍ ശൈത്യകാലമാണല്ലേ ? ഇവിടെയാണെങ്കില്‍ ഇപ്പോള്‍ നല്ല കാലാവസ്ഥയും . അണ്ണനാരാമോന്‍ !!

അണ്ണന്‍ നവാസ്കാന്‍റെ അടുത്ത് പോവുന്നത് അടുത്ത മാസത്തേക്ക് നീട്ടിയല്ലേ ? സുഷമേടത്തിയെ അങ്ങോട്ട് വിട്ടപ്പോഴേ എനിക്ക് തോന്നിയതാ അതങ്ങനെയേ സംഭവിക്കൂന്ന് ! അല്ല അണ്ണനേടത്തിയോട് ചെയ്തത് വെച്ചാണെങ്കില്‍ സുഷമേടത്തി അവടെ പോയി യുദ്ധം പ്രഖ്യാപിച്ചിട്ട് പോരേണ്ടതായിരുന്നു ! ഇത്രയല്ലേ ഏടത്തി ചെയ്തുള്ളൂ എന്നോര്‍ത്ത് സമാധാനിക്കാം ?

അമ്മാവന്‍റെ കണിച്ചിക്കുളങ്ങരേലെ പുതിയ സംബന്ധം അണ്ണനറിഞ്ഞു കാണുമല്ലോ ? അണ്ണനോടായതു കൊണ്ട് പറയാം, സംഗതി അമ്മായീടെ സ്ഥാനമൊക്കെയാ..പക്ഷെ ആ അസത്തിനെ കാണുന്നതു തന്നെ എനിക്കലര്‍ജിയാ.. അവളുടെ ഒരു മഞ്ഞ സാരീം ചുറ്റിയുള്ള പോക്കു കണ്ടാല്‍ മതി. ഹണീമൂണാണെന്ന് പറഞ്ഞ് ആ മൂധേവി വടക്കുമുതല്‍ തെക്കുവരെ തെണ്ടിയിട്ടിപ്പോള്‍ വീട്ടില്‍ വന്ന് കേറിയിട്ടേ ഉള്ളൂ.. നമ്മുടെ നിക്കറിട്ട പിള്ളേരാ ശംഖുമുകത്ത് അവളെ സ്വീകരിക്കാന്‍ പോയത് . തിരിച്ചറിയണ്ടാന്ന് വെച്ച് നിക്കറിന് മുകളില്‍ മുണ്ടുടുപ്പിച്ചാ ഞാന്‍ വിട്ടത് ! എന്നിട്ടും ആ പെമ്പെറന്നോരുടെ ധാരണ അവള് വല്യ തറവാട്ടിലേതാണെന്നാണ് !

അവളുടെ ചരിത്രം അണ്ണന് കേള്‍ക്കണോ ? കള്ള വാറ്റായിരുന്നു പോലും പണ്ട് പണി. ഇപ്പോള്‍ വട്ടിപ്പലിശേടെ ഇടപാടും ഉണ്ട് പോലും!! രണ്ട് തറവാട്ടിലായി അയ്യഞ്ചുവര്‍ഷം അടിച്ചുതളിക്കു നിന്ന് അവിടുന്ന് അടിച്ചുമാറ്റിയതാണ് ഇപ്പോളുള്ള സമ്പത്തെന്നാണ് കേള്‍വി . അവിഹിതത്തിലുണ്ടായ രണ്ട് മക്കള്‍ ഇപ്പോളും ആ തറവാട്ടിലുണ്ടെന്നാണ് നാട്ടുകാര് പറയുന്നത് ! ഒരുത്തന്‍ ഭൂമിക്കച്ചവടവും, മറ്റവന്‍ കള്ളു കച്ചവടവുമാണ് പണിയെന്ന് പറയുന്നു ! അവളുടെ കയ്യിലിരിപ്പ് വെച്ച് അമ്മാവനിനി എന്നാണാവോ ജലസമാധി ആകുന്നതെന്ന് കണ്ടറിയണം !!

അണ്ണന്‍ വരുന്നൂന്നറിഞ്ഞ് അമ്മായി വലിയ നെഗളിപ്പാണെന്ന് ശോഭ പറഞ്ഞു ! അമ്മായിയെ കാണാനാണ് മരുമോന്‍ പേര്‍ഷ്യയില്‍ നിന്നും വരുന്നതെന്നാണ് നാട് മുഴുക്കെ പറഞ്ഞു നടക്കുന്നത് പോലും !! അണ്ണന് തരാന്‍ മരുമോനിക്കായ ചുട്ടുകൂട്ടുന്നുണ്ട് പോലും ! അതെന്തൂട്ട് സാധനമാണെന്ന് എനിക്ക് ഒരു എത്തുംപിടീം കിട്ടണില്ല !! അണ്ണനതിലെയൊന്നും പോയി വെറുതെ വില കളയണ്ടാന്നാണ് എനിക്ക് പറയാനുള്ളത് ! കയ്യും കണ്ണും കാട്ടി വശത്താക്കാന്‍ മിടുക്കിയാണെന്നാണ് കേള്‍ക്കുന്നത് !

പിന്നെ അണ്ണനോട് ഒരു കാര്യം പ്രത്യേകം പറയാനുണ്ട് . രാജമ്മാവന്‍ ഉള്ള സ്ഥലത്തൊന്നും വെച്ച്,‍ പരാജയം വിജയത്തിന്‍റെ ചവിട്ടു പടിയാണെന്നൊന്നും അണ്ണന്‍ പറഞ്ഞേക്കരുത് . രാജമ്മാവനത് കേള്‍ക്കുമ്പോള്‍ തന്നെ കലിയിളകും. അല്ല അമ്മാവനെ പറഞ്ഞിട്ട് കാര്യമില്ല. എത്രയാതന്ന് വെച്ചാ ഇത് ? ആരുടേയും നിയന്ത്രണം വിട്ടു പോകും !! ഇന്നാള് അരുവിക്കയില്‍ വെച്ച് ആരോയിത് പറഞ്ഞപ്പോള്‍ അമ്മാവനയാളുടെ ചെകിടത്തടിച്ചു പോലും !!

സുര ഇപ്പോള്‍ കൈരേഖ നോക്കുന്ന പരിപാടിക്ക് അങ്ങനെ പോകാറില്ല ! പറയുന്നതൊന്നും അങ്ങട് ശരിയാവുന്നില്ല പോലും ! ഇപ്പോള്‍ മൂന്നുനേരം ഉള്ളിക്കറീം കൂട്ടി മൃഷ്ടാനം തിന്ന് വെറുതെയിരിപ്പാണ് ! അണ്ണനവനെയൊന്ന് ഉപദേശിക്കണം !

മുരളീടെ കാര്യോം കുറച്ച് വിഷമത്തിലാണ് ! രണ്ട് തവണ പത്രക്കാരെ കാണാന്‍ പോയത് അറിയാം ! തിരിച്ചു വന്നപ്പോള്‍ മുഖമൊക്കെ ആകെ വിളറിയിരിക്കുന്നത് കണ്ടു ! ചോദിച്ചിട്ടൊന്നും പറയുന്നില്ല ! ഇന്നലെ ഒരു ചെക്കന്‍ വേലിക്കല്‍ വന്ന് മുരളിയണ്ണാ സമരമൊന്നുമില്ലേ ? രണ്ടീസം മുന്നേ പുറപ്പെടാനാ എന്നും പറഞ്ഞ് ഓടുന്നത് കണ്ടു... അവനെന്തോ അവിടുന്ന് പറ്റീട്ടുണ്ടെന്നത് തീര്‍ച്ച ! ഇപ്പോളങ്ങനെ പുറത്തേക്കൊന്നും അധികം ഇറങ്ങാറില്ല !!

പിന്നൊരു കാര്യം, ആ ഗോപിച്ചെക്കന്‍ അണ്ണനെ കാണാന്‍ പണ്ട് വന്നപ്പോള്‍ കൊണ്ടുവന്ന ആ കസവു മുണ്ട് അവിടുണ്ടെങ്കില്‍ വരുമ്പോള്‍ മറക്കാതെയെടുക്കണം . ആ ചെക്കനെക്കൊണ്ട് ഇരിക്കപ്പൊറുതിയില്ലായിരുന്നു . അണ്ണനവനെ അതാക്കും, ഇതാക്കും എന്ന് പറഞ്ഞ് നടക്കുകയായിരുന്നു . ഒരു മുണ്ട് വാങ്ങിത്തന്ന് അണ്ണനെ കുപ്പീലിറക്കാമെന്നാ ചെക്കന്‍ കരുതിയത് ! അണ്ണനാ മുണ്ട് തിരിച്ചങ്ങ് കൊടുത്തിട്ട് ചെക്കനോട് അറിയാവുന്ന വല്ല പണിക്കും പോവാന്‍ പറയണം .

വലിവിന്‍റെ ഏനക്കേടുണ്ടെങ്കിലും ടി ജി അങ്കിള്‍ ഇപ്പോള്‍ കൃത്യമായി ജോലിക്കു പോകുന്നുണ്ട് ! അവിടെ എന്തോ ലിങ്കിന്‍റെ സെയില്‍സ് മാനേജരാണെന്നാണ് പറയുന്നത് ! അണ്ണന്‍റെ ഫോട്ടോഷോപ്പിനേക്കാള്‍ ഇപ്പോള്‍ ഡിമാന്‍റ് ലിങ്കിനാണെന്ന് ഇന്നാള് വന്നപ്പോള്‍ പറയുന്നത് കേട്ടു .എനിക്കതില് വലിയ വിശ്വാസമൊന്നുമില്ല . പല ലിംങ്കും വ്യാജനാന്നും, റേഞ്ചില്ലാന്നും പറഞ്ഞ് ആളുകള്‍ വരുന്നുണ്ടെന്നാണ് ചാനലിലെ ചെക്കന്‍മാര്‍ പറയുന്നത് ! അണ്ണന്‍റെ ഫോട്ടോഷോപ്പിനോട് തന്നെയാണ് എനിക്കിപ്പോളും വിശ്വാസം ! അണ്ണനതുകൊണ്ടല്ലേ ഈ കുടുംബത്തെ ഒന്ന് കരകയറ്റിയത് !

പ്രാച്ചി ചിറ്റയുടെ കുംടുബത്തെ ആ പെണ്ണില്ലേ, ശശികല ? അവള്‍ക്കും പ്രാച്ചിയുടെ അതേ അവസ്ഥയാണ് . നാലാളെ കാണുമ്പോള്‍ എന്താണ് പറയുകയെന്നൊരു നിശ്ചയവുമില്ല . അമ്പലത്തിലെ പണം കാണുന്നില്ല എന്ന് പറഞ്ഞ് അയല്‍പക്കക്കാരോട് ബഹളമായിരുന്നു . ആ ശിവന്‍ ചെക്കന്‍ പറ്റുബുക്കെടുത്ത് കാട്ടിയപ്പോള്‍ പറയുകയാ ഞാനങ്ങനെയല്ലാ പറഞ്ഞതെന്ന് . സതീശന്‍ ഓള് പറഞ്ഞതിന്‍റെ സീഡി എടുത്ത് നാട്ടുകാരെ കാണിച്ചപ്പോള്‍ അടക്കമായി . ഓള് പഠിപ്പിക്കുന്ന സ്കൂളലെ കുട്ടികളുടെ അവസ്ഥയായിരിക്കും കഷ്ടം . രക്ഷിതാക്കള്‍ എപ്പോളാണ് കല്ലും, വടിയുമായി വരുന്നതെന്നറിയില്ല . ശോഭക്കും ഇതേ അസുഖത്തിന്‍റെ തുടക്കമാണോ എന്നറിയില്ല, അടുത്തകാലത്ത് ചില ഇളക്കങ്ങളൊക്കെയുണ്ട് . എന്തു ചെയ്യാനാണ് പാരമ്പര്യം ആയിപ്പോയില്ലേ ? ഗുളിക കൊടുത്ത് തളര്‍ത്തുക തന്നെ ശരണം ! അണ്ണനാ മരുന്ന് ശീട്ട് എടുക്കാന്‍ മറക്കണ്ട !!

മുകുന്ദനമ്മാവന് തറവാട്ടിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ട് പോലും ! ആരും ഇറക്കിവിടാതെ തനിയെ പോയതല്ലേ, വേണമെങ്കില്‍ വന്ന് ആ കോലായിലെങ്ങാനും കിടന്നോട്ടേയെന്നാണ് എല്ലാവരും പറയുന്നത് ! അമ്മാവനാണെങ്കില്‍ ഇപ്പോളും പണ്ട് കവാത്ത് നടത്തിയതിന്‍റെ ഗമേം പറഞ്ഞ് നടക്കുകയാണ് !

രാമന്‍പിള്ളേമ്മാവനാണേല്‍ എകെജി സെന്‍ററില്‍ നിന്ന് ഇറങ്ങുകയും ചെയ്തു ഇവിടെ വന്ന് കേറാനും പറ്റിയില്ല എന്ന അവസ്ഥയിലാണ് . ഇന്നലേം വീടിന് മുന്നിലൂടെ പോകുമ്പോള്‍ ഉറക്കെ ചുമക്കുന്നത് കേട്ടു . ആരെങ്കിലും ശ്രദ്ധിക്കാന്‍ വേണ്ടി കാണിക്കുന്നതാണ്; പാവം ! ഇപ്പോളേതോ കടത്തിണ്ണേലാണ് കിടപ്പെന്നാണ് കേട്ടത് ! ഇനിയിപ്പോള്‍ പോയി എവിടെയെങ്കിലും ലയിച്ചു കളയുമോന്നാണ് എന്‍റെ പേടി !!

അണ്ണന്‍റെ 'സ്വന്തം' അദാനിച്ചെക്കന്‍ കഴിഞ്ഞദിവസം വിഴിഞ്ഞത്ത് വന്ന് പോയീന്നറിഞ്ഞു. തറവാട്ടിലൊന്ന് കയറാനുള്ള മര്യാദ പോലും ആ ചെക്കന്‍ കാണിച്ചില്ല ! ചാണ്ടിച്ചായനും, മക്കളുമാണ് സ്വീകരിച്ചതും കൊണ്ടു നടന്നതുമെല്ലാം ! നമ്മളെ കണ്ടാല്‍ മിണ്ടാത്ത ആ ബാലേഷ്ണേട്ടന്‍റെ അടുത്തുപോലും പോയി ചെക്കന്‍ ! ബിസിനസ്സായതോണ്ട് ശത്രുക്കള് തെറ്റിദ്ധരിക്കേണ്ടാന്ന് കരുതിയാണ് വീട്ടിലോട്ട് വരാതിരുന്നതെന്ന് ചെക്കന്‍ വിളിച്ചു പറഞ്ഞു ! ആഹ്.. തറവാട്ടിലാരെങ്കിലും രക്ഷപ്പെടുന്നുണ്ടെങ്കില്‍ രക്ഷപ്പെടട്ടല്ലേ ? ചെക്കന് നാല് കാശുണ്ടായാല്‍ അണ്ണനും കോളാണല്ലോ ?

അണ്ണന്‍ വരുമ്പോള്‍ ചാണ്ടിച്ചായനെ കാണുന്നില്ല എന്നും, വേണമെങ്കില്‍ വിമാനത്താവളത്തില്‍ വെച്ച് കണ്ടോട്ട എന്ന പറഞ്ഞൂന്നും, ചാണ്ടിച്ചായന്‍ അതിന് മറുപടിയൊന്നും പറഞ്ഞില്ലാന്നും പറഞ്ഞ് വിജയേട്ടന്‍ ബഹളം വെക്കുന്നുണ്ട് !

ചാണ്ടിച്ചായനെ സില്‍മേല്‍ എടുത്തൂന്നും, ആദ്യപടം അടുത്ത ദിവസം റിലീസ് ആകുന്നുണ്ടെന്നും അതിന്‍റെ ടെന്‍ഷന്‍ കൊണ്ടാണ് ഒന്നും പറയാത്തതെന്നുമാണ് ആളുകള്‍ അടക്കം പറയുന്നത് ! അണ്ണനേക്കാള്‍ പത്തിരുപത് വയസ്സ് മൂപ്പുള്ള ചാണ്ടിച്ചായന്‍റെ പടം ഇറങ്ങുന്നതിലുള്ള കുശുംബുകൊണ്ടാ അണ്ണനയാളെ കാണാത്തതെന്നാണ് ഇവിടെ ചിലര് പറഞ്ഞ് നടക്കുന്നത് ! അണ്ണന്‍ പണ്ട് ആരുടേയോ പുറകേ പോലീസിനെ അയച്ച സമയത്ത് ഒരു സീഡി പിടിച്ച് വെച്ചിരുന്നെങ്കില്‍ അണ്ണനിപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ആകേണ്ട സമയം കഴിഞ്ഞു ! ആ.. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ ?

യശോദേടത്തിക്ക് സുഖമാണോ എന്ന് ചോദിക്കുന്നില്ല ! അല്ല ചോദിച്ചിട്ടും കാര്യമില്ലല്ലോ ? അണ്ണനറിയാവുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കറിയാമല്ലോ, അല്ലേ ?

ബാക്കിയൊക്കെ വന്നിട്ട് പറയാം . അണ്ണനാദ്യമയച്ച കത്ത് പോസ്റ്റോഫീസീന്ന് ആരോ എടുത്ത് ഫ്രം അഡ്രസ്സ് വെക്കാതെ നാടുമുഴുവന്‍ ഒട്ടിച്ചു ! ഈ കത്തിനാഗതി വരില്ലെന്ന പ്രതീക്ഷയോടെ..

സ്നേഹപൂര്‍വ്വം (ഒപ്പ് )

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.