Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തിനിടെ സെൽഫി സൂപ്പർഹിറ്റ്...

selfi-pain

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിൽ, പർവതത്തിന്റെ തുഞ്ചത്ത്, വെള്ളച്ചാട്ടത്തിന്റെ നെറുകയിൽ, പാലത്തിന്റെ കൈവരിയിൽ...ഇവിടെ നിന്നെല്ലാം താഴേക്കിറങ്ങി ഒരു പ്രസവ വാർഡിലേക്ക് കയറിയിരിക്കുകയാണിപ്പോൾ സെൽഫി ട്രെൻഡ്. ഭാര്യയുടെ പ്രസവ വേദനയ്ക്കിടെ ‘സെൽഫിവീണ’ വായിക്കുന്ന ഭർത്താവിന്റെ ചിത്രമാണിപ്പോൾ നെറ്റ്‌ലോകത്തെ ഹിറ്റ്. അമേരിക്കയിലെ ഡെൻവറിലുള്ള ഗിൽ സൊലാനോ എന്ന ചെറുപ്പക്കാരൻ ഭാര്യ സാറയുടെ പ്രസവത്തിനിടെ എടുത്ത സെൽഫിയാണ് വൈറൽഹിറ്റായത്. ഫോട്ടോയെടുത്ത സൊലാനോ അത് റെഡിറ്റിൽ പോസ്റ്റുകയും ചെയ്തു. മണിക്കൂറുകൾക്കകം ചിത്രം കണ്ടത് 24 ലക്ഷത്തിലേറെ പേർ. ഷെയറുകൾക്കുമില്ല കയ്യുംകണക്കും. പാശ്ചാത്യമാധ്യമങ്ങളും സംഗതി വാർത്തയാക്കി.

പ്രസവവേദനയെടുത്ത് ഭാര്യ കരയുമ്പോൾ അവളെ ആശ്വസിപ്പിക്കാതെ ചിരിച്ച് സെൽഫിയെടുക്കുന്ന ക്രൂരനായ ഭർത്താവെന്നാണ് ചിലർ ഈ ഫോട്ടോ കണ്ട് സൊലാനോയെ വിശേഷിപ്പിച്ചത്. ആൺക്കോയ്മ, സ്ത്രീയുടെ നിസ്സാഹയത എന്നൊക്കെപ്പറഞ്ഞ് ബുജി വിവാദവും ഒപ്പമെത്തി. പക്ഷേ ജീവിതത്തിലെ ഏറെ ടെൻഷനുള്ള സമയത്തു പോലും കൂളായി നിൽക്കുന്നതിന് വേറൊരു വിഭാഗത്തിന്റെ വക സൊലാനോയ്ക്ക് അഭിനന്ദനങ്ങളും ഏറെ കിട്ടി. ഒന്നുകിൽ ഇവനൊരു ഭയങ്കര ധീരൻ, അല്ലെങ്കിലൊരു മണ്ടൻ...എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇങ്ങനെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളും വാർത്തയായി. ‘ഫോട്ടോയൊക്കെ കൊളളാം, പക്ഷേ പ്രസവമെല്ലാം കഴിഞ്ഞ് ഭാര്യ സാധാരണ നിലയിലെത്തുമ്പോൾ ഈ ഫോട്ടോ കണ്ട് താങ്കളെ തല്ലിക്കൊല്ലാതെ നോക്കണം...’ എന്നായിരുന്നു ഒരാളുടെ മുന്നറിയിപ്പ്. ‘ഇനിയുള്ള താങ്കളുടെ ജീവിതത്തിലെ ഓരോ ദിവസങ്ങളും ഇതുപോലെ എന്തെങ്കിലുമൊക്കെ അപ്ഡേറ്റ് ചെയ്യണം, എന്നാൽ മാത്രമേ താങ്കളെ ഭാര്യ തട്ടിക്കളഞ്ഞില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാക്കാൻ പറ്റൂ...സൂക്ഷിച്ചോ ബ്രോ...’ എന്ന് മറ്റൊരു നിർദേശം. പക്ഷേ സൊലാനോ ആ സെൽഫി പ്രസവത്തിനിടെ തന്നെ സാറയെ കാണിച്ചത്രേ! ഒരു അലറിക്കരച്ചിലായിരുന്നു മറുപടി. തൊട്ടുപിറകെ അവൾക്കൊരു പെൺകുഞ്ഞും പിറന്നു. ഭാര്യയുടെ വേദന കണ്ട് പൊട്ടിച്ചിരിച്ചതൊന്നുമല്ല താനെന്നും സൊലാനോയുടെ വാക്കുകൾ.

കുഞ്ഞു ജനിക്കുന്ന നേരത്ത് തങ്ങളുടെ ഇരുവരുടെയും മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങൾ ക്യാമറയിൽ പകർത്തണമെന്ന് ആവശ്യപ്പെട്ടത് സാറ തന്നെയായിരുന്നു. അതാണ് ഇത്തരമൊരു സാഹസത്തിലേക്ക് നയിച്ചതും. പക്ഷേ സാറ പറഞ്ഞത് നേരെ തിരിച്ചായിരുന്നു–ഫോട്ടോയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കുഞ്ഞ് ജനിച്ചു കഴിയുമ്പോഴുള്ള ഇരുവരുടെയും മുഖഭാവത്തിന്റെ ഫോട്ടോയെന്നാണത്രേ പറഞ്ഞത്. എന്തായാലും സാറ സൊലാനോയോട് ക്ഷമിച്ചു. അതിന്റെ അടയാളമായി ഒരു ഫോട്ടോയും തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു, അദ്ദേഹം. അതിൽ സൊലാനോയ്ക്കും സാറയ്ക്കുമൊപ്പം വീട്ടിലെ പുതിയ അതിഥിയുമുണ്ടായിരുന്നു. ഫോട്ടോയ്ക്ക് താഴെ കുറിച്ചതിങ്ങനെ: ‘ഇതാ ഞങ്ങളുടെ വീട്ടിലെ കുഞ്ഞതിഥി ഇവാ നെൽ സൊലാനോ. അമ്മയെപ്പോലെത്തന്നെ സുന്ദരിയാണിവൾ. ആരോഗ്യത്തിനും ഒരു കുറവുമില്ല– ഏഴ് പൗണ്ടും ആറ് ഔൺസും തൂക്കം...’ ജനിക്കും മുൻപേ വൈറൽ ഹിറ്റായ കുഞ്ഞാണ്; കുസൃതികളായ അച്ഛനും അമ്മയ്ക്കുമൊപ്പം ഇവാ നെൽ ഇനി എന്തൊക്കെ കാണാനിരിക്കുന്നു...!!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.