Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രാക്കുളക്കോട്ടയിൽ ഒരു രാത്രി, അനുഭവം പങ്കുവച്ച് സഹോദരങ്ങൾ

Dracula Castle ഡ്രാക്കുളക്കോട്ടയിൽ ഒരു രാത്രി കഴിഞ്ഞ ടാമി വർമയും സഹോദരൻ റോബിനും

കുട്ടിക്കാലം തൊട്ടേ നാം ധാരാളം ഡ്രാക്കുള കഥകൾ കേട്ടിട്ടുണ്ട്. ചോരയൊലിപ്പിക്കുന്ന, ദംഷ്ട്രയുള്ള ചുണ്ടുകളുമായി വന്ന ഡ്രാക്കുള പലരാത്രികളിൽ പേടിസ്വപ്നമായിട്ടുണ്ടാകും. അപ്പോൾ ആ ഡ്രാക്കുളയുടെ സാന്നിധ്യമുള്ള കോട്ടയിൽ ഒരു രാത്രി കഴിയണമെന്നു പറഞ്ഞാലോ? ചില കോമഡി സീനുകളിൽ കാണുന്നതുപോലെ എപ്പോൾ തിരിഞ്ഞോടിയെന്നു പറഞ്ഞാല്‍ മതിയല്ലേ? പക്ഷേ ഡ്രാക്കുളകോട്ടയല്ല അതിനപ്പുറവും ചാടിക്കടക്കാമെന്നു പറഞ്ഞു ധീരതയോടെ മുന്നോട്ടുവന്ന ആ സഹോദരങ്ങളാണ് ഇന്നു സമൂഹമാധ്യമത്തിലെ ഹീറോസ്.

മനോഹരമായി തെളിച്ചു വച്ചിരിക്കുന്ന മെഴുകുതിരി നാളങ്ങൾക്കിടയിൽ അതാ അതിലും ഗംഭീരമായി അലങ്കരിച്ചു വച്ചിരിക്കുന്ന രണ്ടു ശവപ്പെട്ടികൾ, ആ ശവപ്പെട്ടികളിലാണ് ഈ അവർ ആ രാത്രി കിടന്നുറങ്ങിയത്. ഒട്ടാവാ സ്വദേശികളായ ടാമി വർമയും സഹോദരൻ റോബിനും ആണ് ഈ ധീരയുവത്വങ്ങൾ. ആ രാത്രി ഭയപ്പെടുത്തുന്നതായിരുന്നുവെന്നു പറയുന്നു ടാമി. ആ കെട്ടിടത്തിൽ ഒട്ടേറെ അവിശ്വസനീയമായ ചരിത്രങ്ങൾ പറയാനുണ്ട്. അതു തികച്ചും ഒരു പ്രത്യേക രാത്രിയായിരുന്നു.

Dracula Castle ഡ്രാക്കുളക്കോട്ടയിൽ ഒരു രാത്രി കഴിഞ്ഞ ടാമി വർമയും സഹോദരൻ റോബിനും

ട്രാൻസിൽവാനിയയിലെ പ്രശസ്തമായ ബ്രാൻ കാസിൽ ആണ് ഡ്രാക്കുള കോട്ട എന്ന പേരിൽ അറിയപ്പെടുന്നത്. ഡ്രാക്കുള എന്ന ഇതിഹാസത്തിനു തന്നെ കാരണമായ ക്രൂരനായ റൊമാനിയൻ രാജാവ് വ്ലാഡ് ഇംപാലർ അഥവാ വ്ലാഡ് ഡ്രാക്കുളയുടെ ജീവിതവുമായി ബന്ധപ്പെട്ട കിടക്കുന്നതിനാലാണ് കോട്ടയ്ക്ക് ആ പേരു ലഭിച്ചത്. ഹാലാവീൻ ദിനത്തിന്റെ അന്നു രാത്രിയിലാണ് ഇരുവരും കുന്നിൻമുകളിലുള്ള ആ ഡ്രാക്കുള കോട്ടയിലേക്ക് എത്തിയത്. ഇനി ഈ പ്രേതാലയത്തിലേക്ക് ഇരുവരെയും സ്വീകരിച്ചത് ആരെന്നറിഞ്ഞാൽ അതിലും അത്ഭുതം തോന്നും, മറ്റാരുമല്ല വിശ്വവിഖ്യാത നോവല്‍ ഡ്രാക്കുളയിലൂടെ നമ്മെയൊക്കെ പേടിപ്പിച്ച ബ്രാം സ്റ്റോക്കറുടെ മരുമകൻ ഡേകർ സ്റ്റോകർ.

ഈ ലോകത്തിൽ നിന്നും വ്യത്യസ്തമാണ് കോട്ടയിലെ അവസ്ഥയെന്നു പറയുന്നു ടാമി. എങ്ങും നായ്ക്കളുടെ ഓരിയിടൽ മാത്രം സദാ മൂടപ്പെട്ടു തെളിച്ചമില്ലാതെ കിടക്കുന്ന ആകാശം. ചുവരുകളിലെല്ലാം നിങ്ങള്‍ക്കു പിശാചുക്കളുടെ സാന്നിധ്യം അനുഭവപ്പെടും, നിങ്ങൾ ഒറ്റയ്ക്കല്ലെന്നു തിരിച്ചറിയും. ജീവിച്ചിരിക്കുന്ന രണ്ടു അതിഥികൾ തങ്ങൾ മാത്രമായിരുന്നെങ്കിലും കാണാൻ കഴിയാത്ത അദൃശ്യരായ ഒട്ടേറെ മറ്റ് അതിഥികളും തീര്‍ച്ചയായും അവിടെ ഉണ്ടായിരിക്കുമെന്നു പറയുന്നു ടാമി. കോട്ടയിൽ കടക്കുംമുമ്പായി ചില നിബന്ധനകളും അതിഥികള്‍ പാലിക്കേണ്ടതുണ്ട്. വെളുത്തുള്ളി, വെള്ളി, കുരിശ് എന്നിവ കോട്ട്ക്കുള്ളിൽ കർശനമായും നിരോധിച്ചിരിക്കുന്നു. സൂര്യാസ്തമനത്തിനു മുമ്പായി കർട്ടനുകളെല്ലാം താഴ്ത്തിയിട്ടിരിക്കണം.

ഇനി ഡ്രാക്കുള ഈ വർമ സഹോദരങ്ങള്‍ക്കു പുത്തരിയാണെന്നു നിനക്കരുത്. കാരണം പ്രേതകഥകളെഴുതി പ്രശസ്തനായ പ്രഫസർ കൂടിയായ ദേവേന്ദ്ര വർമയുടെ കൊച്ചുമക്കളാണ് ഇരുവരും. അദ്ദേഹം നേരത്തെ ട്രാൻസിൽവാനിയ സന്ദർശിച്ചപ്പോൾ ഈ കോട്ടയെക്കുറിച്ചു കൊച്ചുമക്കൾക്കു പറഞ്ഞു െകാടുത്തിരുന്നു, എന്നാൽ രാത്രിയാകുന്നതിനു മുമ്പേ കോട്ട വിടാനായിരുന്നു ദേവേന്ദ്ര വര്‍മയ്ക്ക് അന്നു ലഭിച്ച നിർദ്ദേശം. പക്ഷേ അന്നു തിരിച്ചെത്തിയ ദേവേന്ദ്ര വർമ കൊച്ചുമക്ക‌ളോട് അവിടെ തനിക്കനുഭവപ്പെട്ട ഭീതിപ്പെടുത്തുന്ന നിമിഷങ്ങളൊക്കെയും പങ്കുവച്ചു.

ഡ്രാക്കുള കോട്ടയിൽ കഴിഞ്ഞ രാത്രിയിൽ അപ്പൂപ്പൻ ദേവേന്ദ്ര വര്‍മയുടെ സാന്നിധ്യം അനുഭവപ്പെട്ടിരുന്നുവെന്നും ടാമി പറയുന്നു. കാലങ്ങൾക്കിപ്പുറം ഇപ്പോൾ തങ്ങൾ കോട്ടയിൽ ഒരു രാത്രി കഴിഞ്ഞിരിക്കുകയാണ്, തങ്ങളെ ഓർത്ത് അപ്പൂപ്പന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുമെന്നുറപ്പാണെന്നും ടാമി പറഞ്ഞു.

എഴുപതു വർഷത്തിനിപ്പുറം കോട്ടയിൽ രാത്രിയിൽ കിടന്നുറങ്ങുന്ന ആദ്യത്തെ ആൾക്കാരാണ് ഇരുവരും. ലോകമെമ്പാടുമുള്ള എൺപത്തിഎട്ടായിരം പേര‌ടങ്ങിയ സംഘത്തിൽ നിന്നും മത്സരിച്ചു ജയിച്ചാണ് ഈ സഹോദരങ്ങൾ ഡ്രാക്കുള കോട്ടയിൽ ഒരു രാത്രി തങ്ങാനുള്ള അവസരം നേടിയെടുത്തത്  

related stories
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.