Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ പൊതുവേദിയിൽ അപമാനിച്ച് അധ്യാപിക, വിഡിയോ

autistic-boy

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരു മാനസിക വ്യതിയാനമാണ് ഓ‌ട്ടിസം. മതിയായ ചികിത്സ ഇല്ലാത്ത ഓട്ടിസത്തിന് ഏറ്റവുമത്യാവശ്യമായി വേണ്ടത് കുട്ടികളെ സമൂഹത്തിൽ ഇ‌‌ടപെടാൻ അവസരം നൽകുന്നതും അവരെ കരുതലോടെ കൊണ്ടു നടക്കുന്നതുമൊക്കെയാണ്. വീട്ടിലുള്ളവരെപ്പോലെതന്നെ ഓട്ടിസമുള്ള കുട്ടികളെ പരിപാലിക്കാൻ കഴിയുന്നവരാണ് അധ്യാപകർ. അവരുടെ സ്നേഹവും വാത്സല്യവുമൊക്കെ പകർന്നു നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. എ​ന്നാല്‍ അതിൽനിന്നൊക്കെ വിപരീതമായി ഓ‌‌ട്ടിസം ബാധിച്ച വിദ്യാർഥിയെ അവഹേളിച്ച അധ്യാപികയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. നിഷ്കളങ്കമായി കണ്ണീരൊഴുക്കുന്ന കാലിബ് എന്ന ആ ആറുവയസുകാരൻ മനസലിവുള്ളവരുടെ കണ്ണു നനയ്ക്കും.

കുട്ടിയുടെ മാതാപിതാക്കളായ കെന്റ് സ്ക്വയേഴ്സും അമാൻഡാ റിഡിലുമാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വെസ്റ്റ് വിർജിനിയയിലെ സ്കൂളിൽ ടർകി ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കാലിബ്. തുടർന്ന് തന്റെ ഊഴം എത്തിയപ്പോൾ മൈക്കിനരികിലേക്ക് എത്തിയതാണ് അവൻ. അപ്പോഴാണ് അധ്യാപിക യാതൊരു ദാക്ഷിണ്യവും കൂടാതെ മൈക്ക് ഊരിയെടുക്കുന്നത്. സന്ത‌ോഷത്തോടെ തന്റെ വരികൾ ചൊല്ലാനെത്തിയ കാലിബിന് ആ അവഗണന സഹിക്കാനായില്ല. കൂട്ടുകാരുടെ മുന്നിൽ വച്ച് അവൻ ഉറക്കെയുറക്കെ കരഞ്ഞു.

എപ്പോഴും സന്തോഷവാനായി നടക്കുന്ന തങ്ങളുടെ കാലിബ് വേദിയിൽ പൊട്ടിക്കരയുന്നത് കണ്ട ആ അമ്മയ്ക്കും അച്ഛനും സഹിക്കാനായില്ല. ''ഞങ്ങളുടെ മകൻ മറ്റു കുട്ടികളിൽ നിന്നും അൽപം വ്യത്യസ്തനാണ്, പക്ഷേ അവന്റെ ഹൃദയം വളരെ വലുതാണ്. അവൻ എല്ലാവരെയും സ്നേഹിക്കുന്നവനാണ്'' -മാതാപിതാക്കൾ പറയുന്നു. ഇരുവരെയും പിന്തുണച്ച് ഒട്ടേറെ രക്ഷിതാക്കള്‍ രംഗത്തെത്തി. വിഡിയോയിൽ സംഭവിച്ച കാര്യത്തിൽ അന്വേഷണം ന‍‌ടത്തി ആവശ്യമെങ്കിൽ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


Your Rating: