Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വലിച്ചെറിയുന്നത് എന്തിന്!

Throwing Babies ഷോലാപ്പൂർ നഗരത്തിലുള്ള ബാബാ ഉമർ ദർഗയിൽ 50 അടി ഉയരത്തിൽ നിന്നും പിഞ്ചു കുഞ്ഞുങ്ങളെ താഴേക്ക് വലിച്ചറിയുന്നു

വിശ്വാസങ്ങളിലെയും ആചാരങ്ങളിലെയും വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ നാടാണ് ഇന്ത്യ. ആനയൂട്ടും ശൂലം തറയ്ക്കലും കനലാട്ടവും എല്ലാം ഒരേ സമയം ഭയവും കൗതുകവും ജനിപ്പിക്കുന്നു. വിശ്വാസികളായ അനേകം പേർ ഇത്തരം ആചാരങ്ങളെ പിന്തുടരുമ്പോൾ ഈ ആചാരങ്ങൾക്ക് പിന്നിലെ അപകടസാധ്യത ചോദ്യമല്ലാതായി മാറുന്നു.

എന്നാൽ മഹാരാഷ്ട്രയിലും കർണാടകയിലും നടന്നു വരുന്ന ഈ ആചാരം ആരെയും ഒന്ന് അമ്പരപ്പിക്കും. ആചാരങ്ങൾ പാലിക്കപ്പെടുമ്പോൾ ഇവിടെ നിശബ്ദസാക്ഷിയായി അവയ്ക്ക് ഇരകളാകേണ്ടി വരുന്നത് പിഞ്ചു കുഞ്ഞുങ്ങൾ ആണ്. ഷോലാപ്പൂർ നഗരത്തിലുള്ള ബാബാ ഉമർ ദർഗയിൽ 50 അടി ഉയരത്തിൽ നിന്നും പിഞ്ചു കുഞ്ഞുങ്ങളെ താഴേക്ക് വലിച്ചറിയും. താഴെ കുഞ്ഞുങ്ങളെ പിടിക്കുന്നതിനായി ആളുകൾ കാത്തു നിൽക്കുന്നുണ്ടാകും.

ഇരു കൈകളും കാലുകളും കൂട്ടിച്ചേർത്തു പിടിച്ചതാണ് 50 അടി ഉയരമുള്ള ദർഗയ്ക്ക് മുകളിൽ നിന്നും കുഞ്ഞുങ്ങളെ താഴേക്ക് എറിയുന്നത്. കുഞ്ഞിന്റെ ബന്ധുക്കളും മറ്റും കുഞ്ഞിനെ പിടിക്കുന്നതിനായി നിവർത്തി പിടിച്ച കിടക്കവിരിപ്പുമായി കാത്തു നിൽക്കും. ഈ വിരിപ്പിലേക്കാണ് കുഞ്ഞുങ്ങൾ വന്നു വീഴുന്നത്. ദർഗയിലെ പ്രധാന പണ്ഡിതനാണ് ഈ ആചാരം നടത്തുന്നത്. ആചാരം നടത്തുന്ന സമയത്ത് കുഞ്ഞുങ്ങൾ പേടിച്ച വാ വിട്ടു കരയുന്നുണ്ടാകും എങ്കിലും ആരും അത് ഗൗനിക്കില്ല.

കുഞ്ഞുങ്ങളിൽ നിന്നും ദോഷങ്ങൾ അകറ്റാനും നല്ല ഭാവി ഉണ്ടാകാനും വേണ്ടിയാണ് ഈ ആചാരം നടത്തുന്നത്. കുട്ടികളുടെ മാതാപിതാക്കൾക്കും മുതിർന്നവർക്കും ഇതിൽ പൂർണ്ണയോജിപ്പാണ്‌ ഉള്ളത്. ദർഗയിൽ നടക്കുന്ന ഈ ചടങ്ങിന് സമാനമായ ചടങ്ങ് കർണാടകയിലെ പ്രശസ്തമായ ശ്രീ ശാന്തേശ്വർ ക്ഷേത്രത്തിലും നടക്കുന്നുണ്ട്.

ഏകദേശം 700 വർഷങ്ങളായി തുടർന്നു പോരുന്ന ആചാരമാണിത്. കുടുംബത്തിന്റെ സമ്പൂർണ്ണ അഭിവൃദ്ധിയാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഈ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതോടെ കുഞ്ഞുങ്ങൾക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും എന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വാദങ്ങൾ ഉണ്ടാവുന്നുണ്ട് എങ്കിലും ചടങ്ങിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. മാത്രമല്ല അത്തരത്തിലുള്ള അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും സംഘാടകർ ചൂണ്ടികാണിക്കുന്നു. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ദേശീയ കമ്മീഷൻ ഈ ആചാരത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.