Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുവയസുകാരന് ജീവപര്യന്തം !

ahmed അഹമ്മദ് മൻസൂർ ഖൊറാനി

ഈജിപ്തിൽ നിന്നും പുറത്തു വരുന്ന ഒരു വാർത്ത ലോകത്തെയാകെ ഞെട്ടിക്കുന്നതാണ്. മറ്റൊന്നുമല്ല വെറും മൂന്നു വയസു മാത്രം പ്രായമുള്ള ബാലന് ഈജിപ്റ്റിലെ മിലിട്ടറി കോടതി വിധിച്ച ശിക്ഷ ജീവപര്യന്തമാണ്. മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പിന്തുണച്ചു കൊണ്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ കുറ്റകൃത്യത്തിനാണിത്. കഴിഞ്ഞയാഴ്ചയാണ് അഹമ്മദ് മൻസൂർ ഖൊറാനി എന്ന മൂന്നു വയസുകാരനൊപ്പം 115 പേരെയും കുറ്റക്കാരെന്നു കണ്ടെത്തിയ ഈജിപ്ഷ്യൻ മിലിട്ടറി കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മൂന്നു പേരെ കൊല്ലുകയും പൊതു-സ്വകാര്യ സ്വത്തുക്കൾക്കു നാശം വരുത്തിയെന്നും കാണിച്ചാണ് ശിക്ഷ. കെയ്റോ സൈനിക കോടതിയിൽ തയ്യാറാക്കിയ പ്രതിപ്പട്ടികയിലാണ് ഗുരുതരമായ തെറ്റു കൈവന്നിരിക്കുന്നത്.

സംഭവം നടന്നെന്നു പറയുന്ന സമയത്ത് അഹമ്മദിന്റെ പ്രായം വെറും പതിനാറു മാസമാണ്. 2014ൽ പോലീസ് അഹമ്മദിനെ അറസ്റ്റു ചെയ്യാൻ എത്തിയെങ്കിലും കുട്ടിയാണെന്നു കണ്ടതോടെ പിതാവ് മൻസൂർ ഖൊറാനി ഷരാരയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. നാലുമാസത്തെ ത‌ടവിനു ശേഷം മാത്രമാണ് മൻസൂറിനെ വിട്ടയച്ചത്. എന്നാൽ അഹമ്മദിന്റെ അതേ പേരിലുള്ള ഒരു പതിനാറുകാരനാണ് സംഭവത്തിലെ പ്രതിയെന്നും അഹമ്മദിന്റെ പ്രായം കാണിച്ചുള്ള ജനന സര്‍ട്ടിഫിക്കറ്റും വക്കീലന്മാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ തങ്ങൾ അന്വേഷിക്കുന്ന പ്രതി പതിനാറു വയസുകാരനാണെന്നും അയാൾ തങ്ങളെ കബളിപ്പിച്ച് കടന്നു കളഞ്ഞിരിക്കുകയാണെന്നും കോടതി അധികൃതർ വ്യക്തമാക്കിയിരുന്നു. ഒരു വയസു പ്രായമുള്ള കൊച്ചുകുട്ടി ചെയ്യാവുന്ന തെറ്റുകളുടെ ഏഴയലത്തുപോലും വരാത്ത ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ കോടതിയ്ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. സംഭവം തങ്ങൾക്കു പറ്റിയ തെറ്റാണെന്ന് ഈജിപ്ഷ്യന്‍ അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും വിഷയത്തിൽ ഇനിയെന്തു സംഭവിക്കുമെന്നു കാത്തിരിക്കുകയാണ് എല്ലാവരും.