Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായ ആ ചിത്രം ജയലളിതയുടേതോ?

Jayalalitha ജയലളിതയുടേതെന്ന പേരിൽ വൈറലായ ചിത്രം

ഇന്നേക്കു പതിനൊന്നു ദിവസമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിവാസത്തിലാണ്. പനി, നിർജലീകരണം എന്നിവയെത്തുടർന്നു ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയുടെ അവസ്ഥ ഗുരുതരമാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ജയലളിത ആശുപത്രിയിലായ നാളുകൾ തൊട്ടുതന്നെ സമൂഹമാധ്യമത്തിൽ ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾ പെരുകിയിരുന്നു. ഇതിനിടയിലാണ് ആശുപത്രിയിൽ കിടക്കുന്ന ജയലളിതയുടേതെന്ന രീതിയിൽ ഒരു ഫോട്ടോയും സമൂഹമാധ്യമത്തിൽ വൈറലായത്. എന്നാൽ ആ ചിത്രം വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

നിരവധി മെഡിക്കൽ ഉപകരണങ്ങളുടെ നടുവിൽ ഓക്സിജൻ മാസ്ക് ധരിച്ച് ഒരു സ്ത്രീ കിടക്കുന്നതിന്റെ ആ ദൃശ്യം പലരും ജയലളിതയുടേതു തന്നെയാണെന്നു തെറ്റിദ്ധരിച്ചു. ​എന്നാൽ പെറുവിലെ ലിമയിലുള്ള എസാലുഡ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യമായിരുന്നു അത്. എസാലുഡ് ആശുപത്രിയിലെ ഇന്റന്സീവ് കെയർ യൂണിറ്റ് എന്ന ക്യാപ്ഷന്‍ സഹിതം അവരുടെ വെബ്സൈറ്റിൽ ഈ ചിത്രമുണ്ട്.

ജയലളിതയുടെ ആരോഗ്യസ്ഥിതി എന്തെന്നു വ്യക്തമാക്കണമെന്നും അവരുടെ ഫോട്ടോകൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. അതിനിടയിൽ ഈ ഫോ‌ട്ടോ പ്രചരിച്ചതോടെ അതു ജയലളിതയുടേതു തന്നെയായിരിക്കുമെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. സെപ്തംബർ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.