Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാലന്റൈൻസ് ഡേയ്ക്ക് അമ്പലത്തിൽ പോയ്ക്കൂടേ?

valant

വാലന്റൈൻസ് ഡേ അടുത്തുവരും തോറും ബാങ്കോക്ക് നഗരാധികാരികളുടെ ചങ്കിടിപ്പും കൂടിക്കൂടി വരികയാണ്. ടൂറിസമാണ് പ്രധാന വരുമാന മാർഗമെന്നതിനാൽ വിദേശികൾ ബാങ്കോക്കിലേക്ക് ഒഴുകിയെത്തുന്നത് പതിവാണ്. അവർ വരുന്നതുകൊണ്ടു കുഴപ്പമില്ല, പക്ഷേ അവരുടെ കൂടെ വന്ന വിദേശ സംസ്കാരം രാജ്യത്തെ യുവതീയുവാക്കൾ ഏറ്റെടുത്തതോടെ ഇപ്പോൾ എല്ലാം കൈവിട്ടുപോയ അവസ്ഥയിലാണ്. ഒരുകാലത്ത് ബുദ്ധമത വിശ്വാസത്തിന്റെ കേന്ദ്രമായിരുന്ന തായ്ലൻഡിൽ പലയിടത്തും ഇപ്പോൾ ഡാൻസ് ക്ലബുകളും മസാജ് പാർലറുകളും എന്തിന് ഗേ ബാറുകൾ വരെയായി. രാജ്യത്തെ സ്വവർഗാനുരാഗികളിൽ എയ്ഡ്സ് ബാധിച്ചവരുടെ എണ്ണത്തിലും വന്നു വർധന. അതും പോരാതെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ടീനേജ് പ്രഗ്നൻസി നിരക്കുള്ളവയിൽ മുൻനിരയിൽത്തന്നെയുണ്ട് തായ്ലൻഡ്. അടുത്തിടെ നടന്ന ഒരു സർവേ കൂടിയായതോടെ അധികാരികളുടെ ശ്വാസം നിലച്ച മട്ടാണ്—രാജ്യത്തെ ടീനേജർമാരിൽ ഭൂരിപക്ഷവും തങ്ങളുടെ ‘കന്യകാത്വം നഷ്ടപ്പെടുത്താൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ദിനം വാലന്റൈൻസ് ഡേയാണാത്രേ.

ഇതുകൂടിയായതോടെ ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷൻ അധികാരികൾ നേരിട്ടുതന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ പ്രണയദിനത്തിൽ കുരുത്തക്കേടുകളൊന്നും ഒപ്പിക്കാതെ വല്ല അമ്പലത്തിലും പോയി പ്രാർഥിച്ചുകൂടേയെന്നാണ് അധികൃതർ യുവതീയുവാക്കളോട് അഭ്യർഥിച്ചത്. മീനുകളെയും പക്ഷികളെയുമെല്ലാം തുറന്നുവിട്ട് ജീവജാലങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന ഒരു ആചാരമുണ്ട് തായ്ലൻഡിൽ. അത്തരത്തിൽ എന്തെങ്കിലും ചെയ്ത് പ്രണയദിനം ആഘോഷിച്ചുകൂടേയെന്നും അധികൃതർ ചോദിക്കുന്നു. ലൈംഗികതയെക്കുറിച്ച് ഒന്നുമറിയാത്ത പ്രായത്തിൽ, ദയവു ചെയ്ത് പ്രായത്തിനു നിരക്കാത്ത അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും അപേക്ഷയുണ്ട്.

ടീനേജ് പ്രഗ്നൻസി കേസുകൾ കൂടിയതോടെ രാജ്യത്ത് ഈ വർഷം 35 ലക്ഷം ഗർഭനിരോധന ഉറകളാണ് 68 ഹെൽത്സെന്ററുകൾ വഴിയും 10 സിറ്റി ഹോസ്പിറ്റലുകൾ വഴിയും സർക്കാർ വിതരണം ചെയ്തത്. തായ്ലൻഡിലെ സ്കൂളുകളിൽ കോണ്ടം വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനും ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുണ്ട്. 2010ൽ ഇതൊന്നു പരീക്ഷിച്ചതാണ്. അന്ന് മൂന്നിൽ രണ്ടു കുട്ടികളും ഇതിനെ അംഗീകരിച്ചതുമാണ്. പക്ഷേ രക്ഷിതാക്കൾ പ്രശ്നമുണ്ടാക്കി. കുട്ടികൾക്ക് ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രോത്സാഹനമാകുന്നതാണ് ഈ നടപടിയെന്നായിരുന്നു അന്ന് 90% മാതാപിതാക്കളും പറഞ്ഞത്. നിലവിൽ രാജ്യത്തിന്റെ മാനം കപ്പലേറുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് സർക്കാർ പുതിയ നടപടികളുമായെത്തുന്നത്. അതിന്റെ ആദ്യപടിയാണ് വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി രാജ്യത്തെ യുവതീയുവാക്കളോടുള്ള ഈ അപേക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.