Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഈ 12 വയസുള്ള കൊച്ചിനെയാണോ മൊതലാളി 13 വർഷമായിട്ട് പ്രേമിക്കുന്നത്’

vipin-divya

വിവാഹം ഇന്നൊരു ആഘോഷമാണ്. ഡാൻസും പാട്ടും കളികളുമൊക്കെയായി നടക്കുന്ന വലിയൊരു ആഘോഷം. ഓണത്തിനും ക്രിസ്മസിനുമൊക്കെ കാത്തിരിക്കുന്നതു പോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവാഹത്തിനായി ന്യൂജെൻ പിള്ളേർ കാത്തിരിക്കുന്നു.  ഇതൊക്കെ കണ്ടു പ്രായമായവർ ചിലപ്പോൾ മൂക്കത്തു വിരൽവയ്ക്കുമെങ്കിലും വിവാഹ ആഘോഷങ്ങളിൽ പുതുമ തേടിയുള്ള യാത്ര തുടരുകയാണ്. സ്വർഗത്തിൽ നടക്കുന്ന വിവാഹങ്ങളെ കരയിലും കടലിലും വെള്ളത്തിലും ആകാശത്തിലുമൊക്കെവച്ചു നടത്താമെന്ന് ന്യൂജെൻ പിള്ളേർ തെളിയിച്ചു. 

കല്യാണക്കുറിമാനത്തിൽ തുടങ്ങി ചെക്കനെയും പെണ്ണിനെയും വീട്ടിലെത്തിക്കുന്നതുവരെ ആഘോഷമാണ്. പ്രീ വെഡിങ് വിഡിയോ, പോസ്റ്റ് വെഡിങ് വിഡിയോ, വവ്വാൽ ക്ലിക്ക്, അണ്ടർ വാട്ടർ ക്ലിക്ക് തുടങ്ങി വെറൈറ്റി െഎറ്റങ്ങള്‍ വേറെയുമുണ്ട്. 

സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്ന ന്യൂജെൻ പിള്ളേരുടെ വെറൈറ്റി കല്യാണ വിശേഷത്തിലേക്ക് ഇതാ പുതിയൊരു ഐറ്റം കൂടി. കല്യാണത്തിന് ക്ഷണിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോക്കൊപ്പം നല്ല അഡാർ ഒരു ഡബ്സ്മാഷ് മിക്സ് ചെയ്താണ് പുതിയ പരീക്ഷണം. മോഹൻലാൽ–ശ്രീനിവാസൻ കോമ്പോ ചിരിയുടെ അമിട്ടു പൊട്ടിച്ച മിഥുനം സിനിമയെ കൂട്ടുപിടിച്ചാണ് ഈ ‘ന്യൂജെൻ കല്യാണം വിളി.’

വിപിൻ–ദിവ്യ എന്നി മിഥുനങ്ങളാണ് സേവ് ദ് ഡേറ്റ് വിഡിയോയിലെ നായികാ നായകൻമാർ. ശ്രീനിവാസനൊപ്പം മോഹൻലാൽ നായിക ഉർവ്വശിയെ കടത്തിക്കൊണ്ടു പോയി വിവാഹം കഴിക്കുന്ന രംഗമാണ് സേവ് ദ് ഡേറ്റ് വിഡിയോയിൽ സ്പൂഫായി പുനരാവിഷ്ക്കരിച്ചിട്ടുള്ളത്. എന്തായാലും ഈ ന്യൂജെൻ കല്യാണം വിളി സോഷ്യൽ മീഡിയക്ക് ‘ക്ഷ’ ബോധിച്ചിട്ടുണ്ട്.