Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതം, സുന്ദരം, മാതൃക; മന്ത്രി പുത്രിയുടെ വിവാഹം ഇങ്ങനെ!

eldho-chandra-sekharan

റവ്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹത്തെ പ്രകീർത്തിച്ച് എൽദോ എബ്രഹാം എംഎൽഎയു‌ടെ കുറിപ്പ്. ലളിതമായ ചടങ്ങുകളോടെയാണ് ഇ.ചന്ദ്രശേഖരന്റെ മകൾ നീലിയുടെ വിവാഹം നടന്നത്. ആഢംബരം കാണിക്കാൻ മടിയില്ലാത്ത മലയാളികളോട് അരുത് എന്നു പറഞ്ഞുകൊണ്ടുള്ള ഉത്തമ മാതൃകയെന്നാണ് ഈ വിവാഹത്തെ എൽദോ എബ്രഹാം വിശേഷിപ്പിച്ചത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിവാഹവിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച ‌എൽദോ എബ്രഹാം മനസ്സിന് കുളിർമ നൽകുന്ന ചടങ്ങിൽ പങ്കെടുക്കാനായതിലുള്ള സന്തോഷം വ്യക്തമാക്കി. കാസർകോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ സർവീസ് സഹകരണബാങ്ക് റിട്ട. മാനേജർ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി.കുഞ്ഞികൃഷ്ണൻ നായരുടെ മകൻ പി.വിഷ്ണുവാണ് ഇ. ചന്ദ്രശേഖരന്റെ മകൾ നീലിയെ വിവാഹം ചെയ്തത്. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ഉള്‍പ്പടെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

എൽദോ എബ്രഹാം എംഎൽഎയുടെ കുറിപ്പ്;

ബഹു:റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മകൾ നീലി ചന്ദ്രന്റെയും വിഷ്ണുവിന്റെയും വിവാഹം സമൂഹത്തിന് മാതൃക

ഇന്ന് രാവിലെ 9.30ന് കാസർകോഡ് ടൗൺ ഹാളിൽ വച്ച് നടന്ന വിവാഹച്ചടങ്ങ് ലളിതം.മാലയിടൽ, മോതിരമിടൽ, താലികെട്ട്, സിന്ധൂരം ചാർത്തി ഇത്രമാത്രം 15 മിനുട്ട്. 2000ത്തിൽ അധികം വരുന്നവരെ സാക്ഷിനിർത്തി അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്റെ മകളുടെ വിവാഹ ചടങ്ങിനെ കുറിച്ച് സദസിനോട് ചന്ദ്രേട്ടൻ 2 മിനുട്ട് സംസാരം.

മുഖ്യമന്ത്രിയും, സ്പീക്കറും ഇതര മന്ത്രിമാരും, എം.പിമാർ, എം.എൽ.എ.മാർ രാഷ്ട്രീയ സാമൂഹിക സംസകാരിക രംഗത്തെ പ്രമുഖർ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ എല്ലാം ചടങ്ങിൽ സാക്ഷിയായി. ഇടയ്ക്ക് ഫോട്ടോ എടുക്കുന്നത് സ്റ്റേജിൽ നിന്ന് ഇറങ്ങി ഹാളിന് പുറത്തായി ക്രമീകരിച്ചു. ചായ സൽക്കാരം ഇതിനിടെ നടക്കുന്നുണ്ടായിരുന്നു. സാധാരണ പോലെ സ്റ്റേജിൽ അമിത ഡക്കറേഷൻ ഇല്ല, എയർ കണ്ടീഷൻ ഹാൾ ഇല്ല, മൈക്കില്ല, ഗാനമേള ഇല്ല, കാറ്ററിംഗ് സർവീസുകാരുടെ വേഷവിധാനങ്ങൾ ഇല്ല, അമിതമായ ഫോട്ടോ, വിഡിയോ ഇല്ല. എന്നാൽ ഒന്നുണ്ടായി എല്ലവരും ചേർന്ന സ്നേഹസംഗമം.

ആഢംബരം കാണിക്കാൻ മടിയില്ലാത്ത മലയാളികളോട് അരുത് എന്ന് പറഞ്ഞ് കൊണ്ട്ഉത്തമ മാതൃകയായി മന്ത്രി ഇ.ചന്ദ്രശേഖരൻ .വിവാഹങ്ങൾ ധൂർത്തായി മാറുന്ന വർത്തമാനകാലം.കോടികൾ മുടക്കി വിവാഹം നടത്തുന്നവർ സമൂഹത്തിലെ താഴെ തട്ടിലെ ഒരു വിഭാഗത്തിന്റെ സ്പന്ദനം അറിയാറില്ല.' മകളെ വിവാഹം ചെയത് അയക്കാൻ കൈ നീട്ടുന്ന രക്ഷകർത്താക്കൾ ഉള്ള നാടാണ് നമ്മുടെത്.

നമ്മുടെ ജീവിതവഴിയിൽ കണ്ടുമുട്ടിയ സ്നേഹ ബന്ധങ്ങളുടെ ഭാഗമായി വിവാഹത്തിന് എല്ലവരേയും ക്ഷണിക്കാം പക്ഷെ ചടങ്ങ് ലളിതമാക്കാൻ ശ്രമിക്കണം ധൂർത്ത് അരുത്.

മനസിന് കുളിർമ സമ്മാനിച്ച വിവാഹ ചടങ്ങിൽ പങ്കെടുക്കാനായതിൽ സന്തോഷം .