Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഗിരിയുടെ കല്യാണത്തിനു കാണാം; സേവ് ദ് ഡേറ്റിലും പ്രകാശൻ

viral-save-the-date-video-dub-mash-njan-prakasan-teaser

സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു ഞാൻ പ്രകാശന്റെ ടീസർ. ഇതു ഞാനല്ലേ എന്നു മലയാളികളെ കൊണ്ടു ചോദിപ്പിച്ച ടീസർ ട്രോളന്മാരും ഏറ്റെടുത്തതോടെ സംഭവം കളറായി. എന്നാൽ അവിടെയും നിന്നില്ല. പുതുമകളുടെ പിന്നാലെ പായുന്ന വെഡ്ഡിങ് വിഡിയോകളുടെ ലോകത്തും പ്രകാശൻ എത്തിയിരിക്കുകയാണ്.  

വെഞ്ഞാറമൂട് സ്വദേശിയായ ഗിരിയുടെയും ആയൂർ സ്വദേശിനി ഒമേഗയുടെയും സേവ് ദ് ഡേറ്റ് വിഡിയോയാണ് ‘ഞാൻ പ്രകാശ’ന്റെ ടീസറിന്റെ ചുവടുപിടിച്ച് ഒരുക്കിയിരിക്കുന്നത്. ഒരു ഡബ്സ്മാഷ് പ്ലസ് സേവ് ദ് ഡേറ്റ് വിഡിയോ. തിരക്കിട്ട് സദ്യയ്ക്കെത്തുന്ന, കഴിച്ചു കഴിഞ്ഞു കുറ്റം പറയുന്ന പ്രകാശൻ 23ന് ഗിരിയുടെ കല്യാണത്തിനു കാണാമെന്നു പറഞ്ഞു യാത്രയാവുകയാണ്. 

njan-prakasan (1)

തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന പ്രൈം ലെൻസാണ് ഈ സേവ് ദ് ഡേറ്റിനു പിന്നിൽ. പ്രൈം ലെന്‍സിനു നേതൃത്വം നൽകുന്ന ആനന്ദിന്റെ ആശയമായിരുന്നു ഇത്തരത്തിലൊരു വിഡിയോ. അടുത്ത സുഹൃത്തായ ഗിരിയുടെ അനുവാദത്തിനു കാത്തുനിൽക്കാതെ ആനന്ദ് സേവ് ദ് ഡേറ്റ് ഒരുക്കുകയായിരുന്നു.

തോന്നക്കലിൽ നടന്ന ഒരു വിവാഹത്തിനിടയിലാണ് ഗിരിയുടെയും ഒമേഗയുടെ വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആനന്ദിന്റെ സഹോദരനായ സ്കൂൾ അധ്യാപകൻ അഭിലാഷ് ചന്ദ്രനാണ് വിഡിയോയിൽ പ്രകാശനായി എത്തിയിരിക്കുന്നത്.

‘‘ഈ ടീസർ കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒരു ആശയം തോന്നിയിരുന്നു. എന്നാൽ ഇതു ചെയ്യാൻ പറ്റിയ ഒരു കല്യാണം കിട്ടാൻ വൈകി. അങ്ങനെ ഒരു കല്യാണം ഒത്തുവന്നപ്പോൾ പെട്ടെന്നു പോയി ചിത്രീകരണം പൂർത്തിയാക്കി. നല്ല അഭിപ്രയമാണ് ഗിരിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്ന് ലഭിച്ചത്’’– ആനന്ദ് പറഞ്ഞു. 

രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയായിരുന്നു ഷൂട്ട്. ആനന്ദിനൊപ്പം അരവിന്ദ് എന്നൊരു ഫൊട്ടോഗ്രാഫറും ചേർന്നു ദൃശ്യങ്ങൾ പകർത്തി. കല്യാണത്തിനു വന്നവരുടെ സഹകരണം കൂടിയായപ്പോൾ പ്രകാശനിൽ നിന്നു സേവ് ദ് ഡേറ്റ് വിഡിയോയിലേക്ക് മനോഹരമായൊരു കൂടുമാറ്റം. വരുന്ന 23ന് ഗിരിയുടെ കല്യാണത്തിനു കാണാമെന്ന അവസാനഭാഗം വേറെ ഓഡിയോ കൂട്ടിച്ചേർത്ത് ഒരുക്കുകയായിരുന്നു. 

ഈ സേവ് ദ് ഡേറ്റ് പ്രകാശനും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇനി കാത്തിരിക്കാം 23ന് ഗിരിയുടെ വിവാഹസദ്യ കഴിക്കാനെത്തുന്ന പ്രകാശനെ നോക്കി.