Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്താക്ലോസും മാവേലിയും കോട്ടയത്ത്; ആ വൈറൽ ചിത്രങ്ങൾക്കു പിന്നിൽ

സാന്താക്ലോസും മാവേലിയും കോട്ടയത്ത്; ആ വൈറൽ ചിത്രങ്ങൾക്കു പിന്നിൽ

ക്രിസ്മസിന് സാന്താക്ലോസ് വരും, ഓണത്തിനു മാവേലിയും. ഇതാണ് പതിവ്. എന്നാല്‍ ആ പതിവ് ഈ ക്രിസ്മസിനു തെറ്റി. മാവേലിയേയും സാന്താക്ലോസും കോട്ടയത്ത് ഒരുമിച്ച് എത്തി. ഓണത്തിനു വരാനാകാത്തതിന്റെ സങ്കടത്തിലാണു  മാവേലി എന്നറിഞ്ഞ സാന്തയാണ് ക്ഷണക്കത്തയച്ചത്. പ്രളയത്തെ തോൽപ്പിച്ചു കരകയറിയ തന്റെ പ്രജകളെ കാണാൻ സന്തോഷത്തോടെ മാവേലി എത്തുകയും ചെയ്തു. 

സാന്താക്ലോസ് പാതാളത്തിലേക്ക് അയച്ച് കത്ത് ഇങ്ങനെ :

ഡിയർ മാവേലി.. 

അല്ലേൽ വേണ്ട..  നമുക്കിടയിൽ എന്തിനാ ബ്രോ ഒരു ഫോർമാലിറ്റി..?? 

ചങ്കെ മാവൂ ഇത് ഞാനാണ് സാന്റാ..

ഓർമ്മയുണ്ടോ?.. എങ്ങനെ ഓർമ കാണാൻ ആണ്.. അല്ലേലും നീ വരുമ്പോ ഞാൻ ഉണ്ടാവില്ല..  ഞാൻ വരുമ്പോ നീ പോയിട്ടും ഉണ്ടാകും.. 

santa-maveli (10)

ഇത്തവണ അത് പറ്റുകേല..  ഞാൻ വരുമ്പോൾ നീയും ഉണ്ടാവണം കൂടെ..  യേശു ദേവൻ എന്നോട് പറഞ്ഞു,  മാവൂനു വെള്ളപൊക്കം ആയതുകൊണ്ട് കേരളത്തിൽ ഓണത്തിന് വരാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് നല്ല വിഷമത്തിലാണ് ബ്രോ  എന്നും.. ബ്രോ വിഷമത്തിൽ ഇരുന്നാൽ ഞാൻ എങ്ങനെയാ ക്രിസ്തുമസ് കൊണ്ടാടുന്നെ??  നമ്മുടെ കേരളമല്ലേ..  നമുക്കൊന്നിച്ചു പോവാം ഇത്തവണ ക്രിസ്തുമസിന്..

santa-maveli (9)

പറ്റില്ലെന്ന് പറയരുത്..  വെള്ളപ്പൊക്കത്തിൽ ചങ്കുവിരിച്ചു കരകയറിയ നമ്മുടെ സഹോദരങ്ങളെ  കാണാൻ നമുക്ക് ഒന്നിച്ചു പോണം..  നിന്റെ വരവ് അവർ ആഗ്രഹിക്കുന്നുണ്ട് മാവൂ ബ്രോ..  അതുകൊണ്ട് അടുത്ത വണ്ടിപിടിച്ചു ബ്രോ ഇങ്ങു വാ..  ഞാൻ കാത്തിരിക്കും..  ഇവിടെത്തുമ്പോ ഞാൻ നേരിട്ടുവന്നു കൂട്ടിക്കൊണ്ടുവരാം..  കോട്ടയം ബസ് സ്റ്റാൻഡിൽ ഞാനുണ്ടാകും.. എത്തിയേക്കണം.. ഈ ക്രിസ്തുമസ് നമ്മളൊന്നിച്ചു വേണം..  ദൈവഹിതം നടക്കട്ടെ..  സ്നേഹത്തോടെ സാന്റാ... 

santa-maveli (8)

പിന്നെ ഒന്നും നോക്കിയില്ല മാവേലി തമ്പുരാൻ കെഎസ്ആർടിസി ബസിൽ കയറി വന്നു. രണ്ടുപേരും നഗരത്തിലൂടൊന്നു ചുറ്റിയടിച്ചു. മാവേലി പ്രജകളെ കണ്ടു. ഇതിനിടയിൽ സാന്താക്ലോസ് സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് ചിലർ അമ്പരന്നു നിന്നു. മറ്റു ചിലർ സെൽഫിയെടുത്തു. 

santa-maveli (3)

സാന്തയും മാവേലിയും വന്ന വഴി...

ഒരു സേവ് ദ് ഡേറ്റ് വിഡിയോയുടെ ചിത്രീകരണത്തിനാണു മാവേലിയും സാന്തയും ഒന്നിച്ചിറങ്ങിയത്. വെഡ്ഡിങ് വിഡിയോകളിലൂടെ പ്രശസ്തമായ കോട്ടയത്തെ ട്യൂസ് ഡേ ലൈറ്റ്സ് ആണ് പുതിയ പരീക്ഷണവുമായി എത്തിയത്. ഒന്നിച്ച് അടിച്ചു പൊളിച്ച ആ ദിവസത്തിനൊടുവിൽ സാന്ത മാവേലിക്കും സമ്മാനം നൽകും. ഒരു വിവാഹക്ഷണക്കത്ത്. സാന്താ തന്റെ മുഖമൂടി മാറ്റുമ്പോൾ ഒരു പെൺകുട്ടി നിൽക്കുന്നു.

santa-maveli (2)

ഓണത്തിനു മാവേലിക്കു വരാൻ പറ്റാത്തതിന്റെ സങ്കടത്തിൽ കത്തയച്ചതാണെന്നും തന്റെ വിവാഹത്തിനു മാവേലി എന്തായാലും വരണമെന്നും പെൺകുട്ടി പറയുന്നു. എന്നാൽ നിങ്ങളുടെ വിവാഹം ഞാനില്ലെങ്കിലും മനോഹരമായി നടക്കുമെന്ന് അനുഗ്രഹിച്ച് പ്രളയദിനത്തിൽ പ്രജകളുടെ രക്ഷകരായ കടലിന്റെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും നന്ദി അറിയിക്കാനുമായി മാവേലി പോവുകയാണ്. ഈ കാഴ്ച കണ്ടു മനസ്സു നിറഞ്ഞ് നിൽക്കുന്ന കടൽതീരത്തു വധുവും വരനും. 

santa-maveli (6)

കോട്ടയം സ്വദേശി അർജുന്റെയും തൃശ്ശൂർ സ്വദേശിനിയായ ആന്‍സിയുടേയും വിവാഹത്തിനു മുന്നോടിയായാണു സാന്തയും മാവേലിയും ഒന്നിച്ചിറങ്ങിയത്. ജനുവരി 9ന് ആണ് ഇവരുടെ വിവാഹം. കെഎസ്ആർടിസി ബസ് സ്റ്റാന്റിലും സ്കൂളിലും ട്യൂസ് ഡേ ലൈറ്റ്സ് നടത്തിയ വിവാഹ ഫോട്ടോഷൂട്ട് നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. ട്യൂസ് ഡേ ലൈറ്റ്സ് ഉടമ അർജുൻ ആണ് ഈ ആശയത്തിനു പിന്നിൽ. പ്രളയത്തിന്റെ ദൃശ്യങ്ങൾ കൂടി സേവ് ദ് ഡേറ്റ് വിഡിയോയിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് അർജുൻ പറഞ്ഞു.

santa-maveli (4)

സാന്താക്ലോസും മാവേലിയും ഒന്നിച്ചുള്ള രസകരമായ ചിത്രങ്ങൾക്കൊപ്പം കോട്ടയത്തിന്റെ ഹൃദയം തൊട്ടറിയുന്ന ഈ വെഡ്ഡിങ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇനി മനോഹരമായ ഒരു സേവ് ദ് ഡേറ്റ് വിഡിയോക്കു വേണ്ടി കാത്തിരിക്കാം.