മൈഡിയർ മച്ചാ.. റൗഡി ബേബിയായി വരൻ; വിവാഹ വിഡിയോ വൈറൽ

wedding-viral-video
SHARE

റൗഡി ബേബി തരംഗം തുടരുകയാണ്. സിരകളിൽ ആവേശം നിറച്ചു ധനുഷിന്റെയും സായ്പല്ലവിയുടെയും തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയ ഗാനം യൂട്യൂബില്‍ പുതിയ റെക്കോർഡുകളുമായി കുതിക്കുകയാണ്. ടിക് ടോകില്‍ റൗഡി ബേബിയ്ക്കു ചുവടുവെയ്ക്കാൻ മത്സരം. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് മറ്റൊരു റൗഡി ബേബി. അതെ, മലയാളികളുടെ സ്വന്തം ‌റൗഡി ബേബി!

തൃശൂർ സ്വദേശികളായ സച്ചിൻ, പ്രിയങ്ക എന്നിവരുടെ വിവാഹത്തിനാണു റൗഡി ബേബിയുടെ പുത്തൻ എൻട്രി. പാടവരമ്പും കള്ളുഷാപ്പും പശ്ചാത്തലമായി എത്തുന്ന ഒരു നാടൻ റൗഡി ബേബി. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കിയാണു വിഡിയോ ഒരുക്കിയിരിക്കുന്നത്. പ്രിയങ്കയും സച്ചിനും തകർത്താടിയതോടെ സംഭവം മാസ്. ഇവരുടെ ബന്ധുക്കളും ഒപ്പം ചുവടുവെച്ച് വിഡിയോ കളർഫുള്ളാക്കി. ഏറെ ആവേശത്തോടെ ഈ വിവാഹവിഡിയോ ഏറ്റെടുത്ത സമൂഹമാധ്യമങ്ങൾ ‘മലയാളികളുടെ റൗഡി ബേബി’ എന്ന പേരും നൽകി.

തൃശൂർ കുർക്കഞ്ചേരിയിലുള്ള മോഷൻ പിക്ചേഴ്സ് വെഡ്ഡിങ് പ്ലാനേഴ്സ് ആണ് ഈ വൈറൽ വിഡിയോയുടെ സൃഷ്ടാക്കൾ. പതിവുപോലെ വെറൈറ്റി തേടിയാണു വരനും കുടുംബാംഗങ്ങളും എത്തിയത്. ഒരു തട്ടുപൊളിപ്പൻ മാസ് റൗഡി ബേബിയെ ഒരുക്കാമെന്ന ആശയം മുന്നോട്ടു വെച്ചു. വരനും വധുവിനും പൂർണസമ്മതം. ഗാനത്തിന്റെ ജനപ്രീതിയാണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ. തൃശൂര്‍ മനക്കൊടിയിലെ പാടശേഖരത്തിലായിരുന്നു ഷൂട്ട്. അമ്പു രമേഷ്, വൈശാഖ്, സാംസൺ എന്നിവരായിരുന്നു വിഡിയോക്കു പിന്നിൽ.

ഇതിനൊപ്പം നടത്തിയ ഫോട്ടോഷൂട്ടും കയ്യടി നേടി. എന്തായാലും പരീക്ഷണങ്ങളും വെറൈറ്റികളും ഏറെ കണ്ട കല്യാണ വിഡിയോയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുകയാണ് ‘റൗഡി ബേബി’ വെഡ്ഡിങ് വിഡിയോ.

MORE IN WEDDING
SHOW MORE
FROM ONMANORAMA