sections
MORE

ഒരുക്കിയത് ആഡംബര നഗരം, അദ്ഭുതങ്ങള്‍ ആകാശത്തും; അംബാനി പുത്രന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾ

HIGHLIGHTS
  • വേദിയുടെ പേര് ‘വിന്റർ വണ്ടർലാന്റ്’
  • ആഡംബര റിസോർട്ടുകൾക്കു പ്രശസ്തമാണ് സെന്റ് മോറിറ്റ്സ്
Ambani-1
പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കായി ഒരുക്കിയ വേദി, മുകേഷ് അംബാനി സെന്റ് മോറിറ്റ്സിൽ
SHARE

കാത്തിരുന്നതു പോലെ അദ്ഭുതങ്ങൾ ഒരുക്കി മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു സ്വിറ്റ്സർലൻഡില്‍ തുടക്കമായി. ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ള അതിഥികളാണു പാർട്ടിയിൽ പങ്കെടുക്കുന്നത്. സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സില്‍ മൂന്നു ദിവസമാണ് ആഘോഷപരിപാടികൾ. 

മകന്റെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കു വേണ്ടി എല്ലാ സുഖസൗകര്യങ്ങളുമുള്ള ഒരു ചെറുനഗരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ അദ്ഭുതങ്ങൾ നിറഞ്ഞ ഈ വേദിയുടെ പേര് ‘വിന്റർ വണ്ടർലാൻഡ്’

Ambani-4

സെന്റ് മോറിറ്റ്സിൽ നിന്നുള്ള ചിത്രങ്ങൾ ആഘോഷത്തിന്റെ ആഡംബരം വ്യക്തമാക്കുന്നു. പ്രകാശസംവിധാനങ്ങളാൽ അലംകൃതമായ വേദി. ചില്ലു കൂടാരങ്ങൾക്ക് അകത്ത് പലവിധം വർണങ്ങള്‍ മിന്നിത്തിളങ്ങുന്നു‍. കൂറ്റൻ യന്ത്ര ഊഞ്ഞാൽ ഉൾപ്പടെ വിനോദത്തിനായി പലവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റിലും പരിചാരകരുടെ വലിയ പട സജ്ജരായി നിൽക്കുന്നു. 

ആകാശത്തും വിസ്മയങ്ങൾക്ക് കുറവൊന്നുമില്ല. സംഗീതത്തിനൊപ്പം പലരൂപങ്ങളിലേക്കു മാറുന്ന ലൈറ്റുകളും ചേർന്ന ഡ്രോൺ ഷോ രാത്രി കാഴ്ചകളെ വിസ്മയമാക്കി മാറ്റി. വർണാഭമായ വെടിക്കെട്ടിനും സെന്റ് മോറിറ്റ്സ് സാക്ഷിയായി. രാജകീയത നിറയുന്ന മുച്ചക്ര വാഹനത്തിലാണ് ആകാശും ശ്ലോകയും വേദിയിലെത്തിയത്. ഈ ചിത്രം നിത അംബാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 

Ambani-5
ആകാശ് അംബാനിയും ശ്ലോക മേത്തയും വേദിയിലേക്ക് വരുന്നു(ഇടത്), വേദിയുള്ള ഉള്ളിലെ കാഴ്ച(വലത്)

സ്വിറ്റ്സർലന്‍ഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രഫഷനൽ മേക്കപ്പ് സർവീസിന്റെ ഇൻസ്റ്റാഗ്രാമിൽ വിന്റർ വണ്ടർലാൻഡിലെ കാഴ്ചകൾ പങ്കുവച്ചിട്ടുണ്ട്. ‘ഇതെല്ലാം കാണുമ്പോൾ വാൾട്ട് ഡിസ്നി സിനിമകളിലെ അത്ഭുതലോകം പോലെ തോന്നുന്നു’ എന്നാണു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വർഷം ഇതിനേക്കാൾ വലിയൊരു പരിപാടിയിൽ പങ്കെടുക്കാനാവുമെന്നു കരുതുന്നില്ലെന്നും പറയുന്നു. വേദി കാണാനും ചിത്രങ്ങൾ പകർത്താനും മോറിറ്റ്സിലെ വിനോദസഞ്ചാരികളും സ്വദേശികളും തടിച്ചു കൂടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

Amabni-222
വേദിയ്ക്ക് ചുറ്റും തടിച്ചു കൂടിയ വിനോദ സഞ്ചാരികളും സ്വദേശികളും

അമേരിക്കൻ ബാൻഡ് ഗ്രൂപ്പായ മെറൂൺ 5 ന്റെ പ്രകടനം ഒരുക്കിയിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ആകാശും ശ്ലോകയും ഈ ബാന്‍ഡിന്റെ ആരാധകരാണ്. അതിനാലാണ് മെറൂണ്‍ 5ന്റെ പ്രകടനം ഉൾപ്പെടുത്തിയത്. ഇരുവർക്കും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഉൾപ്പടെ 40 മിനിറ്റ് നീളുന്ന പ്രകടനമാണ് മെറൂൺ 5 നടത്തുക. സ്വകാര്യ പരിപാടികൾക്ക് 1.5 മില്യൻ ഡോളർ വരെയാണ് ഈ ബാന്‍ഡിന്റെ പ്രതിഫലം. ഇന്ത്യൻ രൂപയിൽ 10 കോടിയോളം.

ലണ്ടനിൽ നിന്നുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണു പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചുമതല. ആഡംബര റിസോർട്ടുകൾക്കു പ്രശസ്തമാണ് സെന്റ് മേറിറ്റ്സ്. സൂറിക്ക് എയർപോർട്ടിൽ നിന്നു സെന്‍റ് മോറിറ്റ്സിലെത്താൻ 200 കിലോമീറ്റർ യാത്ര ചെയ്യണം.

ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, റൺബീർ കപൂർ, ആലിയ ബട്ട്, വിദ്യാ ബാലൻ, കരൺ ജോഹർ എന്നിവരുൾപ്പെടുന്ന താരനിരയാണു സെന്റ് മോറിറ്റ്സിൽ എത്തിയിരിക്കുന്നത്.  സ്വിറ്റ്സർലൻഡിലേക്കു പുറപ്പെടാൻ മുംബൈ വിമാനത്താവളത്തിൽ താരങ്ങൾ എത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മാർച്ച് 9,10,11 തീയതികളിലാണ് ആകാശിന്റെ വിവാഹം. മുംബൈയിലെ വേൾഡ് സെന്ററിലാണു ചടങ്ങുകൾ. റോസ ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളാണു ശ്ലോക മേത്ത. ആകാശിന്റെ ആദ്യ വിവാഹക്ഷണക്കത്ത് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അംബാനികുടുംബം നേരിട്ടെത്തി സമർപ്പിച്ചിരുന്നു. ഈ വിവാഹക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

2018 ഡിസംബറിലായിരുന്നു ആകാശിന്റെ ഇരട്ട സഹോദരി ഇഷയുടെ വിവാഹം. രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന പ്രീവെഡ്ഡിങ് ചടങ്ങുകൾ ഇന്ത്യ കണ്ട ഏറ്റവും ആഡംബരപൂർണമായി വിവാഹാഘോഷമായാണു കണക്കാക്കുന്നത്. ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിന്റെ മകൻ ആനന്ദാണ് ഇഷയുടെ ഭർത്താവ്.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA