sections
MORE

ഒറ്റയ്ക്കു പോസ് ചെയ്യാൻ ഫൊട്ടോഗ്രാഫർമാര്‍; രണ്ടു ശരീരവും ഒരു ആത്മാവും എന്ന് ആകാശ് അംബാനി

HIGHLIGHTS
  • മാർച്ച് 9 ന് ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററിലാണ് വിവാഹം
  • വർണവിസ്മയ കാഴ്ചകളായിരിക്കും ജിയോ വേൾഡ് സെന്ററിൽ‍ ഒരുങ്ങുക
akash-ambani-says-we-are-two-bodies-one-soul-and-shlokas-reaction
SHARE

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമൻ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയുടെയും വിവാഹാഘോഷങ്ങള്‍ക്കു തുടക്കമായി. വിവാഹ ഒരുക്കങ്ങളുടെയും വേദികളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂട്ടത്തില്‍ അന്നസേവ വേദിയിൽ നിന്നുള്ള ആകാശിന്റെയും ശ്ലോകയുടെയും വിഡിയോയാണു ശ്രദ്ധേയം. ഇരുവരുടെയും സ്നേഹം പ്രകടമാകുന്ന വിഡിയോ ഏറെ ആവേശത്തോടയൊണ് ആരാധകർ‌ സ്വീകരിച്ചത്.

വിശേഷ ചടങ്ങുകൾക്കു മുന്നോടിയായി അംബാനി കുടുംബം അന്ന സേവ നടത്താറുണ്ട്. ആകാശിന്റെ വിവാഹത്തിനു മുന്നോടിയായുള്ള അന്നസേവ മാർച്ച് 6 ന് ജിയോ ഗാർഡൻസിലായിരുന്നു. അന്നസേവയ്ക്കിടയിൽ അംബാനി കുടുംബാംഗങ്ങളും മേത്ത കുടുംബാംഗങ്ങളും ചിത്രങ്ങൾക്കു പോസ് ചെയ്തു. അതിനുശേഷം ആകാശിനോടും ശ്ലോകയോടും മാത്രം ചിത്രങ്ങൾക്കു പോസ് ചെയ്യാൻ ഫൊട്ടോഗ്രാഫർമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇരവരും നിന്നു. ‘ശ്ലോക ചിരിക്കുമ്പോൾ അവളുടെ ചിത്രങ്ങളെടുക്കണേ’ എന്നായിരുന്നു ആകാശിന്റെ അഭ്യര്‍ഥന. ഇതു കേട്ടതോടെ ശ്ലോക ചിരിക്കുന്നതും ആകാശിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതിനുശേഷം ഒറ്റയ്ക്കു പോസ് ചെയ്യണമെന്നു ഫൊട്ടോഗ്രാഫർമാർ ഇരുവരോടും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആകാശ് നൽകിയ മറുപടിയാണ്  ശ്രദ്ധേയമായത്. ‘‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’’– ആകാശ് പറഞ്ഞു. ഇവർക്കിടയിലുള്ള സ്നേഹവും കരുതലും സന്തോഷവും ഈ വിഡിയോയിൽ വ്യക്തമാണ്. 

മാർച്ച് 9ന് ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററിലാണ് ആകാശ് അംബാനി–ശ്ലോക മേത്ത വിവാഹം. പ്രമുഖ ബോളിവുഡ് താരങ്ങളെല്ലാം ചടങ്ങിനെത്തുമെന്നാണു റിപ്പോര്‍ട്ടുകൾ. കൂടാതെ വർണവിസ്മയ കാഴ്ചകളായിരിക്കും ജിയോ വേൾഡ് സെന്ററിൽ‍ ഒരുങ്ങുകയെന്നും സൂചനകളുണ്ട്.

സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിൽ നടന്ന ആകാശിന്റെ പ്രീവെഡ്ഡിങ് പാർട്ടി ആഡംബരങ്ങളും അദ്ഭുതങ്ങളും നിറഞ്ഞതായിരുന്നു. അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിൽ‌, ഹാരി പോട്ടർ സിനിമയിലെ കാഴ്ചകൾ ആധാരമാക്കി നടത്തിയ പാർട്ടിയും ശ്രദ്ധേയമായിരുന്നു. 

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും പിരാമൽ വ്യവസായ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകൻ ആനന്ദിന്റെയും വിവാഹം. രാജ്യം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹമായാണ് ഇഷയുടെ വിവാഹം വിശേഷിപ്പിക്കപ്പെട്ടത്. മൂന്നു മാസങ്ങള്‍ക്കുശേഷം ഇഷയുടെ ഇരട്ട സഹോദരനായ ആകാശ് വിവാഹിതനാകുമ്പോൾ സോഷ്യൽ ലോകം വലിയ ആകാംക്ഷയിലാണ്. 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA