sections
MORE

വേദിയായി ബീച്ച്, ലൈവ് ഫുഡും ടിക് ടോക്കും; ഇത് വിവാഹത്തിന്റെ മോചനം

HIGHLIGHTS
  • പുതുതലമുറയുടെ ഇഷ്ടപ്പെട്ട വിവാഹ വേദിയാണ് ബീച്ച്
  • വിഡിയോഗ്രഫിയിലെ മാറ്റം ടിക് ടോക് വിഡിയോയിൽ വരെയെത്തി നിൽക്കുന്നു
new-generation-wedding
SHARE

അങ്ങോട്ടുമിങ്ങോട്ടും മാലയിടൽ. പിന്നിൽ നിന്നു കുരവയിടൽ. നാഗസ്വരമടക്കം പക്കമേളം. ഇലസദ്യ. ആ കാലത്തിൽ നിന്നു വിവാഹത്തിനും മോചനം ലഭിച്ചിരിക്കുന്നു. പടമെടുപ്പ് വെള്ളത്തിനടിയിൽ. വിവാഹ വേദി ബീച്ചിൽ. കല്യാണച്ചടങ്ങ് വിമാനമേറി വിദേശത്ത്. ഭക്ഷണം അതിഥികൾക്ക് ആവശ്യമുള്ളത് അപ്പോൾ ഉണ്ടാക്കി നൽകൽ... ഭക്ഷണം മുതൽ വേദിവരെ നൂറു നൂറു മാറ്റങ്ങൾ.

ബീച്ച് വെഡിങ്

വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്ന ചൊല്ല് തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു. വിവാഹം സ്വർഗത്തിൽ മാത്രമല്ല, ഇപ്പോൾ ബീച്ചിൽ വരെ നടക്കുന്നു. പുതുതലമുറയുടെ ഇഷ്ടപ്പെട്ട വിവാഹ വേദിയാണ് ബീച്ച്.

ബീച്ചിൽ പ്ലാറ്റ്ഫോമിട്ട് വിവാഹ വേദി സജ്ജീകരിക്കും. സൂര്യാസ്തമയത്തിന്റെ ചെഞ്ചുവപ്പ്, വൈകുന്നേരത്തെ കുളിർത്തെന്നൽ, തിരയടിയുടെ ആവേശം വിവാഹത്തിനു സ്വർഗത്തേക്കാൾ നല്ലതാണത്രെ ബീച്ച്.

850836620

ഭക്ഷണ കൗണ്ടറുകൾ ക്രമീകരിക്കാൻ ഇഷ്ടം പോലെ സൗകര്യം ബീച്ചിലുണ്ടാകും. കുട്ടികൾക്ക് ഓടിക്കളിക്കാം. ഫൊട്ടോഗ്രഫി അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലാക്കാം. എല്ലാം ഇവന്റ് മാനേജർമാർ ചെയ്തോളും.

ഭക്ഷണം ലൈവ്, അഥവാ ഇന്ററാക്ടീവ് ഫുഡ്!

ചേട്ടാ, മുളകു കുറച്ചു മതി. തക്കാളി ഇത്തിരി കൂട്ടിയിട്ടോ...ലേശം കുരുമുളകു പൊടിയാവാം..കല്യാണ സദ്യയ്ക്ക് ഇങ്ങനെ പറഞ്ഞു പ്രത്യേകം തയാറാക്കാം. അതിനുള്ള അവസരമൊരുക്കുകയാണ് ഇപ്പോഴത്തെ വിവാഹ ഭക്ഷണത്തിലെ ട്രെൻഡ്. ലൈവ് പാചകം. ഇന്ററാക്ടീവ് ഫുഡ് എന്നാണിതിനു ന്യൂ ജൻ പേര്. കല്യാണം ബുക്ക് ചെയ്യാൻ വരുമ്പോൾത്തന്നെ തമിഴ്നാട് പച്ചക്കറിയാണോ, നാടൻ പച്ചക്കറിയാണോ എന്നു ചോദിക്കുന്ന രീതിയും കൂടി വരുന്നുണ്ട്. നാടൻ പച്ചക്കറിയിലാവണം സദ്യ എന്നു നിർബന്ധം പിടിക്കുന്നവരുമുണ്ട്.

898177184

ഡെസ്റ്റിനേഷൻ വെഡിങ്

വിവാഹാഘോഷത്തിനു കേരളത്തിലെ വേദികളൊന്നും പോരാത്തവരുണ്ട്. വളരെ അടുപ്പമുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു 30 പേർ. നേരെ ബാങ്കോക്കിനോ പട്ടായയ്ക്കോ പറക്കുന്നു. അവിടെ ആഘോഷമായി ഒരാഴ്ച കൂടി മൈലാഞ്ചിക്കല്യാണം മുതൽ ചടങ്ങുകളെല്ലാം പൂർത്തിയാക്കി തിരിച്ചു പറക്കുന്നു. ഈ സമ്പ്രദായം ഇപ്പോൾ വ്യാപകമാണെന്നു വിവാഹ മേഖലയിലെ ഇവന്റ് കോ ഓർഡിനേറ്റർമാർ പറയുന്നു. വടക്കെ ഇന്ത്യയിൽ നിന്ന് ഇത്തരം സംഘങ്ങൾ കേരളത്തിൽ ബോൾഗാട്ടിയിലെയും കുമരകത്തെയും വൻകിട റിസോർട്ടുകളിലെത്തി ചടങ്ങുകൾ നടത്തി മടങ്ങാറുണ്ട്. പൂജാരിയെയും ഒപ്പം കൂട്ടും.

110270699

ടിക് ടോക് ആവാം തുറിച്ചു നോട്ടം വേണ്ട

വിവാഹ ഫോട്ടോ, വിഡിയോഗ്രഫിയിലെ മാറ്റം ടിക് ടോക് വിഡിയോയിൽ വരെയെത്തി നിൽക്കുന്നു. പെണ്ണും ചെക്കനും ചേർന്നുള്ള ടിക് ടോക് വിഡിയോകൾ മിക്കപ്പോഴും ഹിറ്റാകും. പെണ്ണിനും ചെക്കനുമൊപ്പം പടമെടുക്കാൻ ബന്ധുക്കൾ ക്യൂ നിന്നു വേദിയിൽ കയറുന്നതും ക്യാമറയ്ക്കു നേരെ തുറിച്ചു നോക്കി നിൽക്കുന്നതുമായ പഴയ ശൈലി മാറുകയാണ്. ക്യാമറ ഡ്രോൺ ആയി പറന്നും ക്രെയിൻ ക്യാം ആയി നീണ്ടും അതിഥികളുടെ ‘പോസ്’ ചെയ്യാത്ത ഫോട്ടോയും വിഡിയോയും ഒപ്പിയെടുത്തുകൊള്ളും.

530653495

എല്ലാം എല്ലീഡീ

സാധാരണ ഓഡിറ്റോറിയമായിരിക്കാം എന്നാൽ മിന്നു കെട്ടിന്റെ സമയമാകുമ്പോൾ പെട്ടെന്നതാ ഗുരുവായൂർ അമ്പലത്തിന്റെ ഉൾവശമായി മാറുന്നു. പിന്നിൽ കൽമണ്ഡപം വിളക്ക് വിവാഹത്തിന്റെ നാഗസരത്തിന്റെ ഭംഗി. ഉണ്ണിക്കണ്ണന്റെ ശിൽപം.. എല്ലാം എൽഇഡി സ്ക്രീനിലെ മായാജാലമാണ്.

വേദിയുടെ പിന്നിലും ചുറ്റിലും എൽഇഡി സ്ക്രീനുണ്ടെങ്കിൽ വിവാഹ വേദി ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.

155145923

വൈറ്റ് ഹൗസ്, ഇന്ത്യ ഗേറ്റ്, ലണ്ടൻ ബ്രിജ് അങ്ങനെയെന്തും പശ്ചാത്തലമാക്കാം. പൂവും കർട്ടനും അതിൽ തെർമോക്കോൾ പേരെഴുത്തും എന്ന പഴഞ്ചൻ ശൈലി ചെറുപ്പക്കാർ ഉപേക്ഷിച്ചു കഴിഞ്ഞു.

ഇക്കോ ഫ്രണ്ട്സ്

പ്രകൃതി സ്നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാരുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള അലങ്കാരങ്ങൾക്കൊന്നും വഴങ്ങില്ല. പുനരുപയോഗിക്കാവുന്ന തടിപ്പെട്ടികൾ പലതരം പെയിന്റ് ചെയ്തും മറ്റും വേദി അലങ്കരിക്കും. ചണം, കയർ ഇവകൊണ്ടാവും വേദിയലങ്കാരം.

ബാഹുബലി സെറ്റിന്റെ മാതൃകയിൽ വേദിയിൽ ഫൈബർ മോൾഡഡ് കൊട്ടാരമുണ്ടാക്കുന്നവരും കുറവല്ല.

ദേ പൊട്ടിയ സ്ലേറ്റുമായി വരൻ

അതിഥികളെത്തുമ്പോൾ ഈ എൽഇഡി സ്ക്രീനിൽ വരന്റെയും വധുവിന്റെയും കുട്ടിക്കാലമായിരിക്കും. സ്കൂളിൽ പോകുന്നത്, ആദ്യം ട്രോഫി കിട്ടുന്നത്, ആദ്യം വേദിയിൽ കയറുന്നത്. നഴ്സറിയിൽ ചേർന്നപ്പോൾ നിലവിളിച്ചു കരയുന്നത് അങ്ങനെ രസകരമായ കാഴ്ചകൾ..

അങ്ങനെ കണ്ടിരിക്കുമ്പോൾ അതാ കുട്ടിനിക്കറിട്ടു നടന്ന ചെക്കൻ പെട്ടെന്നു വേദിയിലേക്ക് എത്തുന്നു, വിവാഹ വേഷത്തിൽ..പിന്നാലെ വധുവും.

വിവരങ്ങൾക്കു കടപ്പാട്;

ജോസ് സെബാസ്റ്റ്യൻ, ജനറൽ  മാനേജർ, ലുലു കൺവൻഷൻ സെന്റർ, പുഴയ്ക്കൽ, തൃശൂർ..

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA