sections
MORE

ദേഹണ്ഡക്കാരനു കല്യാണ വിഡിയോയിലെന്തു കാര്യം; കഥ പറയും ഇൗ സേവ് ദ് ഡേറ്റ്!

save-the-date
SHARE

കല്യാണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നു സദ്യതന്നെ. അത് രുചികരമാക്കാൻ ഏറ്റവും മികച്ച ആൾക്കാരെ തേടിപ്പിടിച്ച് ആ ഉത്തരവാദിത്തം ഏൽപ്പിക്കും. കല്യാണം അടുക്കുമ്പോഴേക്കും വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കലായി. ദേഹണ്ഡക്കാരൻ പറഞ്ഞുകൊടുക്കുന്നത് സഹായി പകർത്തും. ഇതിനിടയിൽ സഹായിക്കും കാണും പറയാൻ തന്റേതായ അഭിപ്രായങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തി ഒരു സേവ് ദ് ഡേറ്റ്  വന്നാലോ.

നാട്ടിൻപുറത്തിന്റെ മനോഹാരിത ഉൾക്കൊണ്ടുള്ള അത്തരമൊരു തനി നാടൻ സേവ് ദ് ഡേറ്റ് വിഡിയോയുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് പ്രവൃത്തിക്കുന്ന പ്രൈം ലെൻസ് ഫോട്ടോഗ്രഫി. ദേഹണ്ഡക്കാരന്റെ വീട് എന്നു തോന്നുന്ന സ്ഥലമാണ് പശ്ചാത്തലം. ദേഹണ്ഡക്കാരൻ എന്നു കേൾക്കുമ്പോൾ മനസ്സിലേക്കു വരുന്ന അതേ രൂപത്തിൽ വെള്ള ബനിയനൊക്കെ ഇട്ടിരുന്ന് അദ്ദേഹം സദ്യയ്ക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറയുന്നു. നാളീകേരം 350, തോർത്ത് മൂന്ന് എന്നു പറയുമ്പോൾ ശിഷ്യൻ കൈയിൽ നിന്നിട്ട് തോർത്ത് നാല് എന്നു തിരിച്ചു പറയുന്നു. അതിനുള്ള രസകരമായ മറുപടിയും ദേഹണ്ഡക്കാരൻ ശിഷ്യനു നൽകുന്നുണ്ട്. ഇതെല്ലാം കേട്ട് അടുത്തിരിക്കുന്ന അമ്മാവൻ. നാട്ടിൻപുറങ്ങളിൽ കല്യാണത്തോടനുബന്ധിച്ച് കണ്ടുവരുന്ന മനോഹരമായ ഒരു കാഴ്ചയെയാണ്  സേവ് ദ് ഡേറ്റ് വിഡിയോ ആയി അവതരിപ്പിച്ചിരിക്കുന്നത്.

പവിത്രം സിനിമയിലെ ഒരു രംഗം  കണ്ടപ്പോൾ പ്രൈംലെൻസ് ഉടമ ആനന്ദ് ആലന്തറയുടെ മനസ്സിൽ തോന്നിയ ആശയമാണ് ഈ സേവ് ദ് ഡേറ്റ് വിഡിയോ. ഈ രംഗം ഡയലോഗുകൾ മാറ്റി റീഷൂട്ട് ചെയ്തെടുക്കുമ്പോൾ നല്ലൊരു സേവ് ദ് ഡേറ്റ് ആകുമല്ലോ എന്ന ചിന്ത ഉണ്ടായിരുന്നു. അപ്പോഴാണ് തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി ലക്ഷ്മിയുടെയും ആനന്ദിന്റെയും വിവാഹത്തിന്റെ വർക്ക് കിട്ടുന്നത്. ഈ കൺസപ്റ്റ് യോജിക്കുമെന്നു തോന്നിയപ്പോൾ ലക്ഷ്മിക്കു വേണ്ടി  ചെയ്യുകയായിരുന്നു– ആനന്ദ് മനോരമ ഓൺലൈനോടു പറഞ്ഞു. 

save-the-date-lekshmi

സദ്യയ്ക്കു വേണ്ട ലിസ്റ്റ് തയാറാക്കിയത് കല്യാണവീട്ടിൽ ഏൽപ്പിക്കാൻ ഒരു ചെറുപ്പക്കാരനോടു പറയുന്നതിടത്താണ് വിഡിയോ രസകരമാകുന്നത്.ഇതിലൂടെ കാമറ വധൂവരൻമാരെ പരിചയപ്പെടുത്തുന്നു. അങ്ങനെ ഈ മാസം 22 നു നടക്കുന്ന ലക്ഷ്മിയുെടയും ആനന്ദിന്റെയും തനിനാടൻ സേവ് ദ് ഡേറ്റും ശുഭകരമാകുന്നു. കാമറ അരവിന്ദ് ഉണ്ണിയും എഡിറ്റിങ് അരുൺ വെഞ്ഞാറമൂടും ചെയ്തിരിക്കുന്നു. ആശയയവും സംവിധാനവും ആനന്ദിന്റേതാണ്. സുഹൃത്തുക്കളെ കൂടാതെ അച്ഛനെയും ഇതിൽ അഭിനയിപ്പിച്ചിട്ടുണ്ട്– ആനന്ദ് പറഞ്ഞു 

സാധാരണ കാണുന്ന വിഡിയോയിൽ നിന്നു മാറി വ്യത്യസ്തമായ ആശയങ്ങളിലൂടെയുള്ള സേവ് ദ് ഡേറ്റ് വിഡിയോ മുന്നോട്ടു കൊണ്ടുവന്നത് പ്രൈം ലെൻസ് ഫോട്ടോഗ്രഫിയാണ്. ഇതിനു മുൻപ് ഞാൻ പ്രകാശൻ സിനിമയുടെ ടീസറിന്റെ ചുവടുവച്ച് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാടും നടൻ ഫഹദ്ഫാസിലും ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA