ADVERTISEMENT

സ്ത്രീധനം വാങ്ങില്ലെന്നു തീരുമാനമെടുത്ത വരനു 1000 പുസ്തകങ്ങൾ സമ്മാനമായി നൽകി വധുവിന്റെ കുടുംബം. പശ്ചിമ ബംഗാളിലാണു രാജ്യത്തിന്റെ അഭിനന്ദനങ്ങൾ നേടിയ സംഭവം. സ്കൂൾ അധ്യാപകനായ സൂര്യൻകാന്ത് ബാരിക്കിന്റെയും പ്രിയങ്ക ബേജിന്റെയും വിവാഹമാണ് മാതൃകയായത്.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർ‌ഹമാണെങ്കിലും രാജ്യത്തിന്റെ പലഭാഗത്തും ഈ രീതി ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. എന്നാല്‍ താൻ സ്ത്രീധനമായി ഒന്നും വാങ്ങാന്‍ തയാറല്ലെന്നു സൂര്യൻകാന്ത് ബാരിക് വധുവിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാൽ വിവാഹദിവസം വേദിയിൽ സൂര്യൻകാന്തിനെ കാത്തിരുന്നത് അദ്ഭുതപ്പെടുത്തുന്ന സമ്മാനമായിരുന്നു. ആയിരത്തോളം പുസ്തകങ്ങളാണ് വേദിയിൽ സൂക്ഷിച്ചിരുന്നത്.

‘‘സ്ത്രീധനം വാങ്ങാൻ തയാറല്ലെന്നു വധുവന്റെ വീട്ടുകാരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. വേദിയില്‍ പുസ്തക കെട്ടുകൾ‌ കണ്ടപ്പോൾ അതിശയിച്ചു’’– സൂര്യൻകാന്ത് ദേശീയ മാധ്യമമായ ടെലിഗ്രാഫിനോടു പറഞ്ഞു.

ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് സമ്മാനിച്ചത്. സ്ത്രീധന വിഷയത്തിൽ മരുമകന്‍ എടുത്ത പുരോഗമപരമായ നിലപാടുകളാണ് ഇത്തരമൊരു സമ്മാനം നൽകാൻ വധുവിന്റെ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. വധു പ്രിയങ്കയും വായാനാശീലത്തിന് ഉടമയാണ്. 

‘‘സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമായ വിവാഹത്തോട് എനിക്ക് എതിര്‍പ്പാണ്. ഇക്കാര്യം വീട്ടുകാർക്കും അറിയാം. എന്നെപ്പോലെ ചിന്തിക്കുന്ന ഒരാളെ ഭര്‍ത്താവായി കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. വായിക്കാനുള്ള എന്റെ താൽപര്യത്തെക്കുറിച്ച് പിതാവിനു നന്നായി അറിയാം. അതുകൊണ്ടായിരിക്കും അദ്ദേഹം ഞങ്ങൾക്ക് ഇങ്ങനെയൊരു സമ്മാനം നൽകിയത്’’– വധു ടെലിഗ്രാഫിനോടു പറഞ്ഞു.

കൊൽക്കത്തയിലെ ഉദ്ബോധൻ കാര്യാലയത്തിൽ നിന്നാണു പുസ്തകങ്ങൾ വാങ്ങിയത്. ഈ വേറിട്ട വിവാഹസമ്മാന വാര്‍ത്തയ്ക്കു മികച്ച സ്വീകരണമാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com