ADVERTISEMENT

ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടിലിൽ കൊല്ലപ്പെട്ട ഐഎഎഫ് ഗരുഡ് കമാൻഡോ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരി ശശികല വിവാഹിതയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഗരുഡ് കമാൻഡോകൾ സഹോദരന്റെ സ്ഥാനത്തു നിന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ഹൃദയം നിറയ്ക്കുന്ന കാഴ്ചയായി. ജ്യോതി പ്രകാശിന്റെ സ്വദേശമായ ബിഹാറിലെ പാട്നയിലായിരുന്നു ചടങ്ങുകള്‍. 

50 പേർ മുട്ടുകുത്തി നിന്ന് കൈകൾ നിലത്തുവച്ച് അതില്‍ ചവിട്ടി നടത്തി വധുവിനെ മണ്ഡപത്തിലെത്തിച്ചു. സഹോദരൻ ചെയ്യേണ്ട മറ്റു ചടങ്ങുകളും സഹപ്രവർത്തകര്‍ ചെയ്തു.

ശശികലയുടെ വിവാഹനിശ്ചയം അറിയിച്ച് ജ്യോതിയുടെ പിതാവ് എയർ ചീഫ് മാർഷലിനും ഗരുജ് കമാന്‍‌ഡോ യൂണിറ്റിനും ക്ഷണക്കത്ത് അയച്ചിരുന്നു. വിവാഹത്തിന് രണ്ടു ദിവസം മുൻപ് ഗരുഡ് യൂണിറ്റിലെ 50 കമാന്‍ഡോകൾ വീട്ടിലെത്തി. ജ്യോതി തങ്ങളുടെ സഹോദരനാണെന്നും അതിനാൽ ശശികലയുടെ വിവാഹത്തിന് എത്തേണ്ടത് തങ്ങളുടെ കടമയാണ് എന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. രാജ്യം ഒപ്പമുള്ളതായി തോന്നുന്നുവെന്നും ഒരു മകനെ നഷ്ടപ്പെട്ടപ്പോൾ 50 മക്കളെ ലഭിച്ചു എന്നും ജ്യോതി പ്രകാശിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.

2017 നവംബറിലാണ് ജ്യോതി പ്രകാശ് വീരമൃത്യു വരിക്കുന്നത്. രണ്ടു ഭീകരരെ വധിച്ചശേഷം പരുക്കേറ്റ കമാൻഡോകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. 2018ൽ മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം ജ്യോതി പ്രകാശിന് ആദരം അർപ്പിച്ചിരുന്നു. ജ്യോതിയുടെ മാതാവ് മാലതി ദേവിയും ഭാര്യ സുഷമയുമാണ് രാഷ്ട്രപതിയിൽ‌ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയത്.

ബെംഗളൂരുവിൽ ലോക്കോ പൈലറ്റാണ് ശശികലയുടെ ഭർത്താവ് സുജിത് കുമാർ. ധീര ജവാന്റെ സഹോദരിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ ലോകം ഏറ്റെടത്തു. ഹൃദയം നിറയുന്ന കാഴ്ച എന്നാണ് പലരും ചിത്രങ്ങളെ വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com