ADVERTISEMENT

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് റൗഡി ബേബി ഗാനം. ആ തരംഗത്തിന് അവസാനമില്ല. കൂടുതൽ വീര്യത്തോടെ റൗഡി ബേബി തിരിച്ചു വരികയാണ്. കല്യാണ വിഡിയോകളിൽ നിരവധി റൗഡി ബേബികൾ വന്നുപോയി. പക്ഷേ, ഈ റൗഡി ബേബി കണ്ടാൽ അങ്ങനെ വെറുതെ വന്നതല്ല എന്നു മനസ്സിലാകും. അന്ന് ധനുഷിനെ വെല്ലുന്ന സായ്പല്ലവിയുടെ പ്രകടനം കണ്ട് ‘നിങ്ങളിതെന്തൊരു ഡാൻസ് ആണെന്ന്’  അറിയാതെ ചോദിച്ചുപോയെങ്കിൽ, ഈ വിഡിയോ കണ്ടവർ കല്യാണ പെണ്ണ് കൊള്ളാല്ലോ, എന്തൊരു എനർജി എന്നു ചോദിക്കും, തീർച്ച.

വിവാഹദിനത്തിലും ഔട്ട്ഡോറിലുമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ കോർത്തിണക്കിയാണ് ഈ തകർപ്പൻ വിഡിയോ ഒരുക്കിയിരിക്കുന്നത്. വരനും വധുവും ആസ്വദിച്ച് നൃത്തം ചെയ്യുമ്പോൾ ഒന്നുറപ്പ്, കണ്ടിട്ടുള്ളതിൽ ഏറ്റവും എനർജറ്റിക് വെഡ്ഡിങ് വിഡിയോ ഇതു തന്നെ. കിടിലൻ എക്സ്പ്രഷനുകളും തകർപ്പൻ നൃത്തച്ചുവടുകളുമായി സായ്പല്ലവിക്ക് ഒത്ത എതിരാളി തന്നെയാണ് വധു.

കല്യാണകച്ചേരിക്ക് എത്തിയവരുടെ മേളം കേട്ട് ഗ്രീൻറൂമിൽ ചുവടുവയ്ക്കുന്ന വധു അശ്വതിയെ കണ്ടപ്പോഴാണ് ഇങ്ങനെയൊരു വിഡിയോ ഒരുക്കാമെന്ന ആശയം പിക്സ്‌ലാന്റ് വെഡ്ഡിങ് സംഘത്തിനു തോന്നിയത്. പെൺകുട്ടിയോടു പറഞ്ഞപ്പോൾ പൂർണസമ്മതം. അങ്ങനെ അശ്വതിയുടെ പ്രിയപ്പെട്ട ‘റൗഡി ബേബി’ ഫോണിൽ കേൾപ്പിച്ച് പല ഭാഗങ്ങളായി ഷൂട്ടു ചെയ്തു. വരന്‍ അക്ഷയും അശ്വതിക്കൊപ്പം നിന്നു. കുടുംബാഗംങ്ങളും ബന്ധുക്കളും പാചകക്കാരും ചേർന്നതോടെ സംഭവം ഉഷാർ. വിവാഹദിനത്തിൽ തന്നെ ഏറിയപങ്കും ഷൂട്ട് ചെയ്തശേഷം പോരായ്മകൾ പരിഹരിക്കാൻ ഔട്ട്ഡോർഷൂട്ട് നടത്തുകയായിരുന്നു. അങ്ങനെയാണ് ‘മാർഗഴിയേ മല്ലികയേ’ പാട്ടിനും ഇവര്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്.

അശ്വതി തിരുവനന്തപുരം സ്വദേശിനിയും അക്ഷയ് കോഴിക്കോട് സ്വദേശിയുമാണ്. തൃശൂർ ചാലക്കുടിയിലുള്ള ‘പിക്സ് ലാൻഡ് വെഡ്ഡിങ്’ ആണ് ഈ റൗഡി ബേബിക്കു പിന്നിൽ. 

എന്തായാലും പരീക്ഷണങ്ങളും വെറൈറ്റികളും ഏറെ കണ്ട കല്യാണ വിഡിയോയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുകയാണ് ‘റൗഡി ബേബി ലിപ്പ് ഡപ്പ്’ വെഡ്ഡിങ് വിഡിയോ. ഈ റൗഡി ബേബിയെ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ ലോകം വരവേറ്റത്. കല്യാണ പെണ്ണിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com