ADVERTISEMENT

കല്യാണത്തിന്റെ പിറ്റേന്ന് ബീച്ചിലോ സരോവരത്തോ പോയി നാലോ അഞ്ചോ ചിത്രങ്ങൾ എടുക്കുന്ന രീതി മാറി. വൻ നഗരങ്ങളിലേക്കാണ് ഇപ്പോൾ കോഴിക്കോട്ടെ വധൂവരന്മാരെയുംകൊണ്ട് ഫൊട്ടോഗ്രഫർമാർ പറക്കുന്നത്. പിന്നെ സേവ് ദ് ഡേറ്റ് എന്ന കുറിപ്പോടെ ആ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ടവർക്ക് പങ്കുവയ്ക്കാം. ന്യൂജൻ കാലം നമുക്കു നൽകുന്നത് ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ചില ദൃശ്യങ്ങളാണ്. 

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നൊരു പറച്ചിലുണ്ട്. ഇപ്പോൾ വിവാഹകാലം സ്വർഗീയമാക്കുകയാണ് നമ്മുടെ വെഡ്ഡിങ് ഫൊട്ടോഗ്രഫർമാർ. സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്ന സേവ് ദ് ഡേറ്റ് ഫോട്ടോകൾ കാണുമ്പോൾ ആരും പറഞ്ഞുപോകും ‘‘ഒന്നുകൂടി കല്യാണം കഴിച്ചാലോ!’’ കാലം മാറിയപ്പോൾ സാങ്കേതിക വിദ്യ മാത്രമല്ല ഫൊട്ടോഗ്രഫറുടെയും സമൂഹത്തിന്റെയും മനസ്സും കൂടിയാണ് മാറിയത്.

കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് വധുവിനെയും വരനെയും ബീച്ചിൽകൊണ്ടുപോയി പടം പിടിക്കുന്ന പരിപാടി പണ്ടേ കോഴിക്കോട്ടുണ്ട്. പക്ഷേ ഇപ്പോൾ കഥ മാറി. വിവാഹത്തിനു മാസങ്ങൾക്കുമുൻപേ നടത്തുന്ന ഫോട്ടോ ഷൂട്ടുകളാണ് പുതിയ ട്രെൻഡ്. അത് ബീച്ചിലോ സരോവരത്തോ ഒതുങ്ങുന്നില്ല. ഗോവ, ബെംഗളുരു, മുംബൈ, കൊൽക്കത്ത, തുടങ്ങിയ വൻ നഗരങ്ങളിലേക്കാണ് കോഴിക്കോടിന്റെ വധൂവരന്മാരെയുംകൊണ്ട് ഫൊട്ടോഗ്രഫർമാർ പോകുന്നത്. ചിലർക്ക് ഇഷ്ടം ഹൈദരാബാദാണ്. അവിടെയാണ് കൂടുതൽ ലൊക്കേഷനുകൾ. ഫോട്ടോ ഷൂട്ടിനുവേണ്ടി വിമാനം കയറി ഗൾഫിലേക്കു പറക്കുന്നവരും കോഴിക്കോട്ടുണ്ട്. രണ്ടും മൂന്നും ദിവസങ്ങൾ മുതൽ ഒരാഴ്ച വരെ നീളുന്നതാണ് ഈ ഷൂട്ടിങ്.

CLT-METRO-SHOOT
രാഗേഷ് ഫൊട്ടോഗ്രഫി

ഫോട്ടോ ആൽബത്തിനും വിഡിയോയ്ക്കും വേണ്ടി മാത്രം മൂന്നും നാലും ലക്ഷം രൂപയാണ് പലരും ചെലവാക്കുന്നത്. ചെലവ് കുറഞ്ഞ പാക്കേജുകളും ഉണ്ട്. പറക്കുന്നത് വിദേശ രാജ്യങ്ങളിലെ ലൊക്കേഷനുകളിലേക്കാണെങ്കിൽ പണം പിന്നെയും പൊട്ടും. ചെലവ് ഇത്തിരി കൂടിയാലെന്താ, ഹിന്ദി സൂപ്പർ താരങ്ങളുടെ പോസ്റ്ററുകളെ വെല്ലുന്ന ആൽബവും ന്യൂജൻ സിനിമകളെ തോൽപിക്കുന്ന വിഡിയോയും കയ്യിൽക്കിട്ടില്ലേ. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള സാധ്യതകൂടിയുള്ളതിനാൽ നല്ല പ്രേക്ഷകരുമുണ്ട്. (ഇവയൊക്കെ ഉണ്ടാക്കി വച്ചാൽ, ആര് കാണും എന്നൊരു ചോദ്യം മുൻപ് ഉണ്ടായിരുന്നു) ചുരുക്കത്തിൽ, ഒരിക്കൽമാത്രം നായകനാകാൻ (നായികയാകാനും) കിട്ടിയ അവസരം ബജറ്റ് ഇത്തിരി കൂടിയാലും കളറാകട്ടെ എന്നാണ് മിക്കവരുടെയും ചിന്ത. 

ടെക്നോളജി രണ്ടാമത് 

ടെക്നോളജി വളർന്നപ്പോൾ, കയ്യിൽ മൊബൈൽ ഫോൺ ഉള്ള എല്ലാവർക്കും പടം എടുക്കാമെന്നായി. എന്നാൽ പടമെടുക്കുന്ന എല്ലാവരും ഫൊട്ടോഗ്രഫർമാരായില്ല എന്നതാണ് സത്യം. എന്നാൽ, ടെക്നോളജിക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റാതെ കളം വിട്ടവരുമുണ്ട്. ‘‘ഇന്ന് ഈ രംഗത്തുള്ളവരെല്ലാം തന്നെ ഒരേസമയം പ്രതിഭയും സാങ്കേതിക പരിജ്ഞാനവും കൂടിയവരാണെ’’ന്ന് കോഴിക്കോട് ഓക്സ് വെഡ്ഡിങ്ങിലെ രാഹുൽ രത്ന പറയുന്നു. എന്നാൽ, ‘‘ചിത്രങ്ങളുടെ മിഴിവും ജീവനും ടെക്നോളജിയെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്. ഫൊട്ടോഗ്രാഫറുടെ ക്രിയേറ്റിവിറ്റിയാണ് പ്രധാനം. അയാളുടെ ചിന്തയിലൂടെയും കാഴ്ചയിലൂടെയുമാണ് ചിത്രങ്ങൾ പിറക്കുന്നത്.’’ രാഹുൽ പറഞ്ഞു. 

ഈ രംഗത്തും വ്യത്യസ്തതകൾ കൊണ്ടുവരാനാണ് എല്ലാവരും ശ്രമിക്കുന്നത്. പെറ്റ്സിനെ ഉൾപ്പെടുത്തി ചിത്രങ്ങളെടുക്കുന്നത് പുതിയൊരു ട്രെൻഡാണെന്ന് ഏഴുവർഷമായി വെഡിങ് ഫൊട്ടോഗ്രഫി രംഗത്തുള്ളള്ള കോഴിക്കോട്ടുകാരൻ ജയിൻ കുന്നത്ത് പറയുന്നു. വളർത്തുനായകളെയും  കൊണ്ട് ഫോട്ടോ ഷൂട്ടിനുവേണ്ടി കിലോമീറ്ററുകൾ പോയ കഥ പറയാനുണ്ട് ജയിന്. ‘‘ലൈവ് മൊമന്റ്സ് ആണ് എല്ലാവരും ആവശ്യപ്പെടുന്നത്. അത് അവർ അറിയാതെ ഒപ്പിയെടുക്കുന്നതിലാണ് ഫൊട്ടോഗ്രഫറുടെ കഴിവ് ’’ വലിയ ഫ്രെയിമുകൾ വച്ച് വിസ്മയം തീർക്കാൻ ഇഷ്ടപ്പെടുന്ന ജയിൻ പറയുന്നു.

പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിന്റെ കാര്യത്തിൽ എറണാകുളം, തൃശൂർ പോലെയുള്ള നഗരങ്ങൾക്കൊപ്പം കോഴിക്കോടും മുന്നേറുകയാണെന്ന അഭിപ്രായക്കാരനാണ് മെഡിക്കൽകോളജിനടുത്ത് രാഗേഷ് ഫൊട്ടോഗ്രഫിയിലെ എം.കെ. രാഗേഷ്. 

‘‘ഇപ്പോൾ കോഴിക്കോട് മാറിവരികയാണ്. പുതിയ ആശയങ്ങളെയും ടെക്നോളജിയെയും സ്വീകരിക്കാൻ തയാറായ തലമുറ വളർന്നുവരുന്നുണ്ട്’’ എൻജിനീയറിങ് പഠനം കഴിഞ്ഞ് ഫൊട്ടോഗ്രഫിയിലേക്ക് തിരിഞ്ഞ രാഗേഷ് പറഞ്ഞു. എന്നാൽ, രാഗേഷിന്റെ അഭിപ്രായത്തോടു യോജിക്കുകയാണ് എഫ്‌‌സി ഫൊട്ടോഗ്രഫിയിലെ ഫ്രാൻസിസ്. തൃശൂർ സ്വദേശിയായ ഫ്രാൻസിസിന് കോഴിക്കോട്ടു വന്ന് ഫോട്ടോ എടുക്കാൻ വളരെ ഇഷ്ടമാണ്. എന്നാൽ, ഈയടുത്ത കാലത്ത് നമ്മുടെ നാട്ടിൽ പ്രചരിച്ച ചില സേവ് ദ് ഡേറ്റ് ചിത്രങ്ങളോട് വിയോജിപ്പു പ്രകടിപ്പിക്കുന്നവരാണ് കോഴിക്കോട്ടെ മിക്ക ഫൊട്ടോഗ്രഫർമാരും. വേഷമായാലും ആക്‌ഷനായാലും നമ്മുടെ നാടിനും സംസ്കാരത്തിനും ചേർന്നതാവണം എന്ന് എല്ലാവരും പറയുന്നു. ‘‘ഗ്ലാമർ ആവാം. പക്ഷേ അത് മോശമാവരുത്. നമ്മുടെ നാടിന്റെ സംസ്കാരത്തിനും മല്യങ്ങൾക്കും ചേർന്നതാവണം ഫോട്ടകളും ’’എന്നു പറയുന്നു ജയിൻ കുന്നത്ത്. 

ലൊക്കേഷനും പ്രോപ്പർട്ടീസും 

ഫോട്ടോ ഷൂട്ടിനുള്ള ലൊക്കേഷനുകളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നത് സാധാരണ ഫൊട്ടോഗ്രഫർമാർ തന്നെയാണ്. ഫോട്ടോയിൽ ഉപയോഗിക്കുന്ന പ്രോപ്പർട്ടീസും പ്രധാനപ്പെട്ടവയാണ്. കൊട്ടാര സദൃശ്യമായ ഹോട്ടലുകളും റിസോർട്ടുകളുമൊക്കെയാണ് എല്ലാവർക്കും പ്രിയം. ചിലർക്ക് സ്വന്തം വീടിന്റെ തന്നെ അകത്തളങ്ങളും പുറംകാഴ്ചകളും ചിത്രത്തിൽ വരണമെന്ന് നിർബന്ധമുള്ളവരാണ്. സ്വന്തം വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ ഇവയെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നതും പതിവാണ്. ഗൃഹാതുരത ഉണർത്തുന്ന വേഷങ്ങൾ അണിഞ്ഞ് വധൂവരന്മാർ പ്രത്യക്ഷപ്പെടുന്ന രീതിയും ഇപ്പോൾ ഹിറ്റാണ്. 

ലൗ സ്റ്റോറി 

വിവാഹ വിഡിയോകളുടെ കാര്യത്തിലുമുണ്ട് വലിയ മാറ്റങ്ങൾ. ഒരു ഡോക്യുമെന്ററി പോലെയോ സിനിമ പോലയോ സുന്ദരമാണ് വിവാഹ വിഡിയോകൾ. വധുവിന്റെയും വരന്റെയും കുടുംബം, കുടുംബത്തിന്റെ ചരിത്രം എല്ലാം കഥ പോലെ പറഞ്ഞുപോകുന്ന വിഡിയോകൾ ഇപ്പോൾ ട്രെൻഡാണ്. വധുവും വരനും പഠിച്ച സ്കൂളിലും കോളജിലും പോയി അവരുടെ പ്രണയകാലം സ്ക്രിപ്റ്റെഴുതി ഷൂട്ട് ചെയ്ത അനുഭവം പറയും രാഗേഷ്. അതുപോലെ വരൻ പൊലീസാണെങ്കിൽ, വിവാഹവേളയിൽ അയാൾക്ക് കാക്കി അണിയാനാവില്ല. പക്ഷേ, ഫോട്ടോ ഷൂട്ടിൽ അതാവാം. വധുവിനെയും വരനെയും പൊലീസ് യൂണിഫോമിൽ പ്രണയ നായകന്മാരായി അഭിനയിപ്പിച്ച മനോഹമായ വിവാഹ വിഡിയോ ഇപ്പോഴും സൂപ്പർ ഹിറ്റാണ്. കെഎസ്ആർടിസി പ്രണയകഥ പറഞ്ഞ ആൽബവും ഹിറ്റ് ചാർട്ടിലുണ്ട്. 

ഗർഭകാലം മനോഹരം

‘‘ഗർഭിണിയുടെ ചിത്രമെടുക്കുമ്പോൾ ഒരു ഫൊട്ടോഗ്രാഫർ ഏറ്റവും സന്തോഷിക്കുന്നു. കാരണം, അവൾ ജന്മം കൊടുക്കുന്നത് ഒരു ഫൊട്ടോഗ്രഫറെയാണെങ്കിലോ’’ എന്ന അടിക്കുറിപ്പോടെയാണ് എഫ്‌സി ഫൊട്ടോഗ്രഫിയിലെ ഫ്രാൻസിസ് ഒരു ചിത്രം പ്രസിദ്ധീകരിച്ചത്. ഗർഭകാലത്ത് എടുക്കുന്ന മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും ഇപ്പോഴത്തെ ട്രെൻഡാണ്. കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ, ന്യൂ ബോൺ ബേബിയുടെ ചിത്രങ്ങളെടുക്കുന്നതും നഗരങ്ങളിൽ ഒരു ചടങ്ങായി മാറിയിട്ടുണ്ട്. 

സേവ് ദ് ഡേറ്റ് ആവശ്യപ്പെടുന്നത് 90 %

കേരളത്തിനു പറത്തുപോയി ഫോട്ടോ ഷൂട്ട് നടത്തുന്നത് 40 %

കേരളത്തിൽത്തന്നെ വയനാട്, മൂന്നാർ പോലെയുള്ള  സ്ഥലങ്ങളിൽ പോയി ഷൂട്ട് നടത്തുന്നവർ 40 %

വീടിനടുത്തുതന്നെ കൊള്ളാവന്ന ലൊക്കേഷൻ കണ്ട്  അവിടെത്തന്നെ ഷൂട്ട് നടത്തുന്നവർ 20 %

‘‘കുഞ്ഞിന്റെ അനക്കം എനിക്കു ഫീൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഒരു ഫൊട്ടോ എടുത്തുവച്ചാലോ എന്ന് തോന്നിയത്. കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ അവര്‍ക്കത് കാണാൻ പറ്റുന്നത് വലിയ കാര്യമായി തോന്നി. അങ്ങനെ ഗൾഫിലുള്ള ഭർത്താവിനെ വിളിച്ച് പറഞ്ഞു. ഭർത്താവ് പൂർണ പിന്തുണയാണ് നൽകിയത്. ഭർത്താവാണ് സുഹൃത്തും ഫൊട്ടോഗ്രഫറുമായ ഫ്രാൻസിസിനെ വിളിക്കുന്നത്. ഭർത്താവ് നാട്ടിൽവന്നു കഴിഞ്ഞാണ് ചിത്രങ്ങൾ എടുത്തത്. ചിത്രം എടുത്തുകഴിഞ്ഞും ചില ബന്ധുക്കളൊക്കെ നിരുത്സാഹപ്പെടുത്തി. എന്നാൽ മറ്റു ചിലർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു സ്ത്രീയെ സംബന്ധിച്ച് ഗർഭകാലം മനോഹരവും മഹത്തരവുമാണ്. അത് പകർത്തിവയ്ക്കുന്നത് അതിലും മഹത്തരമാണെന്ന് ഞാൻ കരുതുന്നു.’’ ––– ലയ ഫെൽബിൻ

English Summary : Latest Trends in wedding Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com