ADVERTISEMENT

കാണം വിറ്റും ഓണം ഉണ്ണണം എന്നതൊക്കെ പഴയ പേച്ച്. ഇപ്പോൾ ശരാശരി മലയാളി ഉള്ളതെല്ലാം വിറ്റു പെറുക്കിയാണെങ്കിലും ആഘോഷമാക്കുന്നത് അവരുടെ വിവാഹമാണ്. ഇക്കാര്യത്തിൽ പലരും യാതൊരു പിശുക്കും കാണിക്കാറില്ല. കടം മേടിച്ചാണെങ്കിലും കല്യാണം പൊളിയാക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമേതുമില്ല. രാജകീയ പ്രൗഢിയിൽ നടത്തപ്പെടുന്ന വിവാഹ ആഘോഷങ്ങളുടെ ഒരു പ്രധാന ഇനമാണ് ഇന്ന് ഫൊട്ടോഗ്രഫി. 

പുതുമണവാളനും മണവാട്ടിയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റ് അതിഥികളുടെയും ഒപ്പമെടുക്കുന്ന ഗ്രൂപ്പ് ഫോട്ടോകളായിരുന്നു മുൻപൊക്കെ വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയുടെ ഹൈലൈറ്റ്. എന്നാൽ ഇന്ന് അവ കഥകൾ പറയുന്ന, വധൂവരന്മാരുടെ ജീവിതം തന്നെ ഫ്രെയിമുകളിലാക്കുന്ന ന്യൂജെൻ കലാ പരിപാടിയാണ്. ഫോട്ടോഗ്രഫിക്കും കല്യാണ ആൽബങ്ങൾക്കും വേണ്ടി ലക്ഷങ്ങൾ പൊടിക്കാനും യുവാക്കൾ തയ്യാറാണ്. 

കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടായിരുന്നു ട്രെൻഡ് എങ്കിൽ  ഇന്ന് കളം നിറയുന്നത് പ്രീ എൻഗേജ്മെന്റ് ഫോട്ടോ ഷൂട്ടുകളും സേവ് ദ് ഡേറ്റ് ഫോട്ടോകളുമൊക്കെയാണ്.

save-the-date-4

അടുത്തിടെ പ്രത്യക്ഷപ്പെട്ട ചില സേവ് ദ് ഡേറ്റ് ഫോട്ടോകൾ സ്വകാര്യ നിമിഷങ്ങളുടെ ഗ്ലാമറസ് അവതരണം കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മാന്യതയുടെ പരിധി ലംഘിക്കുന്നെന്ന് പറഞ്ഞ് ചിലർ വധൂവരന്മാരെയും ഫോട്ടോഗ്രഫർമാരെയും വിമർശിക്കുകയും ചെയ്തു. 

സേവ് ദ് ഡേറ്റ് ഫോട്ടോഗ്രഫിക്കെതിരെ കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വരെ പോസ്റ്റ് വന്നു. "സേവ് ദ് ഡേറ്റ് ഒക്കെ കൊള്ളാം, പക്ഷേ കുട്ടികൾ അടക്കമുള്ള നമ്മുടെ സമൂഹം ഇതൊക്കെ കാണുന്നുണ്ടെന്ന് ഓർക്കണമെന്നായിരുന്നു" പോലീസ് മുന്നറിയിപ്പ്. ഇത് പോലീസാണോ സദാചാര പോലീസാണോ എന്ന വിമർശനമുയർന്നതോടെ ആ പോസ്റ്റ് പിന്നീട് പിൻവലിക്കപ്പെട്ടു.

വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിക്ക് നേരെ സദാചാരക്കാരുടെ കണ്ണുരുട്ടൽ തുടരവേ വിമർശനങ്ങളോട് ഈ സേവ് ദ ഡേറ്റ് കഥയിലെ കഥാപാത്രങ്ങളുടെ മറുപടി കേൾക്കാം; ഒപ്പം വിവാഹ പടം പിടുത്തത്തിലെ ഉയർന്ന് വരുന്ന ചില ട്രെൻഡുകളും പരിശോധിക്കാം.

കഥകൾ തേടി

പുണെയിലെ പൈലറ്റ്-എയർഹോസ്റ്റസ് ജോടികളായ രാമും ഗൗരിയുമാണ് കേരളം ചൂടോടെ ചർച്ച ചെയ്ത ആ സേവ് ദ ഡേറ്റ് ഫോട്ടോയിലെ താരങ്ങൾ. പിനാക്കിൾ വെഡ്ഡിങ്ങ് ഫൊട്ടോഗ്രഫി എന്ന കമ്പനിയാണ് അണിയറയിൽ പ്രവർത്തിച്ചത്. ഈ യുവ ജോടികളുടെ വിമർശന വിധേയമായ വസ്ത്രധാരണത്തിലും പോസുകളിലും തങ്ങൾക്ക് അൽപം പോലും ഖേദമില്ലെന്ന് പിനക്കിൾ സിഇഒ ഷാലു എം. എബ്രഹാം പറയുന്നു. "ഓരോ ജോടിക്കും തനതായ ഒരു കഥ പറയാനുണ്ടാകും. ആ കഥകൾ കണ്ടെത്തി ഏറ്റവും മികച്ച രീതിയിൽ അവ പകർത്തുകയാണ് ഒരു ഫോട്ടോഗ്രാഫറുടെ ജോലി ", അദ്ദേഹം പറഞ്ഞു.

viral-wedding-photoshoot-of-aishwarya-and-pebin

പണ്ട് കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് യുവാക്കൾ ലോക്കേഷനുകളും തീമുകളും ഫ്രെയിമുകളും ഫൊട്ടോഗ്രഫർമാരോട് നിർദ്ദേശിക്കുന്നുണ്ട്. ക്ലയന്റ്സിന് അവരുടെ ആവശ്യങ്ങളിൽ വ്യക്തതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല പ്രചാരണങ്ങളൊന്നും തങ്ങളെ ബാധിക്കാറില്ലെന്നും ഷാലു പറയുന്നു. "റാമിനും ഗൗരിക്കും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ബീച്ച്-വെയർ തീമായിരുന്നു വേണ്ടിയിരുന്നത്. അനുകരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമാന ഫോട്ടോകളും അവർ ശേഖരിച്ചിരുന്നു, " ഷാലു കൂട്ടിച്ചേർത്തു.

photoshoot-7

അതേ സമയം തങ്ങളുടെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന്റെ ആവേശത്തിലാണ് രാമും ഗൗരിയും. " മലയാളം വായിക്കാൻ അറിയില്ലെങ്കിലും രാം, ഗൗരി, പിനക്കിൾ തുടങ്ങിയ കീവേർഡുകൾ കേരളത്തിലെ സാമൂഹിക മാധ്യമയിടങ്ങളിൽ ട്രെൻഡിങ്ങ് ആകുന്നത് കാണുന്നുണ്ട്. ഡിസംബർ 20നാണ് ഞങ്ങളുടെ വിവാഹം. വിവാഹ ഫോട്ടോകളോട് ജനങ്ങൾ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് കാണാൻ കാത്തിരിക്കുന്നു, " ഗൗരി ഓൺമനോരമയോട് പറഞ്ഞു.

താൻ നൂറു കണക്കിന് സേവ്-ദ-ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ കണ്ടിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ജനങ്ങൾ കൂട്ടം കൂട്ടമായെത്തി തങ്ങളുടെ ഫോട്ടോ ഷൂട്ടിനോട് പ്രതികരിക്കുന്നതെന്ന് അറിയില്ലെന്നും രാം പറഞ്ഞു. " കല്യാണം വരാനിരിക്കുന്നതേയുള്ളൂ. ഫോട്ടോ ഷൂട്ടാണ് ഞങ്ങളുടെ വിവാഹത്തിലെ ഏറ്റവും മികച്ച കാര്യം, " രാം പറഞ്ഞു.

photoshoot-4

ചില ക്ലയന്റുകൾ ഫോട്ടോ ഷൂട്ടുകൾ സാമൂഹിക മാധ്യമ പ്രചാരണത്തിന് വേണ്ടി മാത്രം സംഘടിപ്പിക്കുമ്പോൾ ചിലർ തങ്ങൾക്ക് വേണ്ടി മാത്രം അവ സൂക്ഷിക്കുമെന്ന് വിവാദ ഫോട്ടോ ഷൂട്ടിന് പിന്നിൽ ക്യാമറ ചലിപ്പിച്ച ഫോട്ടോഗ്രഫർ രഞ്ജിത്ത് മങ്ങാട് പറഞ്ഞു. "ഞങ്ങൾ ചെയ്ത ഏറ്റവും മികച്ച വർക്ക് ആയിരുന്നില്ല ഇത്. സമാനമായ പരിശ്രമവും ഭാവനയും ഉപയോഗിച്ച് ചെയ്ത നിരവധി ഫോട്ടോ ഷൂട്ടുകളുണ്ട്. ചിലയാളുകൾ അവ രഹസ്യമായി വയ്ക്കാൻ ആഗ്രഹിക്കുന്നു. ചിലരത് പരസ്യമാക്കുന്നു, " രഞ്ജിത്ത് പറഞ്ഞു.

ഓരോ ജോടിയും തങ്ങളുടെ പ്രണയ കഥ മികച്ചതായി കണക്കാക്കുന്നു. അവ ആഘോഷമാക്കണമെന്ന് ചിന്തിക്കുന്നു. വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയിലെ മാറ്റങ്ങൾക്കുള്ള ഒരു പ്രധാന കാരണം ഇതാണ്.

ഒന്ന് പരമ്പരാഗതം, ഒന്ന് ആധുനികം

മൃദുല പ്രസന്നനും സരൺജിത്ത് ചേറായിലും 2020 ഏപ്രിലിൽ വിവാഹിതരാകാൻ പോകുന്നവരാണ്. 2019 ഡിസംബറിൽ നടക്കുന്ന വിവാഹ നിശ്ചയ ചടങ്ങിന് മുന്നോടിയായി അവർ രണ്ട് വ്യത്യസ്ത ഫോട്ടോ ഷൂട്ടുകൾ സംഘടിപ്പിച്ചു. ഒന്ന് പാരമ്പര്യ തനിമയിലും ഒന്ന് ആധുനിക ശൈലിയിലും. ആദ്യത്തേത് തൃശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് അതിരാവിലെയെത്തി ഷൂട്ട് ചെയ്തപ്പോൾ രണ്ടാമത്തേത് മറ്റൊരു ദിവസം നഗര പശ്ചാത്തലത്തിൽ പകർത്തി.

കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ താനും സരൺജിത്തും ആദ്യം ആസൂത്രണം ചെയ്തത് പ്രീ- എൻഗേജ്മെന്റ് ഷൂട്ടായിരുന്നു എന്ന് തൃശൂരിൽ സ്റ്റോക്ക് മാർക്കറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൃദുല പറഞ്ഞു. "ഞങ്ങൾക്ക് ഞങ്ങളുടെ പ്രണയ കഥയും ഒരുമയും ആഘോഷിക്കാനുള്ള ഒരേയൊരു അവസരമാണിത്. മുൻ തലമുറയിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ചെറുപ്പക്കാർക്ക് തങ്ങളുടെ വിവാഹം പ്ലാൻ ചെയ്യാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. മുൻപ് മുതിർന്നവർ എല്ലാം ആസൂത്രണം ചെയ്യുകയും യുവാക്കൾ അവരെ അനുസരിക്കുകയുമായിരുന്നു രീതി. ഇന്ന് ഓരോ യുവാവിനും അവരുടെ ആ വലിയ ദിവസം എന്ത് ധരിക്കണം, എങ്ങനത്തെ ലുക്ക് വേണം, ചടങ്ങ് എങ്ങനെ റെക്കോർഡ് ചെയ്യണം, എങ്ങനെ സ്റ്റേജ് അലങ്കരിക്കണം എന്നെല്ലാം വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്, " മൃദുല പറഞ്ഞു.

തന്റെയും പ്രതിശ്രുത വരന്റെയും ഗ്രാമീണ നാഗരിക ഭാവങ്ങൾ പകർത്തണമെന്നായിരുന്നു മൃദുലയുടെ ആഗ്രഹം. അതിനാലാണ് രണ്ട് വ്യത്യസ്ത പ്രീ - എൻഗേജ്മെന്റ് ഷൂട്ടുകൾ നടത്തിയത്.

ട്രെൻഡിങ്ങ് ലൊക്കേഷനുകൾ, സിനിമകൾ

വീടിനടുത്തുള്ള  മൈതാനവും പച്ച പുതച്ച് കിടക്കുന്ന പാടവുമൊക്കെയായിരുന്നു പഴയ കാല വെഡ്ഡിങ്ങ് ഫോട്ടോഗ്രഫര്‍മാരുടെ ഇഷ്ടയിടങ്ങള്‍. പെണ്ണിന്റെയും ചെക്കന്റെയും പ്രണയഭാവങ്ങള്‍ പകര്‍ത്തുമ്പോള്‍ ഒരു പശുവോ, ഗ്രാമീണനോ, വാഹനമോ ഒക്കെ അതിനാല്‍ തന്നെ ഫ്രെയിമില്‍ കയറി വന്നിരുന്നു. എന്നാല്‍ ഇന്ന് മനോഹരമായ ബീച്ചുകളും, ഡാമും അമ്പലങ്ങളും വെള്ളച്ചാട്ടവുമൊക്കെ പശ്ചാത്തലമായി അണിനിരക്കുന്നു. പഴയകാല തറവാടുകളും, ഫോര്‍ട്ടുകൊച്ചിയിലെയും എറണാകുളത്തെയും തിരക്കേറിയ തെരുവുകളും ആലപ്പുഴയിലെ കായലും ഹില്‍സ്റ്റേഷനുകളിലെ റിസോര്‍ട്ടുകളുമൊക്കെയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങ് ലൊക്കേഷനുകള്‍. ബീച്ച് പാര്‍ട്ടി വെയറുകള്‍, റൈഡര്‍ കോസ്റ്റിയൂം, പാശ്ചാത്യ വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഡിമാന്‍ഡ്. 

സിനിമയിലെ ചില സീനുകള്‍ പുനരാവിഷ്‌ക്കരിക്കുന്നതാണ് മറ്റൊരു ട്രെന്‍ഡ്. ടോവിനോയും ഐശ്വര്യ ലക്ഷ്മിയും രാത്രിയില്‍ തെരുവിലൂടെ നടക്കുന്ന മായാനദിയിലെ രംഗമാണ് ഏറ്റവുമധികം പുനരാവിഷ്‌ക്കരിക്കപ്പെട്ട ഒരു രംഗം. അടുത്തിടെയായി പല യുവജോടികളും സേവ് ദ ഡേറ്റ് വീഡിയോകളും വെര്‍ച്വല്‍ ക്ഷണക്കത്തുകളും ഫോട്ടോകളും ഷൂട്ട് ചെയ്യാനായി ബാലിയിലേക്കും ആന്‍ഡമാന്‍ ദ്വീപുകളിലേക്കും ദുബായിയിലേക്കും മലേഷ്യയിലേക്കും യാത്ര ചെയ്യുന്നുണ്ട്. 

ചെലവുണ്ട്, പക്ഷേ അതിനൊത്ത ഗുണവുമുണ്ട്

രണ്ട് ക്യാമറമാന്‍, ഒരു അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെയുള്ള ക്രൂവിന് പ്രതിദിനം 5000 രൂപ ഫോട്ടോഷൂട്ടിന് ചെറിയ സ്റ്റുഡിയോകള്‍ വാങ്ങാറുണ്ട്. ഫോട്ടോഷൂട്ടിന് ഉപയോഗിക്കുന്ന വസ്തുക്കളും ഫോട്ടോകളുടെ സോഫ്റ്റ് കോപ്പിയും അടങ്ങുന്നതാണ് പല വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫി കമ്പനികളുടെയും അടിസ്ഥാന പാക്കേജ്. അഡ്വാന്‍സ്ഡ് പ്ലാനുകളില്‍ ചില ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ക്ലയന്റിന് പിന്നീട് എത്തിച്ചു കൊടുക്കും. 

ചിത്രം കടപ്പാട്: പരിണയ വെഡ്ഡിങ്ങ്സ്
ചിത്രം കടപ്പാട്: പരിണയ വെഡ്ഡിങ്ങ്സ്

ഇതും കടന്നു പോകും

ഒരു ട്രെന്‍ഡും എല്ലാക്കാലവും നിലനില്‍ക്കില്ല. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ പശ്ചാത്യ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം മുന്‍പ് ട്രെന്‍ഡായതാണ്. ഇന്ത്യയില്‍ അന്ന് പോസ്റ്റ് വെഡ്ഡിങ്ങ് ആല്‍ബങ്ങളായിരുന്നു ട്രെന്‍ഡ്. യൂടൂബില്‍ അന്ന് തിരയപ്പെട്ടത് അധികവും മെലഡി ഫാസ്റ്റ് നമ്പര്‍ മിക്‌സിന്റെ അകമ്പടിയോടുള്ള വധൂവരന്മാരുടെ സിനിമാറ്റിക് ചിത്രീകരണങ്ങളാണ്. സേവ് ദ ഡേറ്റ് ഫോട്ടോകളുടെ ട്രെന്‍ഡും കുറച്ച് കാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഫോട്ടോഗ്രാഫര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

photoshoot-81

ചാലക്കുടിയില്‍ നിന്നുള്ള വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ സുബിന്‍ രാജ്ബുദ്ധയുടെ അഭിപ്രായത്തില്‍ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അണിനിരക്കുന്ന വെര്‍ച്വല്‍ ഇന്‍വിറ്റേഷനുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പലരും. "യുവാക്കളുടെ അതേ ആവേശത്തോടെ മാതാപിതാക്കളും മുത്തച്ഛന്മാരും മുത്തശ്ശിമാരുമൊക്കെ ഫോട്ടോഷൂട്ടുമായി സഹകരിക്കുന്നു. ഡയലോഗും കഥയുമൊക്കെയുള്ള ഹ്രസ്വചിത്രങ്ങളാകും വിവാഹ ഫോട്ടോഗ്രഫിയിലെ അടുത്ത ട്രെന്‍ഡ്. ചിലര്‍ അത് പരീക്ഷിച്ച് കഴിഞ്ഞു, " സുബിന്‍ പറയുന്നു. യുവ ജോടികളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് എടുക്കാന്‍ പറ്റിയ നൂറു കണക്കിന് സിനിമകളുടെയും റോമാന്റിക് ഹ്രസ്വചിത്രങ്ങളുടെയും ആശയങ്ങള്‍ തയ്യാറാക്കി കാത്തിരിക്കുകയാണ് സ്റ്റുഡിയോകളും വെഡ്ഡിങ്ങ് കമ്പനികളും. 

English Summary : Save the date: Evolving trends in Keralite wedding photography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com