ഇത് രണ്ടു മനുഷ്യർ തമ്മിലുള്ള വിവാഹം; വിമർശകർക്ക് ആദിലിന്റെ മറുപടി

adil-ibrahim-replay-to-hate-comments
SHARE

തന്നെയും കുടുംബത്തെയും കുറിച്ച് മോശമായ രീതിയില്‍ കമന്റ് ചെയ്തവരുടെ വായടപ്പിച്ച് നടനും അവതാരകനുമായ ആദിൽ ഇബ്രാഹം. അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു എന്നതിനെ കേന്ദ്രീകരിച്ച് സമൂഹമാധ്യമത്തിൽ വന്ന കമന്റുകള്‍ക്കും അധിക്ഷേപങ്ങൾക്കുമാണ് ആദിൽ ശക്തമായ ഭാഷയിൽ മറുപടി നല്‍കിയത്. 

ഡിസംബർ 22ന് ആയിരുന്നു തൃശൂർ സ്വദേശിനി നമിതയുമായി ആദിലിന്റെ വിവാഹം. എന്നാൽ ഈ വിവാഹം ഞെട്ടിച്ചെന്നും ആദിലിനെ അൺഫോളോ ചെയ്യുന്നുവെന്നുമുള്ള കമന്റുകളും സന്ദേശങ്ങളും ആദിലിന് ലഭിച്ചത്. ഇതോടെയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.

‘‘എന്നെയും വീട്ടുകാരെയും ഭാര്യയേയും കുറിച്ച് വളരെ മോശം കമന്റുകൾ കാണാനിടയായി. ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം വിചാരിച്ചത്. ആരെ വിവാഹം കഴിക്കണമെന്നത് എന്റെ തീരുമാനമാണ്. ക്ഷമിക്കണം ആളുകളെ ഞാൻ മനുഷ്യരായി മാത്രമേ കാണാറുള്ളൂ. ഇതു രണ്ടു മനുഷ്യർ തമ്മിലുള്ള വിവാഹമാണ്. ഞാൻ മുസ്‌ലിം ആയതുകൊണ്ട് ആരും എന്നെ സ്നേഹക്കുകയോ, പിന്തുടരുകയോ ചെയ്യേണ്ടതില്ല. എന്നെ ഞാനായി തന്നെ ഇഷ്ടപ്പെടുന്ന യഥാർഥ മനുഷ്യര്‍ എന്നെ ഫോളോ ചെയ്താൽ മതി. അല്ലെങ്കിൽ ഈ പെൺകുട്ടിയെപ്പോലെ നിങ്ങൾക്കും എന്നെ അൺഫോളോ ചെയ്യാം. അതിൽ എനിക്ക് സന്തോഷമേയുള്ളൂ.’’ – ആദിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

കൊച്ചി ഗ്രാൻഡ് ഹയാത്തിലായിരുന്നു ആദിലിന്റെ വിവാഹം. സിനിമ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.ദുബായില്‍ ആര്‍ ജെ ആയി ജോലി ചെയ്തിരുന്ന ആദില്‍ മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സ് എന്ന പരിപാടിയുടെ അവതാരകനായാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ‘എൻഡ്‌ലസ് സമ്മര്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. 2014ല്‍ പുറത്തിറങ്ങിയ പേര്‍ഷ്യക്കാരനിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. ജയറാമിനൊപ്പം അച്ചായന്‍സിലും ആദില്‍ പ്രധാന വേഷത്തിലെത്തി. ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് ആദില്‍ അഭിനയിച്ചത്.

MORE IN WEDDING
SHOW MORE
FROM ONMANORAMA