‘ഇതാണ് എന്റെ പപ്പ’ എന്ന് സോണിയ, ജീവിതം വിസ്മയമെന്നു തോന്നി: ഗോപിനാഥ് മുതുകാട്

HIGHLIGHTS
  • സോണിയ അനാഥയാണ്
  • 19-ാം വയസ്സിൽ മാജിക് പ്ലാനറ്റിലെത്തി
gopinath-mutukad-sharing-his-emotional-experience-during-Sonia-wedding
SHARE

‘അവൾ എനിക്ക് മകൾ തന്നെയാണ്. എനിക്ക് പിറക്കാതെ പോയ മകൾ..’ഗോപിനാഥ് മുതുകാടിന്റെ വാക്കുകള്‍ക്ക് കണ്ണീരിന്റെ നനവ്. മായാജാലം കൊണ്ട് ജനങ്ങളെ വിസ്മയിപ്പിക്കുന്ന ഗോപിനാഥ് മുതുകാടിനെ ജീവിതം വിസ്മയിപ്പിച്ചത് സോണിയയുടെ വിവാഹദിവസമാണ്. വിവാഹം നടത്തുന്ന പണ്ഡിറ്റ് അച്ഛന്റെ പേര് ചോദിച്ചപ്പോൾ അവൾ പറഞ്ഞു– ‘ഗോപിനാഥ്’. ആ നിമിഷം ജീവിതം ഒരു വിസ്മയമാണെന്ന് ഗോപിനാഥ് മുതുകാടിന് തോന്നിപ്പോയി. ജന്മം നൽകാതെ സോണിയ എന്ന അസാമി പെൺകുട്ടിയ്ക്ക് അച്ഛനായ കഥ ഗോപിനാഥ് മുതുകാട് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പങ്കുവെക്കുന്നു

‘‘അച്ഛനാകാൻ ജന്മം നൽകണമെന്നില്ലല്ലോ. സോണിയ എനിക്ക് മകളെപ്പോലെയല്ല മകൾ തന്നെയാണ്. അസാം സ്വാദേശിയായ സോണിയ ഥാപ്പ എന്റെ മാജിക് പ്ലാനറ്റിലെ സർക്കസ് ക്ലാസിലിൽ എത്തുന്നത് 19-ാം വയസിലാണ്. അവൾക്ക് അച്ഛനും അമ്മയുമില്ല. അനാഥയായ പെൺകുട്ടി ഉപജീവനത്തിന് വേണ്ടിയാണ് സർക്കസ് കൂടാരത്തിൽ എത്തുന്നത്. ഇന്ത്യയിലുടനീളം സഞ്ചരിച്ച ശേഷമാണ് സർക്കസ് ട്രൂപ്പിനൊപ്പം അവൾ മാജിക്ക് പ്ലാനെറ്റിൽ എത്തിയത്. ആ ലോകം പിന്നീട് അവളുടെ വീടായി മാറുകയായിരുന്നു.

സർക്കസ് ക്ലാസിലെ അവളുടെ പ്രകടനം ഞങ്ങളെ വിസ്മയിപ്പിച്ചു. രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധനേടുന്ന പ്രകടനമായിരുന്നു അവളുടേത്. അങ്ങനെയൊരു കലാകാരി നാടുനീളെ അലയേണ്ടവളല്ല എന്ന് എനിക്കു തോന്നി. മാജിക് അക്കാദമിയുടെ ആർട്ടിസ്റ്റ് വില്ലേജിൽ അവൾക്ക് ഞാൻ ഒരു വീടുവെച്ചു നൽകി. അനാഥയായ ആ പെൺകുട്ടിക്ക് ഞങ്ങളുടെ അനുഭാവപൂർണ്ണമായ പെരുമാറ്റം ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ അനുഭൂതിയാണ് നൽകിയത്. അവൾ എന്നെ പപ്പാ എന്നും കവിതയെ മമ്മിയെന്നും വിളിച്ചു. ഞങ്ങൾ പോലും അറിയാതെ അവൾ ഞങ്ങളുടെ മകളായി മാറുകയായിരുന്നു.

സോണിയയ്ക്ക് വിവാഹപ്രായമായപ്പോൾ രക്ഷിതാവിന്റെ സ്ഥാനം ഞാൻ ഏറ്റെടുത്തു. അവൾക്ക് പരിചയമുള്ള യുവാവ് തന്നെയാണ് വരൻ. പണ്ടെങ്ങോ സർക്കസിലൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സുമിത് റോയി. അവളുടെ ഇഷ്ടം അറിഞ്ഞപ്പോൾ വിവാഹം മുൻകൈയ്യെടുത്ത് നടത്താൻ ഞാൻ തീരുമാനിച്ചു. സുമിത്തിന്റെ വീട്ടുകാരോട് സംസാരിച്ചു. കൊൽക്കത്തയിലെ കാളിഘട്ടിൽവെച്ച് വിവാഹം നടത്താൻ ഒരുങ്ങി. ഞാനും എന്റെ മാജിക്ക്പ്ലാനറ്റിലെ സ്റ്റാഫ് ഭരത്‌രാജും വിവാഹത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെത്തി. സോണിയയുടേതെന്നു പറയാൻ ആരുമുണ്ടായിരുന്നില്ല. 15ൽ താഴെ മാത്രം ആളുകളാണ് വിവാഹത്തിനെത്തിയത്.

കൊൽക്കത്തയിലെ രണ്ടുമുറി വീട്ടിൽ കല്യാണത്തിനുള്ള പൂജകൾ ആരംഭിച്ചു. സുമിത്തിനോട് അച്ഛന്റെയും മുത്തച്ഛന്റെയും പേരുകൾ പണ്ഡിറ്റ് ചോദിച്ചു. സോണിയയോട് ചോദിച്ചപ്പോൾ അവൾ എന്നെ ചൂണ്ടിക്കാട്ടി ഗോപിനാഥ് എന്ന് പറഞ്ഞു. ഞാൻ ഒരിക്കലും അങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചതല്ല. ജീവിതം എന്റെ മുന്നിൽ വിസ്മയമായ നിമിഷമായിരുന്നു. പാവപ്പെട്ട ഒരു പെൺകുട്ടിക്ക് തണലാകാൻ എന്നെക്കൊണ്ട് ആകുന്നത് ചെയ്തു, അത്രമാത്രം. അതുപക്ഷേ അവളെ എത്രമാത്രം സ്വാധീനിച്ചുവെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു. എന്റെ അച്ഛന്റെ പേര് ഗോപിനാഥ് എന്നുപറഞ്ഞപ്പോൾ മനസ് കൊണ്ട് ഞാൻ ശരിക്കും അവളുടെ അച്ഛനായി മാറുകയായിരുന്നു. പണ്ഡിറ്റ് എന്റെ വിരലിൽ ദർഭ കൊണ്ടുള്ള മോതിരം അണിയിച്ചു. അവളുടെ മുത്തച്ഛന്റെ പേര് ചോദിച്ചപ്പോൾ എന്റെ അച്ഛന്റെ പേരാണ് ഞാൻ പണ്ഡിറ്റിനോട് പറഞ്ഞത്.

അവളെ സുമിത്തിന് കൈപിടിച്ച് ഏൽപ്പിച്ചപ്പോൾ ഒരു അച്ഛന്റെ അതേ വൈകാരിക എനിക്ക് തോന്നി. അവൾ എന്റെ മകളാണ്, പിറക്കാതെ പോയ പൊന്നുമകൾ’’- ഗോപിനാഥ് മുതുകാട് പറഞ്ഞു.

കടപ്പാട് മനോരമ ന്യൂസ് ഡോട്ട്കോം

English Summary : Gopinath muthukad sharing an emotional experience in his life

MORE IN WEDDING
SHOW MORE
FROM ONMANORAMA