ക്ഷണക്കത്ത് പങ്കുവച്ച് സൗഭാഗ്യ; വിവാഹം ഫെബ്രുവരി 20ന്

arjun-sowbhagya
SHARE

ഡബ്സ്മാഷ് വിഡിയോകളിലൂടെ ശ്രദ്ധേയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു. ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് താലികെട്ട്. അർജുൻ സോമശേഖർ ആണ് വരൻ. വിവാഹക്ഷണക്കത്ത് സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. രാവിലെ 9ന് ആണ് മൂഹൂർത്തം. വിവാഹത്തിന്റെ ഭാഗമായുള്ള മാലമാറ്റൽ, ഊഞ്ഞാൽ, പുടവ കൊടുക്കല്‍ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തുക.

അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബലക്ഷ്മിയും നടിയാണ്. ടിക്ടോക്, ഡബ്സ്മാഷ് എന്നീ ആപ്പുകളിലെ പ്രകടനത്തിലൂടെയാണ് സൗഭാഗ്യ പ്രശസ്തയാകുന്നത്.

സുഹൃത്തും ടിക്ടോക് പങ്കാളിയുമായ അർജുൻ സോമശേഖറുമായി രണ്ടു വര്‍ഷമായി സൗഭാഗ്യ പ്രണയത്തിലാണ്. 2019 ഡിസംബർ 29ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സൗഭാഗ്യ വിവാഹസൂചനകൾ നൽകിയത്.

‘‘സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്.... വിധി....ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അത് മികച്ചതായിരിക്കും... പത്മനാഭ സ്വാമി തമ്പുരാനേ ശരണം...’’ ആ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചു. 

ഏറെ വൈകാതെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന് ഇൻസ്റ്റഗ്രാമിലൂടെ സൗഭാഗ്യ അറിയിച്ചു. ‘‘ഞാൻ ആഗ്രഹിച്ചത് അമ്മ എനിക്കു നൽകി’’ എന്നായിരുന്നു വിവാഹനിശ്ചയ ദിവസത്തെ ചിത്രം പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്.

English Summary : Sowbhagya Venkitesh- Arjun Somasekhar Wedding

MORE IN WEDDING
SHOW MORE
FROM ONMANORAMA