ഇനി ഷഹനയുടെ സ്വന്തം പ്രണവ്; കേരളം നെഞ്ചേറ്റിയ വിവാഹം

Shahna_pranav
SHARE

'എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരുവാൻ പോകുന്നു. എല്ലാവരുടേയും പ്രാർഥനയും അനു​ഗ്രഹവും ഉണ്ടാകണം​'- ഫെബ്രുവരി 3 ന് ഇരിങ്ങാലക്കുട സ്വദേശിയായ പ്രണവ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വരികളാണിത്. വീൽചെയറിലാണ് പ്രണവിന്റെ സഞ്ചാരം. ആറു വർഷം മുൻപ് ഒരു അപകടത്തിൽ പരുക്കേറ്റ് ആ ശരീരം തളർന്നതാണ്. പക്ഷേ മനസ്സ് തളർന്നില്ല.  പ്രണവ് പോരാടി, ആ​ഗ്രഹിച്ച സ്ഥലത്തെല്ലാം അവൻ എത്തി. മനസ്സറിഞ്ഞ് വീട്ടുകാരും കൂട്ടുകാരും ഒപ്പം നിന്നു.

ആ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി കടന്നു വരുന്ന സന്തോഷമാണ് പ്രണവ് സമൂഹമാധ്യമത്തിൽ കുറിച്ച ഈ വരികൾ. തിരുവനന്തപുരം സ്വദേശിനി ഷഹന ഇപ്പോൾ പ്രണവിന്റെ നല്ലപാതിയാണ്. ഇവരുടെ വിവാഹദൃശ്യങ്ങൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. ക്ഷേത്രനടയിൽ വീൽചെയറിലിരുന്നാണ് പ്രണവ് ഷഹനയുടെ കഴുത്തിൽ താലി ചാർത്തിയത്. 

ഒരു വിഡിയോയിൽ നിന്നു മൊട്ടിട്ട പ്രണയമാണിത്. നെഞ്ചിനു താഴേക്കു തളർന്നെങ്കിലും പ്രണവുമായി നാട്ടിലെ ആഘോഷങ്ങൾക്കെല്ലാം കൂട്ടുകാർ എത്തുമായിരുന്നു. മനസ്സു നിറഞ്ഞ് താളവും മേളവും പ്രണവ് ആസ്വദിക്കും. അങ്ങനെ മതിമറന്ന് മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മലയാളികളുടെ ഹൃദയത്തിൽ പ്രണവ് സ്ഥാനം പിടിച്ചു. ഷഹനയും ഈ വിഡിയോ കണ്ടു. എന്നാൽ അവന്റെ ജീവിതത്തിൽ ഒരു സ്ഥാനം നേടാനായിരുന്നു അവളുടെ തീരുമാനം.

പ്രണവിന്റെ കൂട്ടുകാർ വഴി അവൾ കാര്യം അവതരിപ്പിച്ചു. പ്രണവിന്റെ ജീവിതസഖി ആകണം. അവനു വേണ്ടി ജീവിക്കണം. പ്രണവിന്റെ ഉള്‍പ്പടെ നിരവധി എതിർപ്പുകളാണ് പിന്നീട് ഷഹനയെ കാത്തിരുന്നത്. എന്നാൽ അവൾ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അങ്ങനെ ഷഹന ഇരിങ്ങാലക്കുടയിലെത്തി.

കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. പ്രണവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇനി പ്രണവിന് താങ്ങായി ഷഹനയുണ്ടാകും. 

English Summary : Pranav - Shahna Wedding, viral video

MORE IN WEDDING
SHOW MORE
FROM ONMANORAMA