ADVERTISEMENT

‘‘ഞങ്ങളുടെ മകൾ മാതംഗിയുടെ വിവാഹം നാലഞ്ചു ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ ഏപ്രിൽ 15ന് നടത്തുന്നതാണ്. സാഹചര്യങ്ങൾ മാറിയാൽ വിവാഹസത്കാരം പിന്നീട് നടത്താൻ ആഗ്രഹിക്കുന്നു. പ്രാർഥനകളും ആശീർവാദങ്ങളും ഉണ്ടായിരിക്കണം’’ – മുതിർന്ന മാധ്യമ പ്രവർത്തകനായ ടി.ശശിമോഹന്റെയും ജി.വിനോദിനിയുടെയും മകൾ മാതംഗിയുടെ വിവാഹം അറിയിച്ച് തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീടിനു മുമ്പിൽ സ്ഥാപിച്ച പോസ്റ്ററിലെ വരികളാണിത്. ലോക്ഡൗണിനെ തുടര്‍ന്ന് നിലവിൽ വന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിച്ച്, വീടിനകത്ത് ഒരുക്കിയ വേദിയിൽ, വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളെ സാക്ഷികളാക്കിയാണ് മാതംഗിയും വിമൽകുമാറും വിവാഹിതരായത്. പരിമിതികൾക്കിടയിൽ എങ്ങനെ വിവാഹം നടത്താമെന്നു വ്യക്തമാക്കുന്നതായിരുന്നു ഈ ചടങ്ങുകൾ. 

വിവാഹ തീയതി നിശ്ചയിച്ച് ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് കൊറോണ വൈറസ് ലോകത്തെ നിശ്ചലമാക്കുന്നത്. നാട്ടിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഏതൊരു മാതാപിതാക്കളേയും പോലെ വധൂവരന്മാരുടെ മാതാപിതാക്കളും പരസ്പരം ചോദിച്ചു ‘വിവാഹം മാറ്റി വെയ്ക്കണോ ?’ മാറ്റിവെയ്ക്കാനുള്ളതു പോലെ വിവാഹം നടത്താനും കാരണങ്ങളുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് വിവാഹം. വരന്റെ ജാതക പ്രകാരം രണ്ടു മാസത്തിനുള്ളിൽ വിവാഹം നടക്കണം. വിവാഹം നടത്താനാകുമെങ്കില്‍ അതാണ് നല്ലതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അഭിപ്രായപ്പെട്ടു. ഇതെല്ലാം കൂടിച്ചേർന്നപ്പോൾ വിവാഹവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. വിവാഹവസ്ത്രങ്ങളും അത്യാവശ്യം വേണ്ട ആഭരണങ്ങളും തയാറാക്കി വച്ചിരുന്നതും ധൈര്യമേകി. യാതൊരു വിധത്തിലും സർക്കാർ നിർദേശങ്ങള്‍ ലംഘിക്കപ്പെടാതെ വേണം വിവാഹമെന്നും തീരുമാനിച്ചിരുന്നു.

wedding-m-atangi-vimal

എല്ലാ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വലിയൊരു മണ്ഡപത്തിൽ വിവാഹം സ്വപ്നം കണ്ടിരുന്ന മാതംഗി, സാഹചര്യം മനസ്സിലാക്കി വിവാഹത്തിന് പൂർണസമ്മതം അറിയിച്ചു. ക്ഷണിച്ചിരുന്നവരെ പുതിയ തീരുമാനം അറിയിക്കുകയും ആശിർവാദം ആവശ്യപ്പെടുകയും ചെയ്തു. ബെംഗളൂരുവിൽ ബാങ്ക് മാനേജറായി ജോലി ചെയ്യുന്ന സഹോദരൻ ഗോപിമാധവിനും ഭാര്യ ദിവ്യശ്രീക്കും വിവാഹത്തിൽ പങ്കെടുക്കാനാവില്ല എന്ന സങ്കടം മാത്രം ബാക്കിയായി. എങ്കിലും വിഡിയോ കോളിലൂടെ സഹോദരനും ഭാര്യയ്ക്കും മാതംഗി ദക്ഷിണ സമർപ്പിച്ചതു വിവാഹദിവസത്തെ ഹൃദ്യമായ അനുഭവമായി.

video-call
മാതംഗി സഹോദരന്‍ ഗോപിമാധവിനും അദ്ദഹത്തിന്റെ ഭാര്യയ്ക്കും വിഡിയോ കോളിലൂടെ ദക്ഷിണ സമർപ്പിക്കുന്നു

പൊലീസിന്റെ അനുമതി വാങ്ങി. വീടിനകത്ത് ചെറിയൊരു വിവാഹവേദിയൊരുക്കി‌ മനോഹരമായി അലങ്കരിച്ചു. വരന്റെയും വധുവിന്റെയും  ബന്ധുക്കളായി 10 പേർ. ഫൊട്ടോഗ്രഫർ, ബ്യൂട്ടീഷൻ, മറ്റു സഹായങ്ങൾക്കായി രണ്ടു പേർ എന്നിവരായിരുന്നു അന്നേ ദിവസം വീട്ടിലുണ്ടായിരുന്നത്. നിശ്ചയിച്ച മുഹൂർത്തത്തിൽ മാതംഗിക്ക് വിമൽ കുമാർ താലി ചാര്‍ത്തി. മറ്റു ചടങ്ങുകളും പൂർത്തിയാക്കിയതോടെ ലോക്ഡൗൺ കാലത്തെ മാതൃകാ വിവാഹത്തിന് സന്തോഷകരമായ പര്യവസാനം. 

couples

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപികയാണ് മാതംഗി. വരൻ വിമൽകുമാർ കേരള യൂണിവേഴ്സിറ്റിയിൽ സൈക്കോളജി വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com