വിവാഹാഘോഷത്തിനുള്ള പണം ദുരിതമനുഭവിക്കുന്നവർക്ക്; മാതൃകയായി സീരിയൽ താരങ്ങൾ

serial-actors-donates-wedding-celebrations-money-to-needy-people
SHARE

വിവാഹാഘോഷത്തിനു നീക്കിവെച്ച പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നൽകി സീരിയൽ താരങ്ങളായ പൂജ ബാനർജിയും കുനാൽ വർമയും. ഏപ്രിൽ 15ന് നിശ്ചയിച്ചിരുന്ന വിവാഹാഘോഷങ്ങൾ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുകയായിരുന്നു. ഇതിനു വേണ്ടി മാറ്റിവെച്ച പണം ദുരിതമനുഭവിക്കുന്നവർക്ക് നൽകാനാണ് തീരുമാനമെന്ന് പൂജ അറിയിച്ചു.

10 വർഷത്തെ പ്രണയത്തിനുശേഷമാണ് ‘തുജേ സംഗ് പ്രീത് ലഗായി സജ്ന’ എന്ന ഹിന്ദി സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂജയും കുനാലും വിവാഹിതരായത്. ഒരു മാസം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ 15ന് ചടങ്ങുകളും സത്കാരവും നടത്താനായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അത് ഒഴിവാക്കുകയായിരുന്നു. ‘‘രോഗത്തോട് പോരാടി കൊണ്ടിരിക്കുന്നവർക്കും രോഗം മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്കും പിന്തുണ അറിയിക്കുന്നു. അവർക്ക് ഞങ്ങളുടെ പ്രാർഥന ഉണ്ടായിരിക്കും. വിവാഹത്തിനു വേണ്ടി മാറ്റിവെച്ച പണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ചെറിയൊരു സഹായമായി നൽകാനാണ് തീരുമാനം. ഇത് ആഘോഷിക്കേണ്ട സമയമല്ല. നാളെ ലോകം സന്തോഷം വീണ്ടെടുക്കുമ്പോൾ നമുക്ക് ആഘോഷിക്കാം’’– പൂജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

വർഷങ്ങളായി വിവാഹത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും വലിയൊരു ചടങ്ങാണ് മനസ്സിലുണ്ടായിരുന്നതെന്നും പൂജ ഒരു ഫാഷൻ പോർട്ടലിനോട് പ്രതികരിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26ലേക്ക് ആഘോഷങ്ങൾ മാറ്റി. എന്നാൽ വീണ്ടും ലോക്ഡൗണ്‍ നീട്ടാൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ നേരയാകാൻ മാസങ്ങൾ എടുക്കുമെന്ന് മനസിലായി. ആഘോഷങ്ങൾ എപ്പോൾ വേണമെങ്കിലും നടത്താം. അതിന് ശരിയായ സമയം എപ്പോഴെങ്കിലും തെളിഞ്ഞു വരും. ഇപ്പോള്‍ അതിനുവേണ്ടി നീക്കിവച്ച പണം ആവശ്യക്കാർക്ക് നൽകാം എന്നു തീരുമാനിക്കുകയായിരുന്നുവെന്നും പൂജ പറഞ്ഞു.

English Summary : Puja Banerjee Donates Wedding Celebrations Money

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA