ഇംഗ്ലിഷ് ശൈലിയും ഇന്ത്യൻ മനോഹാരിതയും ചേരുന്ന ആംഗ്ലോ ഇന്ത്യൻ വിവാഹ സംസ്കാരം

anglo-indian-wedding-tradition
SHARE

മറ്റു വിവാഹ ചടങ്ങുകളിൽ നിന്നും ഒരുപാട് വേറിട്ടു നിൽക്കുന്ന ഒന്നാണ് ആംഗ്ലോ-ഇന്ത്യൻ വിവാഹങ്ങൾ. വിവാഹത്തെ കൂടുതൽ ഹൃദയഹാരിയും ആനന്ദകരവുമായ ഒരുപാട് ചടങ്ങുകളാലും ആചാരങ്ങളാലും സമ്പന്നമാണ് ഈ വിവാഹങ്ങൾ. 

പാശ്ചാത്യ ക്രിസ്ത്യൻ വിവാഹത്തിൽ നിന്നും ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവരുടെ ശൈലികളും ആചാരങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള ഒന്നുത്തന്നെയാണ് ഗോവൻ വിവാഹങ്ങളും. വിവാഹത്തിനും ചടങ്ങുകൾക്കുമെല്ലാം സാക്ഷ്യം വഹിക്കാൻ വധുവരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിച്ചേരും. ആംഗ്ലോ-ഇന്ത്യൻ ക്രൈസ്തവിവാഹങ്ങളിൽ വധു പാശ്ചാത്യ രീതിയിലുള്ള ഗൗണും വരൻ സ്യൂട്ടുമാണ് ധരിക്കുന്നത്.

വിവാഹ ആചാരങ്ങളിലൂടെ...

ബ്രൈഡൽ ഷവർ: ക്രിസ്ത്യൻ വിവാഹങ്ങളിലെ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ചടങ്ങാണ്. വിവാഹത്തലേന്ന് വധുവിന്റെ സുഹൃത്തുക്കൾ സ്ത്രീകൾക്കായി മാത്രം നടത്തുന്ന അനൗപചാരികമായ ഒരു പാർട്ടിയാണ് ഇത്. പാട്ടും ചിരിയും കളിയുമൊക്കെ ചേർന്ന ഒരടി പൊളി ആഘോഷം. നല്ലൊരു വിവാഹജീവിതത്തിനുള്ള ആശംസകളോടെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വധുവിന് സമ്മാനങ്ങളും മറ്റും ഈ രാത്രിയിൽ നൽകും. അന്നുരാത്രിയിൽ വധു ഇളം നിറത്തിലുള്ള കേക്ക് മുറിച്ച് എല്ലാവർക്കും നൽകുന്നത് പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന മറ്റൊരു ചടങ്ങാണ്. ഈ കേക്കിനും ഒരു പ്രത്യേകതയുണ്ട്. ഈ കേക്കിൽ ഒരു വിരൽത്രാണം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. ഈ വിരൽത്രാണമുള്ള കേക്കിന്റെ കഷ്ണംകിട്ടുന്ന പെൺകുട്ടിയായിരിക്കും അടുത്തതായി വിവാഹിതയാകുക എന്നതും ഒരു വിശ്വാസമാണ്.

bridal-shower

ബാച്ചിലർ പാർട്ടി: -ബാച്ചിലർ പാർട്ടി തന്റെ സുഹൃത്തുക്കൾക്കായി വരന്റ ആതിഥേയത്യത്തിൽ നടക്കുന്നു. ഇത് പ്രധാനമായും കല്യാണത്തിന്റെ തലേന്ന് സംഘടിപ്പിക്കുന്ന ഒരു സ്റ്റേജ് പാർട്ടിയാണ്. അല്ലെങ്കിൽ വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരൻ ബാച്ചിലറായുള്ള തന്റെ അവസാന സായാഹ്നം കൂട്ടുകാരോടൊപ്പം ആസ്വദിക്കുന്നു.

വിവാഹവസ്ത്രം: പരമ്പരാഗതമായി ആംഗ്ലോ-ഇന്ത്യൻ ക്രൈസ്തവ വിവാഹത്തിന് വധു പാശ്ചാത്യ രീതിയിലുള്ള വെള്ള ഗൗണാണ് ധരിക്കാറുള്ളത്. അഞ്ച് മുതൽ ഏഴു മീറ്റർവരെ നീളമുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് ഇത്തരം ഗൗണുകൾ സാധാരണയായി തയ്ക്കുന്നത്. ഇവ ഇന്ന് പല ഡിസൈനുകളിൽ ലഭ്യമാണ്.   

brides-mades

ബ്രൈഡ്സ് മെയ്‌ഡ്സ്:  വധുവിനെ പോലെ തന്നെ ഗൗണുമണിഞ്ഞ് ഒരുങ്ങി വധുവിന്റെകൂടെ വരുന്ന തോഴിമാരാണ് ബ്രൈഡ്സ് മെയ്‌ഡ്സ്. നവദമ്പതികളെ ഉപദ്രവിക്കാനിടയുള്ള ദുർഭൂതങ്ങളെയും അസൂയാലുക്കളായ മറ്റുള്ളവരെയും കുഴയ്ക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശം.

anglo-wedding

വെൽകമിങ് ദ് ബ്രൈഡ്: ദേവാലയത്തിൽ വധുവിനു നൽകുന്ന സ്വീകരണം വിവാഹദിവസം നടക്കുന്ന ചടങ്ങാണ്. വധുവിനായി കാത്തുനിൽക്കും. വധു എത്തുമ്പോൾ അവളുടെ ഇരുകവിളുകളിലും മുത്തവും ഒരു പൂച്ചെണ്ടും നൽകി വരൻ അവളെ ദേവാലയത്തിലെ അൾത്താരയുടെ അരികിലേയ്ക്ക് ഘോഷയാത്രയുടെ അകമ്പടിയോടെ ആനയിക്കും. അൾത്താരയിൽ നിൽക്കുന്ന പുരോഹിതൻ എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് അവരെ ദേവാലയത്തിലേയ്ക്ക് സ്വീകരിക്കും.

anglo-wedding-1

ഗ്രാന്റ് മാർച്ച്: പൊതുവേ ഗ്രാന്റ് മാർച്ചിലേയ്ക്ക് നവദമ്പതികളെ ആനയിക്കുന്നത് വിവാഹം കഴിഞ്ഞു കുറച്ച് വർഷങ്ങളായ ദമ്പതികളാണ്. പാട്ടിന്റെ താളത്തിനൊപ്പം നൃത്തം വയ്ക്കാൻ പരിചയമുള്ളവരുടെ അടുത്തുനിന്നാണ് നവദമ്പതികൾ പഠിക്കുന്നത്. പതിയെപതിയെ പാട്ടിന്റെ താളം മുറുകുന്നതിനനുസരിച്ച് സകലരും നൃത്തത്തിൽ മുഴുകും. നൃത്തം ആരംഭിക്കുന്നത് നവദമ്പതികളെ റൂമിനുചുറ്റും ആനയിച്ചു കൊണ്ടാണ്. ഇത് ജീവനെ അർത്ഥമാക്കുന്നു. പിന്നീട് ദമ്പതികളെ പിരിക്കും. ഇത് കലഹത്തെയും സൂചിപ്പിക്കുന്നു. ഇതിനുശേഷം പരിഹാരത്തെ സൂചിപ്പിച്ച് ഇവർ വീണ്ടും ഒന്നിക്കും. പിന്നീട് ഇവരുടെകൂടെ മറ്റുള്ളവരുംകൂടിചേർന്ന് പല നിരകളുണ്ടാക്കും. ഇരുവരുടെയും കുടുബ ബന്ധങ്ങളുടെ വളർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. ശേഷം ഈ നിരകളെല്ലാം ചേർന്ന് സർപ്പത്തെപ്പോലെ ഒറ്റ നിരയായി നൃത്തം ചെയ്യും. ജീവിതം ഏറെ ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞതാണെന്ന് ഇത് സൂചിപ്പിക്കുന്നു. പിന്നീട് ഈ ദമ്പതികൾ കൈച്ചേർത്തുവച്ച് പാലംപോലെ നിൽക്കും. ഇതിനടിയിലൂടെ മറ്റുള്ളവർ കടക്കും. ഇതു കാണിക്കുന്നത് നവദമ്പതികളുടെ ബന്ധത്തിന്റെ കരുത്താണ്. പിന്നീട്, നവദമ്പതികൾ രണ്ടുപേരുംകൂടി നൃത്തംചെയ്യാൻ തുടങ്ങും. ഇവർക്കുചുറ്റും വിവാഹപാർട്ടിയിലെ അതിഥികളെല്ലാവരും വട്ടത്തിൽകൂടും. വിവാഹത്തിനുശേഷം ദമ്പതികൾക്കുള്ള കുടുംബങ്ങളുടെ പിന്തുണയാണ് ഇത് സൂചിപ്പിക്കുന്നത്.

anglo-wedding-2

ആഘോഷങ്ങൾ കൊണ്ടും ആചാരങ്ങൾ കൊണ്ടും സമ്പന്നമാണ് ആംഗ്ലോ ഇന്ത്യൻ വിവാഹ ചടങ്ങുകൾ. വൈവാഹിക ജീവിതത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഉടനീളം സംഭവിക്കാനിടയുള്ള എല്ലാ കാര്യങ്ങളും കോർത്തിണക്കി ആദ്യ ദിവസം തന്നെ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന രീതിയിലുള്ള ചടങ്ങുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. നവ വധൂ വരന്മാർക്ക് പുറമെ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ ദമ്പതിമാർക്കും ഇതിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഏത് വിഭാഗക്കാർക്കും അനുകരണീയമായ വിശേഷ ചടങ്ങുകളാൽ വ്യത്യസ്തമാണ് ആംഗ്ലോ ഇന്ത്യൻ വിവാഹ രീതി. 

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA