വിമർശനങ്ങൾ കാര്യമാക്കുന്നില്ല, കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ട് ; വിവാദ ഫോട്ടോഷൂട്ടിലെ ദമ്പതികൾ പറയുന്നു

HIGHLIGHTS
  • സേവ് ദ് ഡേറ്റ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
  • ഷൂട്ടിൽ യാതൊരു തെറ്റുമില്ലെന്നാണ് ദമ്പതികളുടെ നിലപാട്
the-couple-in-the-controversial-post-wedding-photoshoot-opens-their-minds
SHARE

ചെറിയൊരു ഇടവേളയ്ക്കുശേഷം വെഡ്ഡിങ് ഫോട്ടോഷൂട്ട് വിവാദം വീണ്ടും തല പൊക്കിയിരിക്കുകയാണ്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച വിവാഹപൂർവ ഷൂട്ട് ആണ് സഭ്യത ലംഘിച്ചെന്ന് ആക്ഷേപം നേരിടുന്നത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണിത്. 

പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണെങ്കിലും സേവ് ദ് ഡേറ്റ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പരമ്പരാഗത ശൈലിയലുള്ള ചിത്രങ്ങൾ ഒഴിവാക്കി പുതിയ ട്രെന്റ് പിന്തുടരണം എന്ന ആഗ്രഹമാണ് ഇരുവർക്കും ഉണ്ടായിരുന്നത്. ഇക്കാര്യം കുടുംബസുഹൃത്തും ഫൊട്ടഗ്രഫറുമായ അഖിൽ കാർത്തികേയനോട് പറഞ്ഞു. തുടർന്ന് വാഗമണ്ണിലെത്തി ഷൂട്ട് നടത്തുകയായിരുന്നു. ചിത്രങ്ങൾ വെഡ്ഡിങ് സ്റ്റോറീസിന്റെ പേജിലൂടെ പങ്കുവച്ചതിനു പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. 

wedding-photoshoot-3

ഷൂട്ടിൽ യാതൊരു തെറ്റുമില്ലെന്നു തന്നെയാണ് ദമ്പതികളുടെ നിലപാട്. ‘‘എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല, ബന്ധുക്കൾക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം. സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണ്. അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസം’’– ഋഷികാർത്തിക് പറഞ്ഞു.

photo-3

കാലവും ലോകവും മാറുമ്പോൾ അതിനെ പുച്ഛത്തോടെ കാണുകയും എല്ലാത്തിനേയും അശ്ലീല കണ്ണുകളോടു കൂടി മാത്രം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് പ്രശ്നമെന്നാണ് ഇവരുടെ പക്ഷം. ആദ്യം ചില കമന്റുകൾക്ക് ഋഷി മറുപടി നൽകിയിരുന്നു. എന്നാൽ കമന്റുകൾ നിരവധി ആയതോടെ അത് അവസാനിപ്പിച്ചു. ‘‘കൊലപാതകമോ പീഡനമോ പിടിച്ചു പറിയോ മറ്റേതെങ്കിലും കുറ്റകൃത്യമോ ചെയ്തിട്ടില്ല. അതു ചെയ്യുന്നവർ ഒരു കൂസലും കൂടാതെ നടക്കുന്നു. അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പ്രതികരിക്കാത്തവർ വരെ ഫോട്ടോഷൂട്ടിനെതിരെ രംഗത്തു വരുന്നു എന്നതാണ് രസകരം. സ്ത്രീയുടെ ശരീരഭാഗം കാണുമ്പോൾ നിങ്ങൾ ചിന്തിക്കുന്നത് മറ്റു പലതുമാണ്. സ്ത്രീ എന്നാൽ ശരീരം മാത്രമാണ് എന്നു കരുതുന്നതിന്റെ പ്രശ്നമാണിത്. അതിനെ വ്യത്യസ്തമായ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആയി കണ്ടാൽ പ്രശ്നം തീർന്നു. ഇഷ്ടമായില്ലെങ്കിൽ സ്ക്രോള്‍ ചെയ്തു പോയാൽ പോരെ. ഇനി തെറി വിളിച്ചേ തീരൂ എങ്കിൽ ആയിക്കോളൂ. ആരുടേയും വായ മൂടി കെട്ടാൻ സാധിക്കില്ലല്ലോ’’– ഋഷിയും ലക്ഷ്മിയും നിലപാട് വ്യക്തമാക്കി.

ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ ചിത്രങ്ങൾ എടുത്തു കൊടുക്കുക തങ്ങളുടെ കടമയെന്നാണ് ഫൊട്ടോഗ്രഫർ അഖിൽ കാർത്തികേയന് പറയാനുള്ളത്. ഇത്തരം ഫോട്ടോഷൂട്ടുകളിലൊന്നും ഇപ്പോൾ അസ്വാഭാവികതയില്ലെന്നും ഇനിയും ട്രെന്റ് മാറുമെന്നും അഖിൽ പറയുന്നു. 

wedding-day-photo

സെപ്റ്റംബർ 16 ന് ലക്ഷ്മിയുടെ സ്വദേശമായ കൊല്ലത്തുവച്ചായിരുന്നു ഇവരുടെ വിവാഹം. ഒരു മൊബൈൽ ബ്രാൻഡിന്റെ ഡിസ്ട്രിബ്യൂഷൻ മേഖലയിലാണ് ഋഷികാർത്തിക് ജോലി ചെയ്യുന്നത്. ലക്ഷ്മി ഇലക്ട്രോണിസിൽ ഡിപ്ലോമ പൂർത്തിയാക്കി തുടർനപഠനത്തിനുള്ള തയാറെടുപ്പിലാണ്.

English Summary : Couple in the controversial post wedding photoshoot opens their mind

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA