പ്രണയം ബ്രീഫ്കേസിനോട് ; വിവാഹം ചെയ്ത് യുവതി; കാരണം ഇതാണ്

HIGHLIGHTS
  • ഗിദെയോൻ എന്നാണ് ബ്രീഫ്കേസിന് പേരിട്ടിരിക്കുന്നത്
  • ഒബ്ജക്ടോഫീലിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്
objectophilia-woman-marries-briefcase
പ്രതീകാത്മക ചിത്രം ∙ Image Credits : Efired / Shutterstock.com
SHARE

പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും സ്വാഭാവികമാണ്. എന്നാൽ മനുഷ്യനു പകരം ജീവനില്ലാത്ത വസ്തുവിനെ വിവാഹം ചെയ്താലോ? റഷ്യൻ സ്വദേശിനി റെയ്ൻ ഗോർഡൻ വിവാഹം ചെയ്തത് ഒരു ബ്രീഫ്കേസിനെയാണ്. ജൂണിലായിരുന്നു ഈ വിചിത്ര വിവാഹമെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. 

ഗിദെയോൻ എന്നാണ് ബ്രീഫ്കേസിന് പേരിട്ടിരിക്കുന്നത്. 2015ലാണ് ഈ ബ്രീഫ്കേസ് റെയിനിന്റെ കയ്യിലെത്തുന്നത്. ഒരു ഫോട്ടോഷൂട്ടിന് വേണ്ടി വാങ്ങിയതാണ്. പതിയെ ബ്രീഫ്കേസിനോട് പ്രണയം തോന്നിത്തുടങ്ങി. മണിക്കൂറുകളോളം ബ്രീഫ്കേസ് നോക്കിയിരിക്കാനും സംസാരിക്കാനും ആരംഭിച്ചു. 

ഹൃദയത്തിന്റെ ഭാഷയിലൂടെ ബ്രീഫ്കേസ് തിരിച്ചും സംസാരിക്കുന്നു. അങ്ങനെയൊരു സംസാരത്തിലാണ് ഗിദെയോൻ വിവാഹാഭ്യർഥന നടത്തിയത്. ഇതേത്തുടർന്ന് ഒരു ചടങ്ങ് സംഘടിപ്പിക്കുകയും മോതിരം കൈമാറി വിവാഹിതരാകുകയായിരുന്നെന്നും റെയിൻ പറയുന്നു. സുഹൃത്തുക്കളും സഹോദരനും ചടങ്ങിന്റെ ഭാഗമായി. 

ഔദ്യോഗികമായ അംഗീകാരമില്ലെങ്കിലും ഈ വിവാഹചടങ്ങ് സന്തോഷം നൽകിയെന്നും തങ്ങളുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളർന്നെന്നുമാണ് റെയിന്റെ നിലപാട്. പലരും തന്റെ അവസ്ഥ മനസ്സിലാക്കാതെ ചികിത്സ തേടാൻ ആവശ്യപ്പെടുന്നതിന്റെ വേദനയും റെയിൻ മിററിനോട് തുറന്ന്പറഞ്ഞു. 24കാരിയായ റെയിൻ നഴ്സറി സ്കൂൾ ടീച്ചറാണ്.

എട്ടാം വയസ്സിലാണ് വസ്തുക്കളോടുള്ള ആകർഷണം ആരംഭിക്കുന്നത്. കൗമാരത്തിൽ അത് പ്രണയമായി മാറി. തെറ്റാണെന്നും സമൂഹത്തിന്റെ രീതികൾക്ക് എതിരാണെന്നും തോന്നിയതുകൊണ്ട് ഇതേക്കുറിച്ച് ആരോടും പറഞ്ഞില്ല. പുരുഷന്മാരുമായി പ്രണയമുണ്ടായിട്ടുണ്ടെങ്കിലും വസ്തുക്കളോടുള്ള പ്രണയമാണ് കൂടുതൽ സന്തോഷം നൽകുന്നത്. തന്റെ ഈ സ്വഭാവമാണ് ഒരു പ്രണയം തകരാൻ കാരണമായതെന്നും റെയിൻ പറയുന്നു. 

വസ്തുക്കളോട് പ്രണയവും ലൈംഗിക ആകർഷണവും തോന്നുന്നതിനെ ഒബ്ജക്ടോഫീലിയ എന്നാണ് വിളിക്കുന്നത്. പല കാരണങ്ങൾ ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകാം എന്നാണ് മനഃശാസ്‌ത്രജ്ഞർ പറയുന്നത്. 2007ൽ എറിക്ക എന്ന അമേരിക്കൻ യുവതി ഈഫൽ ടവറിനെ ‘വിവാഹം’ ചെയ്തത് വാർത്തയായിരുന്നു. ഒബ്ജക്ടോഫീലിയ എന്ന അവസ്ഥയെക്കുറിച്ച് അക്കാവയളവിൽ നിരവധി ചർച്ചകൾ ഉണ്ടാകുകയും ചെയ്തു.

English Summary : Woman, 24, who is attracted to objects weds a briefcase

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA