സാരിയിലല്ല ബ്ലൗസിൽ ശ്രദ്ധിക്കാം; ചർമത്തിന്റെ നിറം മാറ്റേണ്ട; വധുവായി ഒരുങ്ങാം ഇങ്ങനെ

HIGHLIGHTS
  • വേദിയിൽ നിൽക്കുമ്പോൾ സാരിയുടെ നിറമായിരിക്കും എടുത്തുകാണിക്കുക
  • മുഖക്കുരു പോലുള്ള പ്രശ്നങ്ങളിൽ മേക്കപ് അത്ര ഫലപ്രദമാവില്ല
how-a-bride-should-get-ready-for-marriage
പ്രതീകാത്മക ചിത്രം ∙ Image Credits : The Captured Creations / Shutterstock.com
SHARE

വിവാഹദിനത്തിന് മനോഹരമായി അണിഞ്ഞൊരുങ്ങി, അതിസുന്ദരിയായി വേദിയിലെത്താൻ ആഗ്രഹിക്കാത്ത ഏതു സ്ത്രീയാണുള്ളത്. അതുകൊണ്ടു തന്നെ സാരി, ആഭരണങ്ങൾ, മേക്കപ്പ് എന്നിങ്ങനെ എല്ലാ കാര്യത്തിലും നിരവധി സംശയങ്ങൾ ഉണ്ടാകും. 

വിവാഹത്തിന് എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന് സെലിബ്രിറ്റി സ്റ്റൈലിസ്റ്റും മേക്കപ് ആർടിസ്റ്റുമായി ജോ അടൂർ പറയുന്നു. 

സാരി

ഒരു ദിവസം ധരിക്കാൻ വേണ്ടി ഒരുപാട് വിലയുള്ള സാരി എടുക്കാൻ താൽപര്യമില്ലാത്തവർ ബ്ലൗസിൽ കൂടുതൽ ശ്രദ്ധിക്കുക. ഇഷ്ടപ്പെട്ടതും അനുയോജ്യമായതുമായ നിറത്തിലുമുള്ള ശരാശരി വിലയുള്ള സാരി വാങ്ങാം. വേദിയിൽ നിൽക്കുമ്പോൾ സാരിയുടെ നിറമായിരിക്കും എടുത്തുകാണിക്കുക. പല്ലു വരുന്ന ഭാഗം ആഭരണങ്ങളും പൂമാലയും കൊണ്ടു മറയും. ബ്ലൗസിന്റെ കൈകളും പുറംഭാഗവുമായിരിക്കും കാണുക. അതിനാൽ നല്ല വർക്കുകൾ ചെയ്ത് ബ്ലൗസ് മനോഹരമാക്കിയാൽ കാഴ്ചയിൽ പ്രൗഢി തോന്നിക്കും.

ആഭരണങ്ങൾ 

സിനിമാതാരങ്ങളുടെയോ മറ്റുള്ളവരുടെയോ ആഭരണങ്ങൾ കണ്ട് അതുപോലുള്ളവ വാങ്ങുന്നവരുണ്ട്. എന്നാൽ നമുക്ക് അനുയോജ്യമാണോ എന്നതിനാകണം പ്രഥമ പരിഗണന. നെറ്റിച്ചുട്ടി പോലുള്ള ആഭരണങ്ങൾ മുഖത്തിന്റെ ആകൃതിക്കും നെറ്റിയുടെ വലുപ്പത്തിനും അനുയോജ്യമല്ലെങ്കിൽ ലുക്കിനെ മുഴുവനായി ബാധിക്കും. 

സ്വര്‍ണത്തിന്റെ മഞ്ഞ നിറം ചിലപ്പോൾ സാരിക്കും സ്കിൻ ടോണിനും അനുയോജ്യമാകണമെന്നില്ല. ലൈറ്റുകളുടെ പ്രകാശം കൂടി ആകുമ്പോൾ ഇത് ഫോട്ടോകളിൽ അഭംഗിക്ക് കാരണമാകും. ഇതൊഴിവാക്കാൻ ആന്റിക്യൂ ആഭരണങ്ങളോ ചെട്ടിനാട് കലക്‌ഷനോ ധരിക്കാവുന്നതാണ്.

പൂക്കൾ

മുൻപൊക്കെ വിവാഹദിവസം തലയിൽ ചൂടാൻ മുല്ലപ്പൂവ് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ സാരിയുടെ നിറം, സ്കിൻ ടോൺ എന്നിവയൊക്കെ അടിസ്ഥാനമാക്കി തലയിൽ ചൂടാനുള്ള പൂക്കൾ തിരഞ്ഞെടുക്കുന്നതാണ് രീതി. റോസ്, ഓർക്കിഡ്, ബേബി ഫ്ലവേഴ്സ്, ജിപ്‌സം തുടങ്ങി വിവിധ നിറത്തിലുള്ള പൂക്കൾ ലഭ്യമാണ്. മുല്ലപ്പൂ ഉപയോഗിക്കണമെന്നു നിർബന്ധമില്ലാത്ത പക്ഷം ഇത്തരം പൂക്കൾ തിരഞ്ഞെടുക്കുക. കാഴ്ചയിലെ മികവിനൊപ്പം ഫോട്ടോകള്‍ക്കും വിഡിയോയ്ക്കും ഇത് കൂടുതൽ ഭംഗിയേകും.

മേക്കപ് 

ചർമത്തിലെ പാടുകൾ മേക്കപ് കൊണ്ടു മറച്ചുപിടിക്കാൻ സാധിക്കും. എന്നാൽ മുഖക്കുരു പോലുള്ള പ്രശ്നങ്ങളിൽ മേക്കപ് അത്ര ഫലപ്രദമാവില്ല. ആ ഭാഗത്ത് മേക്കപ് ചെയ്താൽ മുഴച്ചിരിക്കും. അതിനാൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ട് നേരത്തെ ചികിത്സ തേടണം. 

ഫേഷ്യൽ, ക്ലീൻഅപ് തുടങ്ങിയവ ആഴ്ചകൾക്കു മുമ്പേ ചെയ്യുക. ചർമത്തിന്റെ പരിചരണം മാസങ്ങൾക്ക് മുമ്പ് ആരംഭിക്കുന്നതാണ് നല്ലത്. വിവാഹത്തിന്റെ തലേദിവസമല്ല ബ്യൂട്ടി പാർലറിൽ പോകേണ്ടതെന്ന് ഓർക്കുക.

വെളുപ്പിക്കുക എന്ന രീതിയാണ് വിവാഹമേക്കപ്പിൽ നിലനിന്നിരുന്നത്. അതിപ്പോൾ മാറി. ഏതു നിറത്തിനും ഭംഗിയുണ്ട്. അതേ സ്കിൻ ടോൺ നിലനിർത്തി, മുഖത്തെ ഫീച്ചറുകൾ കൂടുതൽ ഹൈലൈറ്റ് ചെയ്ത് ഭംഗിയാക്കുകയാണ് വേണ്ടത്. 

ലിപ്സ്റ്റിക്

വെളുത്ത പെണ്‍കുട്ടികൾ ചുവപ്പ് ലിപ്സ്റ്റിക് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം മേക്കപ് കഴിയുമ്പോള്‍‌ നിറം കൂടിയിട്ടുണ്ടാകും. ഇതോടൊപ്പം ചുവപ്പ് ലിപ്സ്റ്റിക് ഉപയോഗിച്ചാൽ മേക്കപ് കൂടിപ്പോയി എന്ന തോന്നലുണ്ടാകും. ന്യൂഡ് ലിപ്സ്റ്റിക്കുകൾ ആണ് അവർക്ക് ഉചിതം. അല്ലെങ്കിൽ കോൺട്രാസ്റ്റ് നിറങ്ങൾ ഉപയോഗിക്കാം. ഡാർക്ക് സ്കിൻ ടോൺ ഉള്ളവർക്ക് ചുവപ്പും മറ്റു ഡാർക്ക് ഷേഡുകളും അനുയോജ്യമാണ്.

ഒപ്പം കംഫർട്ടിന് പ്രാധാന്യം നൽകാം. ചിലപ്പോൾ  സ്ഥിരമായി ഉപയോഗിക്കുന്ന ലിപ്സ്റ്റിക് ആയിരിക്കും ആത്മവിശ്വാസം നൽകുക. എങ്കിൽ അത് തന്നെ ഉപയോഗിക്കാം.

ഹെയർസ്റ്റൈൽ

വണ്ണമുള്ളവരാണെങ്കിൽ ബാക് കോംമ്പ് ചെയ്ത് മുടി അധികം ഉയർത്തരുത്. സ്ലീക് ടൈപ്പ് ഹെയർസ്റ്റൈൽ ആണ് അവർക്ക് കൂടുതൽ അനുയോജ്യം.  

മെലിഞ്ഞവർക്ക് ബാക് കോംമ്പ് ചെയ്യാം. എന്നാൽ മുടി വളരെയധികം ഉയർത്താതെ മീഡിയം രീതിയിലാണ്  ചെയ്യേണ്ടത്. മുടി കൂടുതൽ ഉയർത്തിയാൽ മുഖം ചെറുതായി തോന്നിക്കും.

ഏതു സ്റ്റൈല്‍ ആണെങ്കിലും മുഖത്തിന്റെ ഘടനയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പു വരുത്തുക. 

ഒരുക്കങ്ങൾ 

വിവാഹത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഒരുക്കങ്ങൾ പൂർത്തിയാക്കണം. അവസാന നിമിഷം തിരക്കുപ്പിടിച്ച് ഒരുങ്ങേണ്ടി വരുന്നത് വധുവിന് സമ്മർദം ഉണ്ടാക്കും. എന്തെങ്കിലും മാറ്റങ്ങൾ വേണ്ടിവന്നാൽ അതിനും ഫൊട്ടോഗ്രഫർമാർക്ക് ഷൂട്ടിനും വേണ്ട സമയം ലഭിക്കാനും നേരത്തെ ഒരുക്കേണ്ടത് അനിവാര്യമാണ്.

വധു ചെയ്യേണ്ടത്

‌ഇഷ്ടങ്ങൾ പങ്കുവയ്ക്കാനും അഭിപ്രായം പറയാനും മടിക്കരുത്. മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കാം. വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യാം. ലുക്ക് പോലെ തന്നെ കംഫര്‍ട്ടിനും പ്രാധാന്യം നൽകുക. എത്ര വില കൂടിയ വസ്തുക്കളും മേക്കപ്പുമാണെങ്കിലും ആത്മവിശ്വാസം നൽകാത്തപക്ഷം അത് പ്രതീക്ഷിച്ച ഫലം നല്‍കില്ലെന്ന് ഓർക്കണം. 

English Summary : Bridal tips for wedding day

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA