ആണെ ഏക്കും ഉറട്ടി നെ കിട്ടുത്ത... ഒരു വയനാ‌ടൻ ‘സേവ് ദ് ഡേറ്റ്’

HIGHLIGHTS
  • പണിയ സമുദായത്തിന്റെ പരമ്പരാഗത വേഷത്തിലാണ് സേവ് ദ് ഡേറ്റ് ഫോട്ടോകൾ
  • വൈത്തിരിയിലെ സിവിൽ പൊലീസ് ഓഫിസറായ എ.എം. അഖിലേഷ് ആണു ഫൊട്ടോഗ്രഫർ.
life-wayand-paniya-wedding-save-the-date-image
മണിക്കുട്ടനും ഗ്രീഷ്മയും. ഫോട്ടോ : എ.എം. അഖിലേഷ്
SHARE

കൽപറ്റ ∙ ആണെ ഏക്കും ഉറട്ടി നെ കിട്ടുത്ത..പഠിചവനെയും കിനതിനെയും മിഞ്ഞലി പറഞ്ച് ഒപ്പിച്ചു. ഈ വഞ്ച ഫെബ്രുവരി 4ക്കു കല്യാണ.... – പണിയ ഭാഷയിലുള്ള ഒരു വിവാഹ ക്ഷണമാണിത്. അങ്ങനെ എനിക്കും പെണ്ണ് കിട്ടി... ദൈവത്തിന്റെയും കാരണവന്മാരുടെയും അനുവാദം തേടി ഈ വരുന്ന ഫെബ്രുവരി 4നു കല്യാണം എന്നാണ് അര്‍ഥം. വിവാഹക്ഷണത്തില്‍ മാത്രമല്ല, സേവ് ദ് ഡേറ്റ് ഫോട്ടോകളിൽ തനതുസമ്പ്രദായങ്ങളെ അനുസ്മരിപ്പിക്കുന്ന ഫ്രെയിമുകളൊരുക്കിയും മണിക്കുട്ടനും ഗ്രീഷ്മയും ഗോത്രപാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നു. 

save-the-date-paniya-wedding
മണിക്കുട്ടനും ഗ്രീഷ്മയും. ഫോട്ടോ : എ.എം. അഖിലേഷ്

പണിയ സമുദായത്തിലെ ആദ്യ എംബിഎക്കാരന്‍ കൂടിയാണ് മാനന്തവാടി തോണിച്ചാല്‍ സ്വദേശി മണിക്കുട്ടൻ. പണിയ സമുദായത്തിന്റെ പരമ്പരാഗത വേഷത്തിലാണ് മണിക്കുട്ടന്റെയും പ്രതിശ്രുത വധു ഗ്രീഷ്മയുടെയും സേവ് ദ് ഡേറ്റ് ഫോട്ടോകൾ. മുണ്ടും തോർത്തുമാണു വരന്റെ വേഷം. വധു മുണ്ടും ബ്ലൗസും ധരിച്ചിരിക്കുന്നു. ഇരുവരും കഴുത്തിൽ പണിയരുടെ തനത് ആഭരണമായ മുടച്ചുൾ അണിഞ്ഞിട്ടുണ്ട്. കല്ലമാല, പണക്കല്ലമാല എന്നിവയാണു വധുവിന്റെ ആഭരണം. വരന്റെ കൈയിൽ വെറ്റിലപ്പാക്കിന്റെ കിഴിയും കാണാം. തോരന്‍ വച്ചു കഴിക്കാനുള്ള ചുരുളി ഇലയും കൈയിലുണ്ട്. 

wedding-photo-life-wayand-paniya-wedding-save-the-date-image
മണിക്കുട്ടനും ഗ്രീഷ്മയും. ഫോട്ടോ : എ.എം. അഖിലേഷ്

താലികെട്ട് സമ്പ്രദായം പണിയ സമുദായത്തിനില്ലെങ്കിലും ഇപ്പോള്‍ അതെല്ലാം കടന്നുവന്നിട്ടുണ്ടെന്നു മണിക്കുട്ടന്‍ പറയുന്നു. സാധാരണഗതിയില്‍ 3 ദിവസമാണു വിവാഹച്ചടങ്ങുകള്‍ നടക്കുക. കല്യാണത്തിന്റെ തലേദിവസം വരന്റെയാളുകളെല്ലാം വധുവിന്റെ വീട്ടിലെത്തും. അന്നുരാത്രി വധുവിന്റെ വീട്ടില്‍ വട്ടക്കളി നടക്കും. വധുവിന്റെ വീട്ടുകാര്‍ക്കു ബോധ്യപ്പെട്ടാല്‍ ദേവപ്രീതിക്കായി പ്രാര്‍ഥന നടക്കും. തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ നല്‍കിയ നെല്ല് മുറ്റത്തു വിരിച്ചിടും. മുഖം കാണിക്കാതെ നില്‍ക്കുന്ന ചെക്കന്റെയും പെണ്ണിന്റെയും ദേഹത്ത് കാരണവന്മാര്‍ തൊടുന്നതോടെ മുഹൂര്‍ത്തം കുറിക്കലാണ്. താലികെട്ടിനു പകരമായി നടക്കുന്ന ചടങ്ങാണ് അടുത്തത്. 64 വയ്ക്കുക എന്നു പറയും. കല്യാണത്തിന്റെ ചെലവെല്ലാം വരനാണു വഹിക്കേണ്ടത്.

save-the-date-variety-photo-shoot-image-life
മണിക്കുട്ടനും ഗ്രീഷ്മയും. ഫോട്ടോ : എ.എം. അഖിലേഷ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജീവനക്കാരനാണ് മണിക്കുട്ടന്‍. ഗ്രീഷ്മ നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. വധുവിനെ നേരത്തേ പരിചയമുണ്ടെങ്കിലും വിവാഹം കാരണവൻമാർ പറഞ്ഞുറപ്പിച്ചതാണ്. പൂക്കോട് സർവകലാശാലയില്‍ വെസ്റ്റേണ്‍ ഗട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍ഡ് ട്രൈബല്‍ വെല്‍ഫയര്‍ എന്ന സ്ഥാപനം അടുത്തുതന്നെ ഉദ്ഘാടനം ചെയ്യുമെന്നത് വിവാഹദിനങ്ങളില്‍ ഇരട്ടിസന്തോഷം തരുന്നുവെന്ന് മണിക്കുട്ടന്‍ പറയുന്നു. 

മണിക്കുട്ടന്‍ കൂടി ഉൾപ്പെടുന്ന സംഘത്തിന്റെ ശ്രമഫലമായിക്കൂടിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നത്. പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലായിരുന്നു ഫോട്ടോഷൂട്ട്. വൈത്തിരിയിലെ സിവിൽ പൊലീസ് ഓഫിസറായ എ.എം. അഖിലേഷ് ആണു ഫൊട്ടോഗ്രഫർ.

English Summary : Life - Wayand Paniya Wedding 'Save the Date'

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA