ADVERTISEMENT

ഓരേ സമയം രണ്ട് യുവതികളുമായി പ്രണയത്തിലായ യുവാവ് ഇവരിൽ ആരെ വിവാഹം ചെയ്യണമെന്ന് പഞ്ചായത്ത് ടോസ് ചെയ്തു തീരുമാനിച്ചതായി റിപ്പോർട്ട്. രണ്ടു യുവതികളും ഇയാളെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കർണാടകയിലെ ഹസൻ ജില്ലയിലെ സ്കലേഷ്പൂരിലാണ് ഈ വിചിത്ര സംഭവം. 

തൊട്ടടുത്ത ഗ്രാമത്തിലെ 20കാരിയുമായാണ് 27കാരനായ യുവാവ് ആദ്യം പ്രണയത്തിലായത്. ഈ പ്രണയം ആറുമാസം പിന്നിട്ടപ്പോള്‍ ഇയാൾ മറ്റൊരു യുവതിയുമായും പ്രണയത്തിലായി. രണ്ടു പ്രണയവും ഓരേ സമയം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്തു. എന്നാൽ ഇതിലൊരു കാമുകിക്കൊപ്പം യുവാവിനെ കണ്ട ബന്ധു, ഇക്കാര്യം വീട്ടിൽ അറിയിച്ചു. താൻ ആ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നെന്നും യുവാവ് വീട്ടുകാരോട് പറഞ്ഞു. എന്നാൽ വീട്ടുകാർ ഈ ബന്ധം എതിർക്കുകയും മറ്റൊരു വധുവിനെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവാവിന്റെ വീട്ടിലേക്ക് കാമുകി തന്റെ വീട്ടുകാരെ അയ്ക്കുകയും വിവാഹം ഉറപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ അറിഞ്ഞ് മറ്റേ കാമുകി തന്റെ വീട്ടുകാരെ യുവാവിന്റെ വീട്ടേലക്ക് അയച്ചു. ഇതോടെ പ്രശ്നം രൂക്ഷമായി. ഇക്കാര്യങ്ങൾ നാട്ടിൽ പ്രചരിച്ചതോടെ പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

ഒരു മാസം മുമ്പ് മൂന്നു കുടുംബങ്ങളെയും പഞ്ചായത്തിൽ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തി. എന്നാൽ യുവതികൾ രണ്ടു പേരും വിട്ടവീഴ്ചയ്ക്ക് തയ്യാറായില്ല. ആരെ വിവാഹം ചെയ്യാനാണു താൽപര്യമെന്ന ചോദ്യത്തിന് യുവാവ് മറുപടി നൽകിയുമില്ല. ഇതോടെ കാര്യങ്ങള്‍ കൂടുതൽ അനിശ്ചിതത്വത്തിലായി. ഇതിനു പിന്നാലെ  കാമുകിമാരിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. 

നാണയം കൊണ്ട് ടോസ് ചെയ്ത് യുവാവിന് ജീവിതപങ്കാളിയെ കണ്ടെത്താമെന്ന പഞ്ചായത്തിന്റെ നിർദേശം ഒടുവിൽ ഇരു പെൺകുട്ടികളും സമ്മതിച്ചു. ഇനി പ്രശ്നമുണ്ടാക്കില്ലെന്നും പൊലീസിനെ സമീപിക്കില്ലെന്നും മധ്യസ്ഥർ യുവതികളിൽനിന്ന് എഴുതി വാങ്ങിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ടോസ് ജയിച്ചെന്നും മറ്റേ പെൺകുട്ടി യുവാവിന്റെ കരണത്തടിച്ച് തിരിച്ചു പോകുകയും ചെയ്തെന്നു ടൈസ് നൗ റിപ്പോർട്ട് ചെയ്യുന്നു. അവസാന നിമിഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നെന്നും ഇവരിപ്പോൾ വിവാഹിതരായെന്നും റിപ്പോർട്ടുകളുണ്ട്.

English Summary : Two Karnataka women wanted to marry same man, panchayat flips a coin to find bride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com