ADVERTISEMENT

‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’യിൽ കാശിയും സുനിയും രണ്ടു ബുള്ളറ്റുമെടുത്ത് വടക്കുകിഴക്കൻസംസ്ഥാനങ്ങളിലേക്ക് പോയ ആ യാത്ര ഓർമയില്ലേ? എലത്തൂരുകാരൻ അജിത്ത് 2019ൽ സൈക്കിളിൽ കോഴിക്കോട്ടുനിന്ന് ആസാം, മേഘാലയ വഴി സിംഗപ്പൂരുവരെ പോയിട്ടുണ്ട്. അജിത്തിന്റെ വിവാഹം കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.. നീലാകാശത്തിലെ കാശിയെപ്പോലെയല്ലേ നമ്മുടെ  അജിത്തിന്റെയും വിവാഹം?  

ajith-namitha-6

സൈക്കിളിൽ ലോകംചുറ്റി സഞ്ചരിക്കുന്ന അജിത്തിന് വധുവായി എത്തിയത് അസാമീസ് പെൺകുട്ടിയാണ്. ആസാമിലെ ജഗിരോഡ് സ്വദേശിയായ നമിത ശർമയുടെ കഴുത്തിൽ തിരുവങ്ങൂർ നരസിംഹക്ഷേത്രത്തിൽവച്ച് അജിത്ത് മിന്നുകെട്ടിയത്.

ajith-namitha-4

2019 ഓഗസ്റ്റിൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂർ വരെ സൈക്കിളിൽ യാത്ര ചെയ്ത് ചരിത്രമെഴുതിയയാളാണ് എലത്തൂർ പാറമ്മൽ കാനങ്ങോട്ട് അജിത്. ആ യാത്രയ്ക്കിടെയാണ് ആസാമിലെ ജഗിരോഡ് എന്ന സ്ഥലത്ത് എത്തിയത്. അവിടെയുള്ള ജിജുവിനെയും ഭാര്യ ദാദിയേയും പരിചയപ്പെട്ടു. ഈ കുടുംബവുമായി അടുത്ത ബന്ധമാണ് അജിത്തിനുള്ളത്. കോവിഡ് കാലത്ത് വാഹനങ്ങളില്ലാത്തതിനാൽ സ്കൂളിൽപോവാൻ കഴിയാതിരുന്ന ജിജുവിന്റെ കു‍ഞ്ഞുമകൾക്ക് സമ്മാനിക്കാൻ ഒരു സൈക്കിളുമായി ഈ വിഷുക്കാലത്ത് അജിത്ത് ആസാമിൽ പോയിരുന്നു. എന്തുകൊണ്ടാണ് അജിത്ത് വിവാഹം കഴിക്കാത്തതെന്ന് ജിജുവും ദാദിയും അജിത്തിനോടു ചോദിച്ചു. യാത്ര ചെയ്യാൻ ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹമെന്നായിരുന്നു  അജിത്ത് പറഞ്ഞത്. ഇതുകേട്ട ജിജുവും ദാദിയും ഒന്നുരണ്ടു മാസം അജിത്തിനായി മൂന്നു നാലു വിവാഹാലോചനകൾ കൊണ്ടുവന്നു. ഓൺലൈനായാണ് പെണ്ണുകാണൽ നടന്നത്.

ajith-namitha-3

യാത്രകൾ ഇഷ്ടമാണോ എന്നാണ് നമിതയോട് അജിത്ത് ആദ്യം ചോദിച്ചത്. ‘കയ്യിൽ പണമുണ്ടായിരുന്നെങ്കിൽ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയേനെ’ എന്നായിരുന്നു നമിതയുടെ മറുപടി. യാത്രകൾക്കിറങ്ങുമ്പോൾ ‘നോ’ പറയാതെ കൂടെപ്പോരണം മാത്രമാണ് അജിത്ത് മുന്നോട്ടുവച്ച ആവശ്യം. ഇത് നമിതയും സന്തോഷത്തോടെ അംഗീകരിച്ചു. അമ്മയും സഹോദരനും മാത്രമടങ്ങുന്ന ഒരു പാലം കൊച്ചുകുടുംബമാണ് നമിതയുടേത്. അജിത്തിന്റെ അച്ഛൻ ജനാർദനനനും അമ്മ രാഗിണിക്കും നമിതയെ ഇഷ്ടപ്പെട്ടു.

ajith-namitha-5

അടുത്തൊരു ലോക്ഡൗൺ വരുന്നതിനുമുൻപ് നമിതയെ കൂട്ടിക്കൊണ്ടുവരണമെന്ന് അമ്മ രാഗിണിയാണ് നിർബന്ധിച്ചത്. അമ്മ കുടുംബശ്രീയിൽനിന്ന് വായ്പയെടുത്ത് അജിത്തിനു നൽകുകയും ചെയ്തു.

അങ്ങനെ അജിത്തും സുഹൃത്ത് സന്ദീപും ഓഗസ്റ്റ് 17ന് ആസാമിലേക്ക് വിമാനം കയറി. ഓഗസ്റ്റ് 19ന് നമിതയെയുംകൂട്ടി നാട്ടിലേക്ക് തിരിച്ചു.

ajith-namitha-1

‘അമ്മ’, ‘അച്ഛന്‍’, ‘പോയിവരാം’, ‘ചായ കുടിച്ചു’ എന്നൊക്കെയുള്ള അത്യാവശ്യം മലയാള വാക്കുകൾ നമിത പഠിച്ചു. അജിത്തിന്റെ അമ്മ രാഗിണിയും അച്ഛൻ ജനാർദനനും ഹിന്ദി പഠിക്കുന്ന തിരക്കിലുമാണ്. നിലവിൽ അമ്മയും അച്ഛനും നമിതയും ആംഗ്യഭാഷയിലാണ് സംസാരമെന്നാണ് അജിത്ത് പറയുന്നത്. അജിത്ത് മറ്റൊന്നു കൂടി പറഞ്ഞു: ‘ഭാഷയല്ല, സ്നേഹമാണല്ലോ പ്രധാനം.’ 

കോഴിക്കോട്ടെ പുതുതലമുറ സൈക്കിൾകടയായ ഗിയർജംക്‌ഷനിലെ മെക്കാനിക്കാണ് അജിത്ത്.

English Summary : Elathur native Ajith married assamese girl Namitha Sharma 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com