ADVERTISEMENT

മാറിയ കാലത്തിനനുസരിച്ച് മാറിവന്ന കല്യാണ ഒരുക്കങ്ങളിലൊന്നാണ് സേവ് ദ് ഡേറ്റ് വിഡിയോകൾ. ആദ്യം ഫോട്ടോകൾ ആയിരുന്നെങ്കിൽ ഇന്ന് ഫോട്ടോയ്ക്കൊപ്പം വിഡിയോകളും ട്രെൻഡിങ് ആവുകയാണ്. അത്തരത്തിലുള്ള നവീനാശയാവിഷ്കാരമാണ് കാസർകോട് ചിറ്റാരിക്കാൽ സ്വദേശി ലിഞ്ചു തോമസിന്റെയും കണ്ണൂർ ചെമ്പേരി സ്വദേശി ജോയൽ ജോസഫിന്റെയും സേവ് ദ് ഡേറ്റ് വിഡിയോയും ചിത്രങ്ങളും.

‘നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ നിനക്കു അവകാശമായി തരാനിരിക്കുന്ന ദേശത്തേക്ക് പോവുക’ എന്ന പിതാവായ ദൈവത്തിന്റെ കൽപന അനുസരിച്ച് പുറപ്പെടുന്ന അബ്രാഹവും ഭാര്യ സാറായുമാണ് ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോയിലൂടെ ആത്രെയ വെഡിങ് സ്റ്റോറീസ് ടീം പുനരാവിഷ്കരിച്ചിരിക്കുന്നത്. ചിത്രീകരണ മികവും ലൈറ്റിങ്ങുമാണ് ഇതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിലും തരംഗമായിക്കഴിഞ്ഞു.

save-the-date-2

∙ സിനിമയെ വെല്ലും ചിത്രീകരണം

കല്ലും  മുള്ളും നിറഞ്ഞ പാതകൾ താണ്ടി മുന്നോട്ടു പോകുന്ന അബ്രാഹത്തിന്റെയും സാറായുടെയും യാത്ര ചിത്രീകരിക്കാമെന്ന ആശയത്തിലേക്കെത്തിയതും നടപ്പാക്കിയതും ആത്രെയ വെഡിങ് ടീമിലെ ജിബിൻ ജോയിയുടെ നേതൃത്വത്തിലാണ്. പണ്ടെന്നോ മനസ്സിൽ പതിഞ്ഞ ഒരു കഥയായിരുന്നു അബ്രാഹമിന്റെയും സാറായുടെയും കാനാൻ ദേശത്തേക്കുള്ള യാത്ര. എന്നെങ്കിലും ഇത് ചിത്രീകരിക്കണമെന്നും മനസ്സിൽ ആഗ്രഹിച്ചിരുന്നു. ജോയലിന്റെയും ജിബിന്റെയും സുഹൃത്തായ ജോമോൻ വഴിയാണ് ജോയൽ ആത്രെയ ടീമിനെ പരിചയപ്പെടുന്നത്. സേവ് ദ് ഡേറ്റ് വിഡിയോ വേണമെന്ന് പറഞ്ഞപ്പോൾതന്നെ ജിബിന്റെ മനസ്സിലെ ആശയം അവതരിപ്പിച്ചു. ലിഞ്ചുവിനും ജോയലിനും പൂർണ സമ്മതം. പിന്നെ ചിത്രീകരണത്തിനു പറ്റിയ ലൊക്കേഷനുകളെപ്പറ്റിയായി ചിന്ത. ആദ്യം മണാലിയിൽ ചിത്രീകരിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ച് മറ്റ് സ്ഥലങ്ങൾ തിരഞ്ഞു തുടങ്ങി. ആലോചന നടക്കുന്ന സമയത്ത് ബെംഗളൂരുവിലെ കോളാർ മേഖലയിലൂടെ നടത്തിയ യാത്രയ്ക്കിടയിലാണ് ജിബിൻ ഈ മേഖല അനുയോജ്യമാകുമെന്ന് കണ്ടെത്തുന്നത്. ജോയലിനും സ്ഥലം പരിചയമുണ്ടായിരുന്നു. അങ്ങനെ കോളാർ മതിയെന്നു തീരുമാനിച്ചു.

save-the-date-3

കഥയ്ക്ക് അനുയോജ്യമായ വസ്ത്രം കണ്ടെത്തുക എന്നതായിരുന്നു പിന്നീടുണ്ടായ വെല്ലുവിളി. ജിബിൻ തന്നെയാണ് ഇതിന് മുന്നിട്ടിറങ്ങിയതും. മുണ്ടക്കയം സ്വദേശിയായ ജിബിൻ നഗരത്തിലെ തുണിക്കടകൾ മുഴുവനും അന്വേഷിച്ച് അനുയോജ്യമായ വസ്ത്രങ്ങൾ കണ്ടെത്തി. പിന്നീട് സുഹൃത്തിനെക്കൊണ്ട് തയ്പ്പിച്ചെടുക്കുകയാണ് ചെയ്തത്.

നാല് മാസത്തെ തയാറെടുപ്പുകൾക്ക് ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. അഞ്ച് ദിവസമെടുത്ത് പൂർത്തിയാക്കി. നിതിൻ റോയിയാണ് ക്യാമറ കൈകാര്യം ചെയ്തത്. വിഡിയോയിൽ നാച്വറൽ ലൈറ്റ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗോകുലാണ് എഡിറ്റിങ്.

ഡിസംബർ 30ന് ആണ് ജോയലിന്റെയും ലിഞ്ചുവിന്റെയും വിവാഹം. ഐടി പ്രഫഷനലുകളാണ് ഇരുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com