ADVERTISEMENT

ജനുവരി 22ന് ഗുരുവായൂർ അമ്പലത്തിൽവച്ചായിരുന്നു നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകൻ വിജയ് മാധവിന്റെയും വിവാഹം. സെറ്റ് സാരിയായിരുന്നു ദേവികയുടെ വേഷം. വിജയ് മുണ്ടും വേഷ്ടിയും ധരിച്ചു. വളരെ കുറച്ച് ആഭരണങ്ങളാണ് ദേവിക ധരിച്ചത്. മറ്റു ചടങ്ങുകൾക്കായി റോസ് നിറത്തിലുള്ള സാരിയാണ് ദേവിക ധരിച്ചത്. 

ബാലമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ പരമ്പരയിൽ തുളസി എന്ന കഥാപാത്രത്തെയാണ് ദേവിക ഇപ്പോൾ അവതരിപ്പിക്കുന്നത്. ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപാടിയുടെ അവതാരകയാണ്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. 

തങ്ങളുടേത് പ്രണയവിവാഹം അല്ല എന്നു ദേവിക മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. 

‘‘വളരെക്കാലമായി ഞങ്ങൾക്ക് പരസ്പരം അറിയാം. എന്നാൽ ഞങ്ങളുടേത് പ്രണയവിവാഹം അല്ല. ശരിക്കും പറഞ്ഞാൽ അദ്ദേഹം എന്റെ ബന്ധുവാണ്. 2012ൽ ഞാൻ മഴവിൽ മനോരമയിലെ പരിണയം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു. സുധീപ് കാരാട്ട് ആയിരുന്നു ആ സീരിയലിന്റെ പ്രൊഡ്യൂസർ. ‘ഒരു സംഗീത ആൽബം ചെയ്യുന്നുണ്ട്. അതിലെ ഒരു പാട്ട് പാടാമോ’ എന്ന് അദ്ദേഹം ഒരിക്കൽ എന്നോട് ചോദിച്ചു. എനിക്ക് പാടാൻ വളരെ ഇഷ്ടമാണ്. അതുകൊണ്ടു ശ്രമിച്ചു നോക്കാം എന്ന് കരുതി. അതിന്റെ കമ്പോസർ വിജയ് മാധവ് ആയിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. 

എനിക്ക് ആദ്യമായി പാട്ട് പറഞ്ഞു തന്നത് അദ്ദേഹമാണ്. അതുകൊണ്ട് തന്നെ ‘മാഷേ’ എന്ന് അന്നുമുതൽ ഞാൻ അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. അധികമൊന്നും സംസാരിക്കുന്ന ആളായിരുന്നില്ല. അതുകൊണ്ട് ജാഡയാണെന്ന് അന്നെനിക്ക് തോന്നിയിരുന്നു. പിന്നീട് കുറേക്കാലം കണ്ടിട്ടില്ല. 

2015 ൽ പാറശാലയിലുള്ള അമ്മയുടെ കുടുംബക്ഷേത്രത്തിൽ ഒരു പൂജയ്ക്കായി പോയപ്പോൾ അദ്ദേഹവും ബന്ധുക്കളും അവിടെയുണ്ട്. ഞങ്ങൾ അടുത്ത ബന്ധുക്കളാണെന്ന് അന്നാണു മനസ്സിലായത്. പിന്നെ ഇടയ്ക്കിടെ എന്തെങ്കിലും വർക്കിന്റെ കാര്യത്തിനായി വിളിക്കുമായിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ‘ലേ സഹസ്രാര’ എന്ന പേരിൽ അദ്ദേഹമൊരു യോഗാ പരീശിലനകേന്ദ്രം തുടങ്ങി. ഞാൻ അവിടെ ഓൺലൈൻ ക്ലാസ് എടുത്തിരുന്നു. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.  

എന്റെ വീട്ടിൽ വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. കുഴപ്പമില്ല എന്നു തോന്നുന്ന ആളെക്കുറിച്ച് ഞാൻ മാഷിനോട് പറഞ്ഞ് കൂടുതൽ കാര്യങ്ങൾ അന്വേഷിപ്പിക്കാറുണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ട് ഒന്നും ശരിയായില്ല. ഞങ്ങൾ തിരുവനന്തപുരത്തു പോകുമ്പോൾ മാഷിന്റെ വീട് സന്ദർശിക്കും. അദ്ദേഹത്തിന്റെ അമ്മയും അനുജത്തിയുമായി നല്ല അടുപ്പമാണ്. 

അങ്ങനെയിരിക്കുമ്പോഴാണ് ‘നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ എന്ന് ചോദിക്കുന്നത്’ എന്ന ചോദ്യം ഞങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ നിന്നുണ്ടാകുന്നത്. പക്ഷേ ഞങ്ങൾ അതേക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പറ്റില്ല എന്നാണു മറുപടി പറഞ്ഞത്. 

അതിനുശേഷവും വീണ്ടും പല ആലോചനകൾ വന്നു. യാതൊരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നതിലും നല്ലതല്ലേ പരസ്പരം നന്നായി അറിയുന്ന ഞങ്ങൾ തമ്മിൽ വിവാഹിതരാകുന്നത് എന്ന ചിന്ത ആയിടെയാണ് ഉണ്ടാകുന്നത്. ഇത് ശരിയാകുമോ എന്നു പിന്നീടും പലവട്ടം ആലോചിച്ചിട്ടുണ്ട്. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ എത്തി. ഇതാണ് യോഗം എന്ന് ഇപ്പോൾ തോന്നുന്നു’’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com