12 ലക്ഷത്തിന്റെ വിവാഹ ആൽബം; പ്രചോദനമായത് ‘മരക്കാർ’: വിസ്മയിപ്പിച്ച് ‘ചിത്രക്കൂട്’

HIGHLIGHTS
  • ഈട്ടിത്തടി ഉപയോഗിച്ച് നാല് അറകളുള്ള അലമാരയാണ് പണിതത്
  • ഇരുവരുടെയും പേര് സ്വർണം കൊണ്ടാണ് ചിത്രക്കൂടിൽ രേഖപ്പെടുത്തിയിരിക്കുന്നത്
photographer-shalu-payad-chithrakkoodu-wedding-album-worth-12-lakh
പ്രവീൺ–വയന ദമ്പതികൾക്ക് ഫൊട്ടോഗ്രഫർ ഷാലു പേയാട് ചിത്രക്കൂട് കൈമാറുന്നു.
SHARE

‘എത്ര രൂപ മുടക്കി ഒരുക്കുന്ന കല്യാണ ആൽബവും ഒരു ലെതർ കെയ്സിൽ‍ ആക്കിയാണ് കൊടുക്കുക‌. ആദ്യ നാളുകളിൽ വീട്ടിൽ വരുന്ന അതിഥികളെ കാണിക്കും. പിന്നെ അലമാരയിൽ വിശ്രമിക്കും. കുറച്ച് വർഷങ്ങൾ കഴിയുമ്പോള്‍ പതിയെ നശിച്ചു തുടങ്ങും’– ആൽബങ്ങളുടെ വിധിയെക്കുറിച്ച് ഫൊട്ടോഗ്രഫർമാർ പരസ്പരം കാണുമ്പോൾ പറ‌യാറുള്ളതാണ് ഇക്കാര്യം. ഫൊട്ടോഗ്രഫറായ ഷാലു പേയാടും ഇതു ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊഴിവാക്കി, വ്യത്യസ്തമായി എന്തു ചെയ്യാനാവും എന്ന ചിന്ത കുറേ നാളായി ഷാലുവിനെ പിന്തുടരുന്നു. അതൊടുവിൽ എത്തിയത് ചിത്രക്കൂട് എന്ന ആശയത്തിലാണ്. വിവാഹഫോട്ടോകൾക്കു മാത്രമായി ഒരു മനോഹരമായ അലമാര. ജീവിതത്തിലെ അമൂല്യമായ നിമിഷങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടുന്ന തരത്തിൽ എന്നെന്നും സൂക്ഷിക്കാന്‍ ഒരിടം. ഇതായിരുന്നു ഷാലുവിന്റെ ആശയം. അതു പ്രകാരമാണ് ചിത്രക്കൂട് ഒരുങ്ങിയത്. 

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ സ്റ്റിൽ ഫൊട്ടോഗ്രഫറായി പ്രവർത്തിച്ചതാണ് ഇത്തരമൊരു ആശയത്തിന് പ്രചോദനമായതെന്ന് ഷാലു പറയുന്നു. സിനിമയുടെ അവസാനരംഗങ്ങളിൽ മരക്കാറെ ചോദ്യം ചെയ്യുന്ന പോർച്ചുഗീസുകാരൻ ഒരു പെട്ടിയുടെ മുകളിലാണ് ഇരിക്കുന്നത്. സാബു സിറിൾ കലാസംവിധാനം നിര്‍വഹിച്ച സെറ്റിൽ വേറെയും മനോഹരമായ വർക്കുകൾ ഉണ്ടായിരുന്നു. ഇങ്ങനെ പലതും കൂടിച്ചേർന്നാണ് ‘ചിത്രക്കൂട്’ രൂപപ്പെട്ടത്. പലരോടും ഇതേക്കുറിച്ച് പറഞ്ഞെങ്കിലും ‘നടക്കുന്ന കാര്യമായി തോന്നുന്നില്ല’ എന്നായിരുന്നു മറുപടി. എന്നാൽ മുന്നോട്ടു പോകാ‍ന്‍ തന്നെയായിരുന്നു ഷാലുവിന്റെ തീരുമാനം. ‘‘ആശയം ഉണ്ടെങ്കിലും ഇത് പ്രാവർത്തികമാക്കാൻ നല്ലൊരു കസ്റ്റമർ വേണം. ഇത്ര ചെലവേറിയ ഒരു വർക്ക് ഏറ്റെടുക്കാൻ അധികമാർക്കും സാധിക്കില്ലല്ലോ. എന്നാൽ ആ സമയത്താണ് തൃശൂർ സ്വദേശികളായ ഡോ. പ്രവീൺ റാണ, വയന ചന്ദ്രൻ എന്നിവരുെട വെഡ്ഡിങ് വർക്ക് ലഭിക്കുന്നത്. അവരോട് ഈ ആശയം പറഞ്ഞു. 12 ലക്ഷം രൂപ വേണ്ടി വരുമെന്നും അറിയിച്ചു. ചെലവ് പ്രശ്നമല്ലെന്നും വർക് ഏറ്റവും മികച്ചതായിരിക്കണം എന്നുമായിരുന്നു മറുപടി. അതോടെ ചിത്രക്കൂട് യാഥാർഥ്യമായി’’– ഷാലു പറഞ്ഞു.

chitrakkoodu-3

ഈട്ടിത്തടി ഉപയോഗിച്ച് നാല് അറകളുള്ള അലമാരയാണ് പണിതത്. സേവ് ദ് ഡേറ്റ്, ഹൽദി–മെഹന്തി, വിവാഹം എന്നീ ചടങ്ങുകളുടെ ആൽബങ്ങളാണ് മൂന്ന് അറകളിലുള്ളത്. ഇതിന്റെ വിഡിയോകളുള്ള പെൻഡ്രൈവുകൾ, വസ്ത്രങ്ങൾ ഉൾപ്പെടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കൾ എന്നിവയ്ക്കായാണു നാലാമത്തെ അറ. അലമാരയുടെ മുൻവശത്തായി വധൂവരന്മാരുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. മരത്തിൽ നേരിട്ട് പ്രിന്റ് ചെയ്യുന്ന രീതിയാണ് ഇതിനായി ഉപയോഗിച്ചത്. ഇരുവരുടെയും പേര് സ്വർണം കൊണ്ടാണ് ചിത്രക്കൂടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മുൻവശത്ത് ക്യൂആർ കോഡ് നൽകിയിട്ടുണ്ട്. ഇതു സ്കാൻ ചെയ്ത് വിവാഹചിത്രങ്ങളും വിഡിയോകളും കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ലെതറിനു പകരം മരം കൊണ്ട് നിർമിച്ച കെയ്സുകൾ ആണ് ആൽബം സൂക്ഷിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഈ കെയ്സുകളിലും ആൽബത്തിനകത്തും ക്യൂആർ കോഡുകൾ ഉണ്ട്.  

chitrakkoodu-2

തൃശൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ഷാലു പ്രവീൺ–വയന ദമ്പതികൾക്ക് ചിത്രക്കൂട് കൈമാറിയത്. സന്ദീപ് ജി.വാര്യർ, ബാദുഷ, കണ്ണൻ താമരക്കുളം എന്നിങ്ങനെ രാഷ്ട്രീയ, സിനിമാ മേഖലകളിലുള്ളവർ ചടങ്ങിന്റെ ഭാഗമായി. ‘‘ഈയൊരു ആശയം സാധ്യമായത് പ്രവീൺ സാറിന്റെ പൂർണ പിന്തുണ കൊണ്ടാണ്. അതുകൊണ്ട് വലിയൊരു വേദിയിൽ വച്ച് ആഘോഷമായിത്തന്നെ അവരുടെ വിവാഹ ആൽബം കൈമാറാൻ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് ‘ഹാൻഡ് ഓവർ സെറിമണി’യിലേക്ക് എത്തിയത്. വിവാഹ ആൽബം ഇങ്ങനെ കൈമാറുന്നത് ആദ്യമായിട്ടായിരിക്കും. ജോലിയുടെ പ്രതിഫലം പറഞ്ഞപ്പോൾ യാതൊരു വിലപേശലുമില്ലാതെ സമ്മതിച്ച പ്രവീൺ സാർ അതോടൊപ്പം ഒരു അഞ്ചു പവന്റെ സ്വർണ മാലയും എനിക്ക് സമ്മാനിച്ചു. ഇതൊക്കെ ആദ്യത്തെ അനുഭവമാണ്.’’

chitrakkoodu-5

സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗപ്പെടുത്തി കൂടുതൽ മികച്ച വർക്കുകൾ ഭാവിയിൽ ചെയ്യാനാകുമെന്ന പ്രത്യാശ ഷാലു പ്രകടിപ്പിക്കുന്നു. പുതിയ പല ആശയങ്ങളും മനസ്സിലുണ്ട്. ടിവിയും എൽഇഡി ലൈറ്റുമൊക്കെ വിവാഹ ആൽബത്തിന്റെ ഭാഗം ആക്കാനാവുമെന്ന് ഷാലു കരുതുന്നു. ‘‘ചിത്രക്കൂടിനെക്കുറിച്ച് അറിഞ്ഞ് നിരവധി ഫൊട്ടോഗ്രഫർമാരും ഉപഭോക്താക്കളും വിളിച്ചിരുന്നു. ഒരോരുത്തർക്കും അനുയോജ്യമായ ചെലവിൽ ഇതും ചെയ്യാം. കോവിഡ് വ്യാപനത്തോടെ മറ്റേതു മേഖലയും പോലെയോ അതിൽക്കൂടുതലോ വെഡ്ഡിങ് ഫൊട്ടോഗ്രഫി പ്രതിസന്ധിയിലായിരുന്നു. പുതിയ ആശയങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ ആ പ്രതിസന്ധിയിൽനിന്നു കരകയറാനും അതിജീവിക്കാനുമാവൂ. എന്റെ ഈ ആശയം സഹപ്രവർത്തകരായ മറ്റു ഫൊട്ടോഗ്രഫർമാർക്ക് സഹായമാകുമെങ്കിൽ കൂടുതൽ സന്തോഷം’’

മരക്കാർ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ, നാരദൻ, വോയിസ് ഓഫ് സത്യനാഥൻ, വെള്ളരിക്കാപ്പട്ടണം, ആമയും മുയലും, ഗീതാഞ്ജലി, ഒപ്പം തുടങ്ങി 50 ലേറെ സിനിമകളുടെ സ്റ്റിൽ ഫൊട്ടോഗ്രഫറായിട്ടുണ്ട് ഷാലു. 11 വർഷമായി പ്രിയദർശനൊപ്പം പ്രവർത്തിക്കുന്നു. നിരവധി പ്രമുഖരുടെ വിവാഹ ഫൊട്ടോഗ്രഫിയും ചെയ്തു. തിരുവനന്തപുരം സ്വദേശിയാണ്.

MORE IN WEDDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA