ADVERTISEMENT

പല കാരണങ്ങളാൽ വിവാഹങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാകാറുണ്ട്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, രണ്‍ബീര്‍ വിവാഹമാണ് ഇന്ത്യയിലടുത്തിടെ ചർച്ചയായത്. എന്നാൽ ഇംഗ്ലണ്ടില്‍ ഒരു ജിപ്സി വിവാഹമാണ് ചൂടുള്ള ചർച്ച. ചാനല്‍ 4ന്‍റെ ബിഗ് ഫാറ്റ് ജിപ്സി വെഡ്ഡിങ്സ് എന്ന പരിപാടിയിൽ ഏതാനും വര്‍ഷങ്ങൾക്കു മുമ്പ് സംപ്രേഷണം ചെയ്ത വിവാഹ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആഡംബരവും സംസ്കാരവൈവിധ്യവും മുൻനിർത്തി ചാനൽ ഒരുക്കിയ പരിപാടി പക്ഷേ രക്തബന്ധത്തിലുള്ളവരുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് വിവാദത്തിലായിരിക്കുന്നത്.  

ചാന്‍റെല്ലെ കെല്ലി എന്ന 18കാരി ജിപ്സി പെണ്‍കുട്ടി തന്റെ ഫസ്റ്റ് കസിന്‍ ജിമ്മിനെയാണ് വിവാഹം ചെയ്തത്. ഈ ആഡംബര വിവാഹത്തിൽ വരനൊപ്പം ‘ബെസ്റ്റ് മെൻ’ ആയി 73 പേർ എത്തിയിരുന്നു. ഡിസൈനർ തെല്‍മ മഡൈന്‍ ഒരുക്കിയ 20,000 ക്രിസ്റ്റലുകളുള്ള വിവാഹവസ്ത്രമാണ് വധു ധരിച്ചത്. സ്ത്രീധനമായി 120000 പൗണ്ട് ആണ് കെല്ലിയുടെ മാതാപിതാക്കള്‍ വരന് നൽകിയത്. ഡാൻസും പാട്ടും സൽകാരവും ചേർന്ന് വിവാഹം ഗംഭീരമായിരുന്നു. രക്തബന്ധമുള്ളവരുടെ വിവാഹങ്ങള്‍ ഇംഗ്ലണ്ടില്‍ നിയമവിധേയമാണ്. എന്നാൽ ഇത്തരം ബന്ധത്തിലൂടെ ഉണ്ടാകുന്ന കുട്ടികളിലെ ജനിതക വൈകല്യങ്ങളുമായി ബന്ധപ്പെട്ട ആശങ്കയാണ് പലരും പങ്കുവച്ചത്.

കിഴക്കന്‍ ലണ്ടന്‍ പ്രദേശത്തെ അഞ്ച് ശിശു മരണങ്ങളില്‍ ഒന്ന് ഇത്തരം വിവാഹത്തിലൂടെയുണ്ടാകുന്ന ജനിതക വൈകല്യങ്ങള്‍ മൂലമാണെന്ന പഠന റിപ്പോട്ട് ഇവർ ചൂണ്ടിക്കാട്ടുന്നു. ജിപ്സികളുടെ ഇടയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ പാകിസ്താനി, ബംഗ്ലാദേശി സമൂഹങ്ങള്‍ക്കിടയിലും അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം സര്‍വസാധാരണമാണ്. ഇവ നിയമവിരുദ്ധമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വിമർശകരുടെ ആവശ്യമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

2010 മുതല്‍ 2015 വരെ ചാനല്‍ 4 ല്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്‍ററി പരമ്പരയായ ബിഗ് ഫാറ്റ് ജിപ്സി വെഡ്ഡിങ്സ് വലിയ റേറ്റിങ്ങാണ് ചാനലിന് നേടികൊടുത്തത്. എന്നാല്‍ ഒരു പ്രത്യേക തരത്തില്‍ ജിപ്സി സമൂഹങ്ങളെ അവതരിപ്പിക്കുന്ന ഈ ഷോ വംശീയ അധിക്ഷേപത്തിന് കാരണമാകുന്നതായി വിമര്‍ശനം ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com