ADVERTISEMENT

വിവാഹിതരാകാൻ പള്ളിയിലേക്ക് പുറപ്പെട്ടതാണ് അമേരിക്കക്കാരായ പാമും ജെറമിയും. എന്നാൽ വിമാനത്തിൽ വിവാഹിതർ ആകാനായിരുന്നു ഇവരുടെ വിധി. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ആണ് തങ്ങളുടെ വിമാനം വിവാഹവേദിയായ വിവരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ട്വിസ്റ്റുകൾ നിറഞ്ഞ ഈ വിവാഹത്തിന്റെ കഥ ശ്രദ്ധ നേടി.

പ്രണയികളായ പാമും ജെറിയും പെട്ടെന്നൊരു ദിവസം വിവാഹിതരാകാൻ തീരുമാനിച്ചിടത്താണ് കഥയുടെ തുടക്കം. അധികം വൈകാതെ തീയതി തീരുമാനിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി. ലാസ് വേഗസിലെ പള്ളിയിൽ  ഞായറാഴ്ച വൈകീട്ട് വിവാഹിതരാകാനായിരുന്നു തീരുമാനം. അതിനായി വിവാഹവസ്ത്രങ്ങള്‍ അണിഞ്ഞ് രണ്ടാളും സ്വദേശമായ ഓക്‌ലഹോമയിൽ നിന്നും ടെക്സസിലെത്തി. അവിടെ നിന്നായിരുന്നു ലാസ് വേഗസിലേക്കുള്ള ഫ്ലൈറ്റ്. എന്നാല്‍ ആ ഫ്ലൈറ്റ് റദ്ദാക്കി എന്ന വാര്‍ത്തയായിരുന്നു ടെക്സസിൽ ഇവരെ കാത്തിരുന്നത്. ഇനിയെന്ത് ചെയ്യുമെന്നറിയാതെ ദുഃഖിച്ച ഇവരുടെ സംസാരം അതേ ഫ്ലൈറ്റിൽ ലാസ് വേഗസിലേക്ക് പോകേണ്ടിയിരുന്ന മറ്റൊരു യാത്രക്കാരനായ ക്രിസ് കേട്ടു.വിവാഹത്തിന് കാർമികത്വം വഹിക്കാൻ അധികാരമുള്ള ക്രിസ് വൈകിയാലും വേഗസില്‍ വച്ച് ഇവരുടെ വിവാഹം നടത്താമെന്ന് ഉറപ്പു നൽകി. തുടർന്ന് ഓണ്‍ലൈനില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിൽ വേഗസിലേക്കുള്ള ഫ്ളൈറ്റില്‍ മൂന്ന് ടിക്കറ്റ് സംഘടിപ്പിച്ചു. 

wedding-flight-1
Image Credits : Southwest Airlines / Facebook

ഫ്ലൈറ്റിൽ വച്ചായിരുന്നു അടുത്ത ട്വിസ്റ്റ്. പാമിനെ വിവാഹ വേഷത്തില്‍ കണ്ട സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റ് ക്യാപ്റ്റന്‍ ഗില്‍ ഇവരോട് കുശലാന്വേഷണം നടത്തി. പാം കഥയെല്ലാം പറഞ്ഞു. തീരുമാനിച്ചിരുന്ന സമയപ്രകാരം ആണെങ്കിൽ വിമാനത്തിൽ വിവാഹം ചെയ്യേണ്ടി വരുമെന്നും പാം തമാശയായി പറഞ്ഞു. എന്നാൽ പാമിന്‍റെ തമാശ ക്യാപ്റ്റല്‍ ഗില്‍ കാര്യമായെടുത്തു. ‘അതിനെന്താ, നമുക്ക് വിമാനത്തിൽ വിവാഹം നടത്തിയേക്കാം’ എന്നായിരുന്നു മറുപടി. തുടർന്ന് വിമാനത്തില്‍ വിവാഹത്തിനുള്ള തയാറെടുപ്പ നടത്താൻ ഗിൽ സഹപ്രവർത്തകർക്ക് നിര്‍ദേശം നൽകി. 

wedding-flight-2
Image Credits : Southwest Airlines / Facebook

ടോയ്‌ലറ്റ് പേപ്പറുകള്‍ ചില്ലറ അലങ്കാര പണികള്‍ക്കായി ഉപയോഗിച്ചപ്പോള്‍ സ്നാക്സ് പായ്ക്കറ്റുകള്‍ വിവാഹത്തിന്റെ കാർമികന്‍ ക്രിസിന്റെ അരപ്പട്ടയായി. ഫ്ലൈറ്റ് അറ്റന്‍റര്‍ ജൂലി പാമിന്‍റെ മെയ്ഡ് ഓഫ് ഓണറായി. യാത്രക്കാരില്‍ ഒരാൾ പ്രഫഷനല്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. അദ്ദേഹം ഇവരുടെ വിവാഹ ചിത്രങ്ങളെടുത്തു. മറ്റൊരു യാത്രികൻ തന്‍റെ പഴയൊരു നോട്ട് ബുക്കില്‍ ഫ്ളൈറ്റിലെ യാത്രക്കാരുടെ ആശംസകൾ എഴുതി വാങ്ങി ഗസ്റ്റ്ബുക്ക് ഒരുക്കി. അങ്ങനെ സഹയാത്രികരും ഫ്ലൈറ്റ് ജീവനക്കാരും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും സ്ഥാനത്തുനിന്ന് പാമിന്‍റെയും ജെറമിയുടെയും വിവാഹം നടത്തി.

ഏപ്രില്‍ 29ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് അവരുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച വിവാഹ വാര്‍ത്ത വൈറലായി. ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നും വിവാഹം നടത്തിയ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനം അറിയിച്ചും നിരവധി കമന്റുകളാണ് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com