വിവാഹദിനത്തിൽ നയൻതാരയുടെ ‘തലൈവി സ്റ്റൈൽ’; പിന്നിൽ മോനിക്കാ ഷാ

HIGHLIGHTS
  • നയൻതാരയുടെ സാരി ഡിസൈനിങ് പൂർണമായും മോനിക്ക ഷായാണ് ചെയ്തത്
monica-shah-nayanthara-s-wedding-stylist
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

കാത്തിരുന്ന കല്യാണം! വിവാഹദിനത്തിൽ ലേഡി സൂപ്പർസ്റ്റാർ അണിഞ്ഞൊരുങ്ങുന്നത് എങ്ങനെയാകും എന്നറിയാൻ കണ്ണുനട്ടിരുന്ന ഫാഷൻപ്രേമികൾ. തലൈവിയെ വിവാഹവേഷത്തിൽ കാണാൻ ആഗ്രഹിച്ച ആരാധകർ. മലയാളി മങ്കയോ തമിഴ്പ്പൊണ്ണോ അതുമല്ലെങ്കിൽ പുതുമകളുടെ രാജകുമാരിയോ? നയൻ–വിക്കി വിവാഹ ചിത്രം പുറത്തുവരുന്നതു കാത്തിരുന്നവർക്കു മുന്നിൽ പ്രതീക്ഷകളേറയുണ്ടായിരുന്നു. പാരമ്പര്യച്ചുവപ്പിൽ പുതുമ ചോരാത്ത സാരിയണിഞ്ഞ്, രാജകീയ പ്രൗഢിയുള്ള മരതകക്കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ ധരിച്ച് വിവാഹവേദിയിലൂടെ നയൻസ് നടന്നെത്തുമ്പോൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നത് വിക്കി മാത്രമാകില്ലെന്നുറപ്പ്. 

പേസ്റ്റൽ നിറമോ, കുങ്കുമച്ചുവപ്പോ? 

നയൻതാരയുടെ വിവാഹവസ്ത്രവും നിറവുമായിരുന്നു ഫാഷൻ പിന്തുടരുന്നവർക്കുണ്ടായിരുന്ന വലിയ ആകാംക്ഷ.  അടുത്തിടെ വിവാഹിതയായ ബോളിവുഡ് താരം ആലിയ ഭട്ട് ഉൾപ്പെടെയുള്ളവരുടെ വെഡ്ഡിങ് ഔട്‌ഫിറ്റ് തിരഞ്ഞെടുപ്പ് പേസ്റ്റൽ നിറങ്ങളായതോടെ ഇത്തവണ വിവാഹസീസണിൽ ട്രെൻഡ് ആയിരുന്നത് ഇളം നിറങ്ങളാണ്. നയൻതാര ഏതു നിറം തിരഞ്ഞെടുക്കും എന്നു കാത്തിരുന്നവർക്കു മുന്നിൽ പരമ്പരാഗത നിറമായ ചുവപ്പ് അണിഞ്ഞെത്തുകയായിരുന്നു താരം. വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിനും മറ്റു സജ്ജീകരങ്ങൾക്കുമായി രംഗത്തുണ്ടായത് ബോളിവുഡ് സ്റ്റൈലിസ്റ്റ് ഷലീന നതാനിയുടെ നേതൃത്വത്തിലുള്ള മുൻനിര ടീം. കാനിൽ ദീപിക പദുക്കോണിനെ സാരിയുടുപ്പിച്ച ഡോളി ജെയിൻ ആണ് നയൻതാരയെ വിവാഹസാരി ധരിപ്പിച്ചത്. അമിത് താക്കുറിന്റെ ഹെയർസ്റ്റൈലും പുനീത് സെയ്നിയുടെ മേക്കപ്പും ചേർന്നപ്പോൾ താരം അതിസുന്ദരിയായി. 

monica-shah-nayanthara-s-wedding-stylist1
മോനിക്കാ ഷാ. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

ആരാണ് മോനിക്കാ ഷാ ?

ബോളിവുഡ് താരങ്ങളുടെ വിവാഹവസ്ത്രം ഒരുക്കുന്ന പ്രശസ്ത ഡിസൈനർമാരാകുമോ നയൻതാരയുടെ വസ്ത്രമൊരുക്കുക എന്ന ചോദ്യത്തിനു മുന്നിൽ വലിയൊരു സർപ്രൈസ് ആയി താരത്തിന്റെ തീരുമാനം. സബ്യസാചിയോ മനീഷ് മൽഹോത്രയോ ആകും താരസുന്ദരിയുടെ ഡിസൈനർ എന്ന പ്രവചനം തെറ്റി. ഇരട്ട ഡിസൈനർമാരായ കരിഷ്മയുടെയും മോനിക്കയുടെയും ജേഡ് എന്ന ലേബലിന്റെ വധുവായാണ് നയൻസ് എത്തിയത്. വരൻ വിഘ്‌നേഷ് ധരിച്ചതു തമിഴ് പാരമ്പര്യ വസ്ത്രങ്ങളാണെങ്കിലും ആ വേഷ്ടി, കുർത്ത, ഷാൾ തിരഞ്ഞെടുപ്പിലും ജേഡ് ബൈ എംകെയുടെ ഡിസൈനർ സ്പർശമുണ്ടായിരുന്നു. നയൻതാരയുടെ സാരി ഡിസൈനിങ് പൂർണമായും മോനിക്ക ഷായാണ് ചെയ്തത്.

എന്തുകൊണ്ടാകും നയൻതാര വിവാഹവസ്ത്രമൊരുക്കാൻ മോനിക്കയെ തന്നെ കണ്ടെത്തിയത്. ഇതിനുള്ള ഉത്തരം ഒരുപക്ഷേ ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന മറ്റൊരു ബോളിവുഡ് വിവാഹമാകും. നടനും സംവിധായകനും പാട്ടുകാരനുമായ ഫർഹാൻ അക്തറും നടിയും ഗായികയുമായ ശിബാനി ദാണ്ഡേകരും വിവാഹിതരായപ്പോൾ ഏറെ ശ്രദ്ധനേടിയത് ശിവാനിയുടെ വ്യത്യസ്തമായ വിവാഹവസ്ത്രമാണ്. എല്ലാ പതിവുകളെയും തെറ്റിച്ച അതിമനോഹമരമായ കുങ്കുമച്ചുവപ്പുള്ള ഗൗൺ ആണ് നവവധു ശിബാനിക്കായി ഡിസൈനർ മോനിക്കാ ഷാ ഒരുക്കിയത്. പരമ്പരാഗത നിറവും എന്നാൽ പുതുമയൊട്ടും ചോരാതെയുള്ള ഡിസൈനും. അന്ന് ശിബാനിയുടെ വെഡ്ഡിങ് ഗൗൺ കണ്ടവരെല്ലാം അതു മനസ്സിൽ സൂക്ഷിച്ചുകാണും, നയൻസും! 

മോനിക്കയുടെയും കരിഷ്മയുടെയും ബ്രാൻ‍ഡായ ജേഡിന്റെ സിഗ്നേച്ചർ നിറം ‘വെർമിലിയൻ റെഡ്’ എന്ന കുങ്കുമച്ചുവപ്പാണ് വിവാഹ സാരിക്കായി നയൻതാര തിരഞ്ഞെടുത്തത്. എന്നാൽ നിറത്തിൽ മാത്രമാണ് പാരമ്പര്യ സ്പർശം കൊണ്ടുവന്നത്. ഡിസൈനിലും അലങ്കാരത്തുന്നലിലുമെല്ലാം ‘തലൈവി സ്റ്റൈൽ’ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. കുങ്കുമച്ചുവപ്പ് സാരിയിൽ അതേ നിറത്തിൽ നിറഞ്ഞ അലങ്കാരത്തുന്നലുകളിൽ കണ്ടത് ഹോയ്സാല ക്ഷേത്രത്തിലെ ചിത്രപ്പണികൾ. ഫുൾ സ്‌ലീവ് ബ്ലൗസിലെ സ്ലീവുകളിൽ തുന്നിയെടുത്തത് ലക്ഷ്മിദേവിയുടെ മോട്ടിഫ്. ഏഴു വർഷത്തെ പ്രണയം സഫലമാകുമ്പോൾ വിവാഹവസ്ത്രത്തിലും ഇരുവരുടെയും പേരുകൾ ഒരുമിച്ചു വരണമെന്ന നയൻസിന്റെ ആഗ്രഹവും സാരിയിൽ ഉൾപ്പെടുത്തി. ഇതിനൊപ്പം നീളൻ വെയ്‌ൽ കൂടി ചേർത്താണ് മോനിക്ക ഷാ വിവാഹസാരി വ്യത്യസ്തമാക്കിയത്.

വശ്യം മരതകം

കടുംചുവപ്പ് സാരിക്കൊപ്പം താരം ധരിച്ച മരതകക്കല്ലുള്ള ആഭരണങ്ങളാണ് ഫാഷൻപ്രേമികളുടെ ശ്രദ്ധ കവർന്നത്. മുംബൈയിലെ ‘ഗോയെങ്ക ഇന്ത്യ’യുടെ സിഗ്നേച്ചർ ആഭരണമായ സാംബിയൻ എമറാൾഡ് ചോക്കർ, റഷ്യൻ ടംബിൾ നെക്‌ലേസ്, അവരുടെ തന്നെ സിഗ്നേച്ചർ ഐറ്റമായ സത്‌ലട എന്ന ഏഴു നിരയുള്ള പോൽക്കി ഡയമണ്ട് റോസ് കട്ട് മാല എന്നിവ നയൻതാരയ്ക്ക് രാജകീയ പ്രൗഡിയേകി.

English Summary : Monica Shah - Nayanthara's wedding stylist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS