ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു; കാത്തിരിപ്പ് 5 വര്‍ഷം; ഇന്തൊനീഷ്യക്കാരി കേരളത്തിന്റെ മരുമകളായി

SHARE

മറ്റൊരു രാജ്യത്തെ സുഹൃത്തിന്റെ സുഹൃത്തുമായി പ്രണയത്തിലാവുക. നേരിട്ട് കാണാതെ അഞ്ചു വർഷം പ്രണയിക്കുക. ഒടുവിൽ ജീവിതസഖിയാക്കുക. മേലാറ്റൂർ സ്വദേശി ആകാശ് എസ്.മാധവന്റെ പ്രണയകഥ ഹൃദ്യമാണ്. പ്രണയത്തിന് അതിർത്തികളോ പരിമിധികളോ ഇല്ലെന്ന് ഓർമിപ്പിച്ചാണ് ഇന്തൊനീഷ്യക്കാരി ദേവി സിതി സെന്ദരി മലപ്പുറം മേലാറ്റൂര്‍ സ്വദേശി ആകാശിന്റെ ജീവിത സഖിയായത്. പൊക്കം കുറഞ്ഞവരുടെ ഒളിംപിക്സിലെ മെഡൽ ജേതാവായ ആകാശ് തന്റെ പ്രണയകഥ മനോരമ ന്യൂസിനോട് പങ്കുവച്ചതിങ്ങനെ;

ഉയരം കുറഞ്ഞവരുടെ വേൾഡ് ഗെയിംസിൽ പങ്കെടുക്കാൻ പോയപ്പോൾ മെർലിൻ എന്നൊരു കായികതാരത്തെ പരിചയപ്പെട്ടു. ഗെയിംസ് കഴിഞ്ഞശേഷം സമൂഹമാധ്യമങ്ങളിലൂടെ മെർലിനുമായുളള സൗഹൃദം തുടർന്നു. ആകാശിന്റെ പോസ്റ്റുകളിൽ ചിലത് മെർലിൻ ഷെയർ ചെയ്യാറുണ്ട്. ഇതു കണ്ടാണ് മെർലിന്റെ കൂട്ടുകാരിയായ ദേവി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. മെര്‍ലിനോട് ചോദിച്ചപ്പോൾ സഹപാഠിയാണെന്നും സുഹൃത്താക്കിക്കോളൂ എന്നുമായിരുന്നു മറുപടി.  അങ്ങനെ ആകാശും ദേവിയും സുഹൃത്തുക്കളായി. പരസ്പരം സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. ഇങ്ങനെ സൗഹൃദം ശക്തമാവുകയും ഇതു പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇപ്പോൾ 5 വർഷമായി. ഇതിനിടയിൽ നേരിട്ട് കാണാൻ ഒരിക്കലും സാധിച്ചില്ല. 2020 ൽ ഇന്തൊനീഷ്യയിൽ പോയി കാണാൻ അവസരമുണ്ടായെങ്കിലും കോവിഡ് വില്ലനായി. 

ഇതിനിടയിൽ മാതാപിതാക്കളുമായി വിവാഹക്കാര്യം സംസാരിച്ചു തുടങ്ങി. കോവിഡ് പ്രശ്നങ്ങൾ തീർന്നു വിവാഹം നടത്താമെന്നും തീരുമാനിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ദേവിയുടെ അച്ഛൻ സുഹർടോയോ, അമ്മ സിതി സരഹ് എന്നിവർ പങ്കെടുത്തു. ചില തിരക്കുകൾ ദേവിയുടെ സഹോദരങ്ങൾക്ക് എത്തനായില്ല. ഒരാഴ്ച മുമ്പ് ആകാശ് ഇന്തൊനീഷ്യയിലേക്ക് പോവുകയും ദേവിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുകയും ചെയ്തു. ഇവിടുത്തെ കല്യാണം വളരെ വലിയ ചടങ്ങാണ്. ഇന്തൊനീഷ്യയിൽ വിവാഹത്തിന് ആളുകൾ വരുമെങ്കിലും ഇത്രയധികം പേർ ഉണ്ടാകില്ല. ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷം. വിവാഹശേഷം ഇവിടെ ജീവിക്കാനാണ് തീരുമാനമെന്നും ദേവി പറഞ്ഞു.

malappuram-akash-devi

ആകാശ് 2013ൽ വേൾഡ് ഡ്വാർഫ് ഗെയിംസിൽ ഷോർട്പുട്ടിൽ വെള്ളിയും ഡിസ്ക്ത്രോയിൽ വെങ്കലവും നേടി. 2017ൽ ജാവലിൻ ത്രോയിൽ വെങ്കലം നേടി. 2024ലെ ഗെയിംസിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. പെരിന്തൽമണ്ണയിൽ ആയുർവേദിക് സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ ബിസിനസാണ്. ബിജെപിയുടെ മലപ്പുറം ജില്ലാ സ്പോർട്സ് സെൽ കൺവീനർ കൂടിയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകാശ് സ്ഥാനാർഥിയായിരുന്നു. ദേവി ഇന്തൊനീഷ്യയില്‍ നിർമാണ മേഖലയിലുള്ള കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു. കേരളത്തിൽ താമസമാക്കാൻ തീരുമാനിച്ചതിനാൽ ജോലി രാജിവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS