‘കേരളം സുന്ദരം, ആളുകൾ നല്ലവർ’; മരുമകളായെത്തി മൊറോക്കൻ സുന്ദരി: വിഡിയോ

moroccan-girl-married-to-kerala-man-after-6-years-loves
SHARE

കടുത്തുരുത്തി പെരുവ തെക്കേക്കാലായിൽ മാത്യൂസിന്റ വധുവായി മൊറോക്കൻ വംശജ കൗതർ ഇമാമി. തലയോലപറമ്പ് സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മൊറോക്കയിലെ കാസാ ബ്ലാക്ക സ്വദേശിനിയായാണ് കൗതർ. അറ്റ്ലാന്റാ എയർലൈൻസിൽ ജീവനക്കാരായ ഇരുവരും സൗദിയിലാണ് താമസം. ആറു വർഷമായി പ്രണയത്തിലായിരുന്നു. 

ആദ്യമായാണ് കൗതർ കേരളത്തിലെത്തുന്നത്. കേരളം സുന്ദരമാണെന്നും ആളുകൾ നല്ലവരാണെന്നും കൗതർ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ‘‘എല്ലാവരും വളരെ നന്നായാണ് പെരുമാറുന്നത്. കേരളത്തിന്റെ പാരമ്പര്യവും ഭക്ഷണവും പ്രകൃതിഭംഗിയും ഗംഭീരമാണ്. ഇതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്. ഞാന്‍ വളരെ സന്തോഷവതിയാണ്. ഇതുപോലൊരു വിവാഹമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്’’– കൗതർ പറഞ്ഞു.

ബിസിനസുകാരനായ അഹമ്മദ് ഇമാമിയും പരേതയായ സുബൈദയുമാണ് കൗതറിന്റെ മാതാപിതാക്കൾ. സാങ്കേതിക തടസങ്ങൾ മൂലം വധുവിന്റെ നാട്ടിൽനിന്ന് ആർക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ല. 2016ലാണ് മാത്യൂസ് കൗതറിനെ പരിചയപ്പെടുന്നത്. സഹപ്രവർത്തകർ എന്ന നിലയിലുള്ള പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറുകയായിരുന്നുവെന്ന് മാത്യൂസ് പറയുന്നു. ഇതിനു മുമ്പ് കൗതറിനെ കേരളത്തിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം അതിനു സാധിച്ചില്ല. കൗതറിന്റെ വീട്ടുകാർ പൂർണ പിന്തുണയാണ് നൽകിയതെന്നും ഇന്ത്യൻ സംസ്കാരത്തോട് അവിടെയുള്ളവർക്ക് വലിയ താൽപര്യമാണെന്നും മാത്യൂസ് പറഞ്ഞു. 

പൊതുപ്രവർത്തകനായ രാജു തെക്കേക്കാലയും ആലീസുമാണ് മാത്യൂസിന്റെ മാതാപിതാക്കൾ. ആർഭാടം വേണ്ടെന്ന് ഇവർ തീരുമാനിച്ചതോടെയാണ് റജിസ്റ്റർ വിവാഹം എന്ന തീരുമാനത്തിലെത്തിയത്. പൊതി സേവാഗ്രാമിലെ അനാഥ കുട്ടികൾക്കും പ്രായമായവർക്കും ഒപ്പമായിരുന്നു തുടർന്നുള്ള വിവാഹസൽക്കാരം.

MORE IN WEDDING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA