അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഒരു വിവാഹം ശ്രദ്ധേയമായത് ഇന്ത്യക്കാരനായ വരന്റെ കൂട്ടുകാരന്മാരുടെ വേഷം കൊണ്ടാണ്. വധുവിനൊപ്പം പട്ടുസാരി ധരിച്ചാണ് ഇവർ എത്തിയത്. കൂട്ടുകാരെ ഈ വേഷത്തിൽ കണ്ട വരന്‍ അമ്പരക്കുന്നതും ചിരിക്കുന്നതും പാരഗൺ ഫിലിംസ് ആണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
വധുവിനെ കാത്തു നിൽക്കുകയായിരുന്നു വരൻ. എന്നാൽ ചിക്കാഗോയിലെ തെരുവിലൂടെ സാരി ധരിച്ച് എത്തിയത് വധു മാത്രമായിരുന്നില്ല. തന്റെ ‘ബെസ്റ്റ് മെൻ’ ആകേണ്ടിയിരുന്ന രണ്ടു പേരും കൂടിയായിരുന്നു. ഇതുകണ്ട് വരന് ചിരിയടക്കാനായില്ല. വരൻ ഇവരെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നു. ഇതെല്ലാം മാറി നിന്നു കാണുന്ന വധുവും വിഡിയോയിലുണ്ട്. മുണ്ടും വേഷ്ടിയുമാണ് വരന്റെ വേഷം. വരന്റെ സുഹൃത്തുക്കളെ ഒരു സ്ത്രീ സാരി ഉടുപ്പിക്കുന്നതും വിഡിയോയിലുണ്ട്.
കൂട്ടുകാരന്റെ വിവാഹദിനം ഇവര്‍ രസകരമാക്കിയെന്നാണ് കമന്റുകൾ. ജെൻഡർ സങ്കൽപങ്ങളെ പൊളിച്ചെഴുതാൻ ഇത്തരം സംഭവങ്ങൾ സഹായിക്കുമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. എന്തായാലും ഹൃദ്യമായ ഈ വിഡിയോ നിരവധി കാഴ്ചക്കാരെ നേടി.