മക്കൾ ഉപേക്ഷിച്ച 70കാരനും 65കാരിയും വിവാഹിതരായി
Mail This Article
ഒഡീഷയിലെ ഗോഗ്വാ സ്വദേശികളായ 70കാരൻ ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലും വിവാഹിതരായി. മക്കൾ ഉപേക്ഷിച്ചതോടെയാണ് പരസ്പരം താങ്ങും തണലുമാകാൻ ഇവർ തീരുമാനിച്ചത്. പ്രദേശത്തെ ജഗന്നാഥ് ക്ഷേത്രത്തിൽ വച്ച് ഡിസംബർ 5ന് ആയിരുന്നു വിവാഹം.
നാലു വർഷം മുമ്പാണ് തേജസ്വനിയുടെ ഭർത്താവ് മരിച്ചത്. മൂന്ന് മക്കൾ ഉണ്ട്. എന്നാൽ ഇവർ തേജസ്വനിയെ ഗ്രാമത്തിൽ തനിച്ചാക്കി നഗരങ്ങളിലേക്ക് ചേക്കേറി. വാർധക്യത്തിന്റെ അവശതകൾക്കൊപ്പം ഒറ്റപ്പെടലും തേജസ്വനിയെ തളർത്തി. മക്കളാൽ അവഗണിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് വിഭാര്യനായ മിശ്രയും കടന്നു പോയിരുന്നത്.
ഗ്രാമത്തിൽ മൺപാത്രങ്ങൾ വിറ്റിരുന്ന തേജ്വസനിയെ മിശ്ര പരിചയപ്പെടുകയും പിന്നീട് വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു. പരസ്പരം താങ്ങും തണലുമാകാമെന്ന മിശ്രയുടെ നിർദേശത്തിന് തേജസ്വനി സമ്മതം അറിയിച്ചതോടെ വിവാഹം നടന്നു.
ഇവരുടെ വിവാഹചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ വൈറലാണ്. നവദമ്പതികൾക്ക് സ്നേഹവും പിന്തുണയും അറിയിച്ച് നിരവധി സന്ദേശങ്ങള്‍ വരുന്നു.